നയതന്ത്രമാണ് ശൈലി, ആത്മവിശ്വാസം കൈമുതലും

Posted on: March 15, 2019 10:48 am | Last updated: March 15, 2019 at 10:48 am
ശശി തരൂർ

ലോകത്തെ തന്നിലൂടെ നടത്തുക. അപൂർവമാണിങ്ങിനെയൊന്ന്. അസാമാന്യ മിടുക്കുണ്ടെങ്കിലെ കഴിയൂ. അങ്ങനെയുള്ള മലയാളികളെ കുറിച്ചെഴുതിയാൽ ആദ്യ പത്തിൽ കണ്ണും പൂട്ടിയെഴുതാം, ഡോ. ശശി തരൂർ എം പി. നാവുളിക്കി വാക്കുകളിലൂടെ സാമൂഹിക മാധ്യമങ്ങളെ ഞെട്ടിക്കുന്നതാണ് പുതിയ രീതി. “ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷൻ’ എന്ന ഒരൊറ്റ ട്വീറ്റ് കണ്ട് ഇ- ലോകം അന്തംവിട്ടു. അർഥം ചമക്കാൻ നിഘണ്ടുകൾ മാറിമാറി പരതിയതല്ലാതെ പൊരുൾ മാത്രം തിരിഞ്ഞില്ല. “ദ പാരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി’ എന്ന തരൂരിന്റെ പുതിയ പുസ്തകം അവതരിപ്പിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. അന്തം വിട്ടിരുന്നവരുടെ മുന്നിലേക്ക് അതിലും വലിയ “ഹിപ്പപ്പൊട്ടോമോൺസ്‌ട്രോസെസ്‌ക്വിപെഡലിയോഫോബിയ’ എന്ന വാക്കുപയോഗിച്ച് ക്ഷമ ചോദിക്കുക കൂടി ചെയ്തതോടെ സാമൂഹിക മാധ്യമം മൂക്കത്ത് വിരൽവെച്ചു.
തരൂർ എന്തുപറഞ്ഞാലും ഇന്ന് വാർത്തയാണ്. ദേശീയതലത്തിൽ ചലനമുണ്ടാക്കുന്നത്. ചിലപ്പോൾ വിവാദമായിരിക്കാം. പക്ഷേ, ഉൾക്കാമ്പ് കൊണ്ട് ഉള്ളുലക്കുന്ന യാഥാർഥ്യങ്ങളാണേറെയും. ഒരു ഡിപ്ലോമറ്റ് രാഷ്‌ട്രീയത്തിലേക്ക് വേഷപ്പകർച്ച നടത്തിയപ്പോൾ സംശയത്തോടെ നോക്കിനിന്നവരുണ്ട്. പത്ത് വർഷത്തെ രാഷ്‌ട്രീയ ജീവിതം കൊണ്ടായിരുന്നു മറുപടി.
വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നതാണ് രീതി. ഐക്യരാഷ്‌ട്ര സഭയുടെ സെക്രട്ടറി ജനറലായി മത്സരിക്കാനിറങ്ങിയതും തിരുവനന്തപുരത്ത് നിന്ന് പാർലിമെന്റിലേക്ക് മത്സരിച്ചതിലും പ്രകടമായത് ഈ ആത്മവിശ്വാസം. പ്രതിസന്ധികളെ ഉൾക്കരുത്തോടെ നേരിടും. പത്ത് വർഷം പിന്തുടർന്ന വിവാദങ്ങളെ അദ്ദേഹം എങ്ങനെ നേരിട്ടെന്ന് നോക്കിയാൽ മതി, ഇക്കാര്യം ബോധ്യപ്പെടും.

സുനന്ദ പുഷ്‌കറുമായുള്ള പ്രണയം, വിവാഹം, മരണം- എല്ലാത്തിലും വിവാദമുണ്ടായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായിരുന്നു സുനന്ദയുടെ മരണം. എന്നിട്ടും തിരഞ്ഞെടുപ്പിൽ തരൂരിനെ തൊടനായില്ല. പാർലിമെന്റിലേക്കുള്ള ആദ്യഊഴത്തിൽ തന്നെ മന്ത്രി. ഐ പി എൽ വിവാദത്തിൽ കുരുങ്ങി പുറത്തേക്ക്. ഫിനിക്‌സ് പക്ഷിയെ പോലെ പുനഃസംഘടനയിൽ തിരിച്ചുവന്നു. മന്ത്രിയായപ്പോൾ ഔദ്യോഗിക വസതിയിൽ കയറാതെ നക്ഷത്ര ഹോട്ടലിൽ താമസിച്ചതും ചെലവുചുരുക്കാൻ ബിസിനസ് ക്ലാസ് യാത്ര ഒഴിവാക്കാനുള്ള നിർദേശത്തെ പരിഹസിച്ചതും വിവാദമായി.
രണ്ടാം തവണ എം പിയായപ്പോൾ മോദിയുടെ സ്വച്ഛ്ഭാരത് ചലഞ്ച് ഏറ്റെടുത്തത് പാർട്ടിക്കും അപ്രിയനായി. താക്കീത് നേരിട്ട തരൂർ പ്രൊഫഷനൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത് രാഹുലിന്റെ പിന്തുണയിൽ തിരിച്ചുവന്നു.
ചൂടും ചൂരുമുള്ള വാക്കുകളും പ്രയോഗങ്ങളുമാണ് ശൈലി. കാമ്പുള്ള എഴുത്തുകാരൻ. എഴുതിയ പുസ്‌തകങ്ങളെല്ലാം ചർച്ചയായി. “ആൻ ഇറാ ഓഫ് ഡാർക്‌നെസ്’ “ദ ഗ്രേറ്റ് ഇന്ത്യൻ നോവൽ’, “പാക്‌സ് ഇൻഡിക്ക’ എന്നിങ്ങനെ ഏറ്റവുമൊടുവിൽ “വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്‌തകം വരെ. എല്ലാം ചൂടപ്പം പോലെ വിറ്റുപോയി. പ്രസംഗവും എഴുത്തും ജീവിതത്തിനൊപ്പമുണ്ട്. 2015ൽ ഓക്‌സ്‌ഫോർഡ് യൂനിയൻ ഡിബേറ്റിൽ നടത്തിയ പ്രസംഗം ഇന്നും യൂട്യൂബിൽ തരംഗം. ഇംഗ്ലണ്ട് മുമ്പ് കോളനികളാക്കി അടക്കി ഭരിച്ചിരുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമോ എന്ന വിഷയത്തിലായിരുന്നു ചർച്ച. ജനാധിപത്യത്തെപ്പറ്റി പ്രസംഗിക്കുന്ന ബ്രിട്ടൻ ഇരുനൂറ് വർഷം ഇന്ത്യക്കാർക്ക് ജനാധിപത്യാവകാശം നിഷേധിച്ച് അടിച്ചമർത്തിയെന്ന് തുറന്നടിച്ചു.

ഹിന്ദുത്വവാദവും വിഭാഗീയതയും പ്രസംഗിച്ച ബി ജെ പിയെ നേരിടാൻ കോൺഗ്രസിന് പലപ്പോഴും തരൂർ തന്നെ വേണ്ടിവന്നു. സംഘ്പരിവാർ വിഭാഗീയതക്കുള്ള ഉത്തരമായിരുന്നു തരൂരിന്റെ “വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്‌തകം. താൻ ഹിന്ദുമത വിശ്വാസിയാണെന്ന് സ്ഥാപിച്ചതിനൊപ്പം വിവിധ ആശയങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കുന്ന മതമാണെന്ന് വിളിച്ചുപറഞ്ഞു. ഹിന്ദുവാണെന്നതിൽ അഭിമാനിക്കുന്നുവെന്ന് പറയുകയും ഹിന്ദുവല്ലാത്തവരെ നിന്ദിക്കുകയും അവരുടെ തലക്കടിക്കുകയും ചെയ്യുന്ന രീതി യഥാർഥ ഹിന്ദുവിന്റെ രീതിയല്ലെന്നും തുറന്നടിച്ചു. ബി ജെ പി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ ഇന്ത്യ “ഹിന്ദു പാക്കിസ്ഥാനാ’കുമെന്ന തരൂരിന്റെ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു.

വീണ്ടും അങ്കത്തട്ടിലേക്ക് ഇറങ്ങുന്ന തരൂരിന് മുന്നിൽ കാര്യങ്ങൾ എളുപ്പമല്ല. ഗോദയിൽ നേരിടാനുള്ളത് രണ്ട് കരുത്തരായ എതിരാളികൾ. സി ദിവാകരനും കുമ്മനം രാജശേഖരനും. സുനന്ദ കേസിൽ ഡൽഹി പോലീസ് പിന്നാലെയുണ്ട്. കരുതലോടെയാണ് ചുവടുകൾ. കണക്കുകൾ പിഴക്കാറില്ല. വരവ് നയതന്ത്ര മേഖലയിൽ നിന്നാകുമ്പോൾ എല്ലാവരെയും കൂടെ നിർത്താനും ഈ നയതന്ത്രം മതിയാകും.

ശശി തരൂർ
ചന്ദ്രൻ തരൂരിന്റെയും ലില്ലി തരൂരിന്റെയും മകനായി 1956 മാർച്ച് ഒന്പതിന് ലണ്ടനിൽ ജനനം. കൊൽക്കത്തയിലും മുംബൈയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു. 2009ലും 2014ലും തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലെത്തി.

പാർലിമെന്റിലെ പ്രകടനം
പങ്കെടുത്ത ചർച്ചകൾ 110
ഉന്നയിച്ച ചോദ്യങ്ങൾ 478
അവതരിപ്പിച്ച സ്വകാര്യ ബില്ലുകൾ 15