ടോം വടക്കന്‍ ബി ജെ പിയില്‍ പോയതില്‍ അത്ഭുതമില്ല: പിണറായി

Posted on: March 14, 2019 9:00 pm | Last updated: March 15, 2019 at 10:20 am

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി ജെ പിയിലേക്കു പോയതില്‍ അത്ഭുതമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് പുതുമയുള്ള കാര്യമല്ല. നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. എ ഐ സി സി വക്താവായിരുന്ന ടോം വടക്കന്‍ ബി ജെ പിയില്‍ ചേര്‍ന്നതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി.

കോണ്‍ഗ്രസ് ബി ജെ പിയുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന് ജനപ്രതിനിധികളായവര്‍ ബി ജെ പിയിലേക്ക് കൂറുമാറുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ചുവെന്ന് കോണ്‍ഗ്രസ് പറയുന്ന ഗുജറാത്തില്‍ തന്നെ നാലോ അഞ്ചോ പേര്‍ ബി ജെ പിയിലേക്ക് പോയിരിക്കുന്നു.
ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്തി വോട്ടര്‍മാര്‍ ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും പിണറായി വ്യക്തമാക്കി.