ആ കുട്ടി കരഞ്ഞത് എന്തിന്? ഫോട്ടോഗ്രാഫര്‍ പറയുന്നു

Posted on: March 14, 2019 2:17 pm | Last updated: March 14, 2019 at 2:46 pm
SHARE
കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് മത്സരത്തിനു ശേഷം ഗ്യാലറിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുടെ കണ്ണ് വെട്ടിച്ച് ഓടി വന്ന് ഗോകുലം എഫ് സി താരം ഇര്‍ഷാദിനെ കെട്ടിപ്പിടിച്ചു കരയുന്ന ബാലൻ ജാസിം ഷാത് • ചിത്രം: ശിഹാബ് പള്ളിക്കൽ

കോഴിക്കോട്: ആ കുട്ടി കരഞ്ഞത് എന്തിന്? ഐലീഗിലെ അവസാന മത്സരത്തിലെ ആ ചിത്രം കണ്ട് പലരും ചോദിച്ച ചോദ്യമായിരുന്നു അത്. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വച്ച് ചിത്രം പകര്‍ത്തിയ സിറാജ് ഫോട്ടോഗ്രാഫര്‍ ശിഹാബ് പള്ളിക്കലിന്റെ ഉത്തരം ഇങ്ങനെയാണ്.

“ഫോട്ടോ പ്രസിദ്ധീകരിച്ചത് മുതല്‍ ആ ചോദ്യം പലരും എന്നോട് ചോദിച്ചിരുന്നു. മത്സര ശേഷം ഗ്രൗണ്ടിലെത്തി ഗോകുലം എഫ്‌സി താരത്തെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന ആ കുട്ടി ജാസിം ഷാദെന്ന എട്ടാം ക്ലാസുകാരനാണ്. ഗോകുലത്തിന്റെ കടുത്ത ആരാധകനാണ് അവന്‍. ഐ ലീഗിലെ അവസാന കളിയില്‍ ഈസ്റ്റ് ബംഗാളിനോട് പൊരുതിത്തോറ്റതിനെ തുടര്‍ന്ന് കളി കഴിഞ്ഞ ഉടനെ താരങ്ങള്‍ പവലിയനിലേക്ക് ഓടിക്കയറിയ സമയത്ത് ഗ്യാലറിയില്‍ നിന്നും അവന്‍ ഓടിയെത്തുകയായിരുന്നു. ഗ്രില്ലിന്റെ അടിയിലൂടെ ഓടിക്കിതച്ചെത്തുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട് ഗോകുലം താരം മുഹമ്മദ് ഇര്‍ഷാദിനെ കെട്ടിപിടിച്ച് അവന്‍ കരഞ്ഞു. ഇര്‍ഷാദിന്റെ ജേഴ്‌സി ചോദിക്കുകയും ചെയ്തു”.

“ഇതിനു മുന്നേയും കളിയുടെ ഹാഫ് ടൈമില്‍ റിസേര്‍വ് താരങ്ങള്‍ പ്രാക്ടിസ് ചെയ്യുമ്പോള്‍ ഇത് പോലെ ജാസിം ഓടി വന്നു താരങ്ങളെ കെട്ടിപിടിച്ചിരുന്നു. ഗോകുലം എഫ് സി യുടെ ഫോര്‍വേഡ് താരം ജെര്‍മെയ്ന്‍ നേരത്തെ ജാസിം ഷാദിന് ജേഴ്‌സി നല്‍കുകയും ചെയ്തിരുന്നു.” തന്റെ ഇഷ്ടടീമാണു ഗോകുലം എഫ് സി എന്നും തോല്‍വിയില്‍ സങ്കടമുണ്ടെന്നും ഈ എട്ടാം ക്ലാസ്സുകാരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here