ഭീഷണിയിലൂടെ ഏത് സംസ്ഥാനത്തേയും വരുതിയിലാക്കാമെന്ന് മോദി കരുതുന്നു: രാഹുല്‍ ഗാന്ധി

Posted on: March 13, 2019 9:52 pm | Last updated: March 14, 2019 at 11:18 am

നാഗര്‍കോവില്‍: ഏത് സംസ്ഥാനത്തേയും ഭീഷണിയിലൂടെ വരുതിയിലാക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരുതുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ ബിജെപിയുമായി സഖ്യത്തിലായ എഐഎഡിഎംകെ സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും രാഹുല്‍ ആരോപിച്ചു.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലെ ഒരു സര്‍ക്കാറിനേയും ഇതിന് മുമ്പ് ഡല്‍ഹിയില്‍നിന്നും നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായിട്ടില്ല. ഭീഷണിയിലൂടെ ഏത് സ്ഥാപനത്തേയും സംസ്ഥാനത്തേയും നിയന്ത്രിക്കാമെന്നാണ് മോദി കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു. താനൊരു കാവല്‍ക്കാരനാണെന്നാണ് മോദി പറയുന്നത്. എന്നാല്‍ സത്യങ്ങള്‍ അദ്ദേഹത്തെ ജയിലിലെത്തിക്കുമെന്ന് റഫാല്‍ കേസ് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. തമിഴ് കവിത ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം.