Gulf
വാഹനത്തിന്റെ ക്രൂയിസ് സംവിധാനം തകരാറിലായി; ഡ്രൈവര്‍ക്ക് തുണയായി റാക് പോലീസ്

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയിലേക്കുള്ള യാത്രാ മധ്യേ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപെട്ട സ്വദേശി പൗരനെ റാക് പോലീസ് രക്ഷപ്പെടുത്തി.
യാത്രാ മധ്യേ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലാകുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7.57 ഓട് കൂടിയാണ് സ്വദേശി പൗരന്റെ ഫോണ്‍ സന്ദേശം ലഭിക്കുന്നത്. വാഹനത്തിന്റെ ക്രൂയിസ് സംവിധാനം തകരാറിലായെന്നും ഗിയര്‍ ന്യൂട്രലില്‍ ആകിയിട്ടും വാഹനം 140 കിലോ മീറ്റര്‍ വേഗതയില്‍ ഓടുകയാണെന്നും അറിയിച്ചായിരുന്നു കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്.
വിവരമറിഞ്ഞയുടനെ പോലീസ് പട്രോള്‍ സംഘങ്ങള്‍ വാഹനം പിന്തുടര്‍ന്നു. മറ്റ് വാഹനങ്ങള്‍ സ്വദേശിയുടെ വാഹനത്തിനടുത്തെത്തുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്ന് റാക് പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് സാം അല്‍ നഖ്ബി പറഞ്ഞു.
സ്വദേശിയെ ഫോണിലൂടെ ബന്ധപ്പെടുകയും വാഹനം നിയന്ത്രിക്കുന്നതിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു.
വാഹനത്തിന്റെ ഹസാര്‍ഡ് ലൈറ്റ് പ്രകാശിപ്പിച്ചു ഗിയര്‍ ന്യൂട്രല്‍ അവസ്ഥയില്‍ തുടര്‍ന്ന് വാഹനത്തിന്റെ സ്റ്റിയറിംഗ് നേരെയാക്കി പിടിക്കാന്‍ പോലീസ് ഫോണിലൂടെ ആവശ്യപ്പെട്ടു. സ്വദേശിയുടെ വാഹനത്തിന്റെ മുന്‍പില്‍ ഒരു പോലീസ് വാഹനം ഓടിക്കുകയും സ്വദേശിയുടെ വാഹനത്തിന്റെ ബ്രേക്ക് ചവിട്ടാന്‍ ആവശ്യപ്പെട്ടു. പോലീസ് വാഹനം അതെ സ്പീഡില്‍ തന്നെ ഓടിക്കുകയും തകരാറിലായ വാഹനത്തിന്റെ മുന്‍പില്‍ വിദഗ്ധമായി ബ്രേക്ക് ചെയ്തു വാഹനത്തെ നിര്‍ത്തുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഹനം കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റ പണികള്‍ തീര്‍ക്കണം. സുരക്ഷിതമായ വേഗതയില്‍ മാത്രമേ വാഹനം ഓടിക്കാവു. വാഹനത്തില്‍ ഇരുന്ന ഉടനെ സീറ്റ് ബെല്‍റ്റ് ധരിക്കണം. എന്തെങ്കിലും അത്യാഹിതങ്ങളോ അത്യാവശ്യങ്ങളോ ഉണ്ടെങ്കില്‍ പോലീസ് എമര്‍ജന്‍സി ഓപറേഷന്‍ റൂമില്‍ ഉടനെ വിവരമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.