അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കേണ്ട: നിലപാട് കടുപ്പിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Posted on: March 13, 2019 3:05 pm | Last updated: March 13, 2019 at 6:03 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് ആവര്‍ത്തിച്ച് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുത്. എന്നാല്‍, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും നിയപരമായ കാര്യങ്ങളും പ്രചാരണ വിഷയമാക്കാം. മതസ്പര്‍ധയോ, ക്രമസമാധാന പ്രശ്‌നമോ ഉണ്ടാക്കുന്ന വിധം ശബരിമല ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവം, മതം, ജാതി എന്നിവയെ പ്രചാരണ വിഷയമാക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന് എതിരാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനിടെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ബി ജെ പി കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്.

മതത്തെയും ദൈവത്തെയും ജാതിയെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നിരിക്കെ ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ തോന്ന്യാസം നോക്കിയിരിക്കില്ല. ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിലെ ലിംഗനീതി ഉന്നയിക്കാമെങ്കിലും ക്ഷേത്രം, മതം, ദൈവം എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ പാടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.