മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം; നിലപാട് ആവര്‍ത്തിച്ച് അമേരിക്ക

Posted on: March 13, 2019 12:36 pm | Last updated: March 13, 2019 at 3:09 pm

വാഷിംഗ്ടണ്‍: മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് അമേരിക്ക. അങ്ങനെ ചെയ്യാതിരിക്കുന്നത് മേഖലയുടെ സ്ഥിരതക്കും സമാധാനത്തിനും ഭീഷണിയാണെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു. ജയ്ഷ്വ മുഹമ്മദ് ഭീകര ഗ്രൂപ്പിന്റെ തലവനായ മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തില്‍ യു എന്‍ രക്ഷാസമിതി തീരുമാനമെടുക്കാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് യു എസ് രംഗത്തെത്തിയത്.

മേഖലയുടെ സുരക്ഷിതത്വത്തിനു വേണ്ടി പൊതുവായ ചില ലക്ഷ്യങ്ങള്‍ യു എസിനും ചൈനക്കമുണ്ടെന്ന് പല്ലാഡിനോ പറഞ്ഞു. നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയ ജയ്ഷ്വയുടെ തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക സാധ്യമല്ലാതെ വരും.

രക്ഷാസമിതി സ്ഥിരാംഗങ്ങളായ യു എസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളാണ് മസ്ഊദ് അസ്ഹറിനെതിരെ പ്രമേയം കൊണ്ടുവരുന്നത്. നേരത്തെ മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന പ്രമേയത്തെ എതിര്‍ത്തത്. അതുകൊണ്ടുതന്നെ ചൈന എന്തു നിലപാടെടുക്കുമെന്നാണ് ഇന്ത്യയുള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.
മസ്ഊദിനെതിരെ ആവശ്യമായ തെളിവുകള്‍ എല്ലാം ഉണ്ടെന്ന നിലപാടാണ് യു എസിന്റെത്. ചൈന നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് യു എസ് സര്‍ക്കാര്‍ പറയുകയും ചെയ്തിരുന്നു.

മസ്ഊദിനെതിരായ പ്രമേയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഈ സാഹചര്യത്തിലാണ് ഇടപെടലുമായി അമേരിക്ക വീണ്ടും രംഗത്തെത്തിയത്.