ആരിഫ് ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകും: വെള്ളാപ്പള്ളി

Posted on: March 13, 2019 11:41 am | Last updated: March 13, 2019 at 1:00 pm

കൊല്ലം: ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥനാര്‍ഥി എം എ ആരിഫിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ ആരിഫ് ജയിച്ചുകഴിഞ്ഞെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നത് ആനയോട് ആട് മത്സരിക്കും പോലെയാണ്. ആരിഫ് ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകും. പേടിച്ചിട്ടാണ് കെ സി വേണുഗോപാല്‍ മത്സരിക്കില്ലെന്ന് പറയുന്നതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്ന തന്റെ പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. അഥവാ മത്സരിക്കണമെങ്കില്‍ ഭാരവാഹികള്‍ സ്ഥാനം രാജിവയ്ക്കണം. എന്‍ഡിഎക്കൊപ്പം നിന്ന് ലോക്‌സഭയില്‍ മത്സരിക്കുന്ന കാര്യം തുഷാര്‍ തന്നോട് അലോചിച്ചിട്ടില്ല. തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ല. അത്തരമൊരു അബദ്ധത്തില്‍ താന്‍ പെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.