രാഹുൽഗാന്ധി ഇന്ന് കേരളത്തിൽ

Posted on: March 13, 2019 9:11 am | Last updated: March 13, 2019 at 12:37 pm

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടമായി ദേശീയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഇന്ന് കേരളത്തിലെത്തുന്നു. മലബാർ ജില്ലകളെ കേന്ദ്രീകരിച്ച് കോഴിക്കോട്ട് നാളെ വൈകുന്നേരം സംഘടിപ്പിക്കുന്ന ജനമഹാറാലി ഉദ്ഘാടനം ചെയ്യും.

ജനമഹാറാലിയുടെ ഉദ്ഘാടനത്തോടെ സംസ്ഥാനത്തെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കും. കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽഗാന്ധി 13ന്‌ ൈവകുന്നേരം തിരുവനന്തപുരത്ത് എത്തും. 14ന് രാവിലെ 10ന് തൃപ്രയാറിൽ നടക്കുന്ന ഫിഷർമാൻ പാർലിമെന്റിൽ പങ്കെടുക്കും. തുടർന്ന് 12.15ന് കണ്ണൂരിലെത്തുന്ന രാഹുൽ രക്തസാക്ഷി ശുഐബിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചതിരിഞ്ഞ് ഒരുമണിക്ക് കാസർകോട് പെരിയയിലെത്തി രക്തസാക്ഷികളായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദർശിക്കും. തുടർന്നാണ് കോഴിക്കോട്ട് ജനമഹാറാലിയിൽ പങ്കെടുക്കുക.
പരിപാടിക്ക് ശേഷം വെകുന്നേരം ഡൽഹിക്ക് തിരിക്കുമെന്നും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

അതേസമയം, സുരക്ഷാ കാരണങ്ങളെ തുടർന്ന് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം റദ്ദാക്കി.നാളെ കോഴിക്കോട്ടെത്തുന്ന രാഹുൽ പുൽവാമയിൽ മരിച്ച സൈനികൻ വസന്തകുമാറിന്റെ വീട് സന്ദർശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വയനാട്ടിലുണ്ടായ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടലിനെ തുടർന്ന് സന്ദർശനം റദ്ദാക്കാൻ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് തീരുമാനം.