ബോയിംഗ് 737 വിമാനങ്ങള്‍ അപകടകാരിയോ? ഇന്ത്യയും പുനഃപരിശോധനക്ക് ഒരുങ്ങുന്നു

Posted on: March 12, 2019 8:47 pm | Last updated: March 12, 2019 at 11:59 pm

ന്യൂഡല്‍ഹി: എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ചതിന് പിന്നാലെ, ബോയിംഗ് 737 വിമാനങ്ങളുടെ സുരക്ഷാ കാര്യത്തില്‍ ആശങ്കയുയരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് ബോയിംഗ് 737 വിമാനങ്ങളാണ് തകര്‍ന്നുവീണത്. 2018 ഒക്‌ടോബറില്‍ ലയന്‍ എയറിന്റെ ബോയിംഗ് 737 വിമാനം ജക്കാര്‍ത്തയില്‍ തകര്‍ന്നുവീണ് 189 പേര്‍ മരിച്ചിരുന്നു. ഇതിന്റെ മുറിവുണങ്ങും മുമ്പാണ് കഴിഞ്ഞ ദിവസം എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഇതേ വിഭാഗത്തില്‍പെട്ട വിമാനം തകര്‍ന്നുവീണത്. സംഭവത്തിന് പിന്നാലെ ചൈന മുഴുവന്‍ ബോയിംഗ് 737 വിമാനങ്ങളുടെയും സര്‍വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഈ നടപടിയിലേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണകൊറിയ, സിംഗപ്പൂർ, ഒമാൻ, ഒാസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ബോയിംഗ് 737 സർവീസുകൾനിർത്തിവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യോമനിരീക്ഷണ ഏജന്‍സികളും ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്.

ഇന്ത്യയും ബോയിംഗ് 737ന്റെ സുരക്ഷാ സ്ഥിതി സംബന്ധിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. എത്യോപ്യന്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിസിഎ കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോയിംഗ് 737 മാക്‌സ് 8 വിമാനം പറത്തുന്ന മുഖ്യപൈലറ്റുമാര്‍ക്ക് 1000 മണിക്കൂറും സഹപൈലറ്റുമാര്‍ക്ക് 500 മണിക്കൂറും വിമാനം പറത്തിയുള്ള പരിചയമുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിജിസിഎ നിര്‍ദേശം നല്‍കിയിരുന്നു.

ബോയിംഗ് 737 -780 ഇനത്തില്‍പെട്ട 17 വിമാനങ്ങളാണ് നിലവില്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യക്ക് പുറമെ ജറ്റ് എയര്‍വേസ്, സ്‌പൈസ് ജെറ്റ് എന്നീ സ്വകാര്യ വിമാനക്കമ്പനികളും ബോയിംഗ് 737 സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ 355 ബോയിംഗ് 737 വിമാനങ്ങള്‍ക്ക് കൂടി വിമാനകമ്പനികള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. സ്‌പൈസ് ജെറ്റ് 205 വിമാനങ്ങള്‍ക്കും ജെറ്റ് എയര്‍വേസ് 150 വിമാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കിയതായാണ് വിവരം.

ആഗോളതലത്തില്‍ 350 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബോയിംഗ് 737ന്റെ നാലാംതലമുറ വിമാനങ്ങളാണ് ബോയിംഗ് 737 മാക്‌സ് എന്നറിയപ്പെടുന്നത്. അപകട സാധ്യത കൂടുതലായതിനാല്‍ ചൈന ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ബോയിംഗ് 737ന്റെ സര്‍വീസ് തല്‍കാലം നിര്‍ത്തിവെച്ചിട്ടുണ്ട്. ഗരുഡ ഇന്തോനേഷ്യ, ഷെന്‍ഴെന്‍ എയര്‍ലൈന്‍സ്, ലയണ്‍ എയര്‍, ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ്, എയര്‍ ചൈന, ഗോള്‍ എയര്‍ലൈന്‍സ്, ഓകേ എയര്‍ലൈന്‍സ്, എയ്‌റോ മെക്‌സിക്കോ തുടങ്ങിയ വിമാനക്കമ്പനികളാണ് ബോയിംഗ് 737 നിലത്തിറക്കിയിരിക്കുന്നത്.

അതേസമയം, 737 മാക്സ് വിമാനങ്ങൾ നിലത്തിറക്കേണ്ട യാതാെരു കാര്യവുമില്ലെന്ന് ബോയിംഗ് വിമാനക്കമ്പനി അധികൃതർ പ്രതികരിച്ചു. എത്യോപ്യൻ വിമാനാപകടത്തെക്കുറിച്ച് കമ്പനി പഠിച്ചുവരികയാണ്. ബോയിംഗ് വിമാനങ്ങളിലെ ഒാട്ടോമാറ്റഡ് ആൻറി സ്റ്റാൾ സംവിധാനം കൂടുതൽ പരിഷ്കരിക്കുന്നതിന് ബോയിംഗ് നടപടി ആരംഭിച്ചതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.