രണ്ടു കോടി തൊഴിലവസരവും ബേങ്ക് അക്കൗണ്ടില്‍ എത്തുമെന്നു പറഞ്ഞ 15 ലക്ഷവും എവിടെ: പ്രിയങ്ക

Posted on: March 12, 2019 7:05 pm | Last updated: March 12, 2019 at 9:15 pm

ഗാന്ധിനഗര്‍: ബി ജെ പി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന രണ്ടുകോടി തൊഴിലവസരവുംഎല്ലാവരുടെയും ബേങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് വാഗ്ദാനം നല്‍കിയിരുന്ന 15 ലക്ഷവും എവിടെയെന്ന ചോദ്യവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ക്കു വേണ്ടി മോദി ഭരണം എന്തു ചെയ്തുവെന്നത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവണം.

ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം അമേത്തിക്കും റായ്ബറേലിക്കും പുറത്ത് പങ്കെടുക്കുന്ന ആദ്യ റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ് പ്രിയങ്ക കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ചത്.

ഭരണഘടനാ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയും പരസ്പര വിദ്വേഷം പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വോട്ട് എന്ന ആയുധം ഫലപ്രദമായി ഉപയോഗിക്കാന്‍ അവര്‍ വോട്ടര്‍മാരെ ആഹ്വാനം ചെയ്തു. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യതയും സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും ഉറപ്പു വരുത്തണം. ഗാന്ധിനഗറില്‍ നടന്ന റാലിയിലാണ് പ്രിയങ്ക കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്.