പുകക്കാനും കടത്താനും തയ്യാർ; എരിഞ്ഞ് തീരുന്നു കൗമാരം

Posted on: March 12, 2019 12:35 pm | Last updated: March 12, 2019 at 12:35 pm

തിരൂർ: പണം മുടക്കിയും ഒരുപാട് മോഹങ്ങൾ ഉള്ളിലൊതുക്കിയും മക്കളെ പഠിപ്പിക്കാനായി അന്യ നാടുകളിലേക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കളെ കണ്ണീരിലാഴ്ത്തി കഞ്ചാവിനടിമകളായി ഭാവി തന്നെ തുലച്ചുകളയുന്ന വിദ്യാർഥികൾ അനുദിനം വർധിക്കുന്നു. നേരത്തെ ക്രിമിനൽ പശ്ചാത്തലമുള്ളവർ മാത്രം കൈവെച്ചിരുന്ന കഞ്ചവ് ബിസിനസിലേക്ക് ഇപ്പോൾ കുട്ടികൾ കടന്നുവന്നു കൊണ്ടിരിക്കുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

ഇന്നലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്ന് വിദ്യാർഥികളെയാണ് കഞ്ചാവുമായി പിടികൂടിയത്. രണ്ട് പേർ ബിരുദം നേടി പി ജിക്ക് പഠിക്കുകയാണ്. മറ്റൊരാളാകട്ടെ ബി ടെക് വിദ്യാർഥിയും. ജാമ്യം ലഭിക്കാവുന്ന അളവിലുള്ള കഞ്ചാവ് മാത്രമേ ഇവരിൽ നിന്ന് പിടികൂടിയിട്ടുള്ളു എങ്കിലും ഇവർ സഞ്ചരിച്ചിരുന്ന ട്രെയിനിൽ നിന്ന് ഒളിപ്പിച്ചുവച്ച രണ്ട് കിലോ കഞ്ചാവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്ന കുട്ടികൾക്കിടയിൽ ഈ സ്വഭാവം വ്യാപിക്കുകയാണ്. പലരും അറിയാതെ പെട്ടുപോയി ഒടുവിൽ സ്ഥിരം ഉപയോക്താക്കളാകുന്നു. പണത്തിന് ആവശ്യം വരുമ്പോൾ ക്യാരിയർ ആയി പ്രവർത്തിക്കാനും ഇവർ തയാറാകുന്നു.

ജൂനിയർ വിദ്യാർഥികളെ ചില കോളജുകളിലെ സീനിയർ വിദ്യാർഥികൾ റാഗിംഗ് രൂപത്തിൽ കഞ്ചാവിന്റെ അടിമകളാക്കാറുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ചാലക്കുടിയിൽ നിന്ന് 42 കിലോ കഞ്ചാവാണ് പിടികൂടിയത്. നേരത്തെ കഞ്ചാവ് കേസുകളിൽപ്പെട്ടവർ നിരീക്ഷണത്തിലായതിനാൽ ലോബികൾ കുട്ടികളെ ഉപയോഗിച്ച് ബിസിനസ് വളർത്തുകയാണ്. അവധി കഴിഞ്ഞ് ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുന്ന വിദ്യാർഥികളെ പ്രലോഭിപ്പിച്ചും പണം നൽകിയും കാരിയർമരാക്കുന്ന രീതിയുമുണ്ട്. കഞ്ചാവ് കൃഷി സജീവമായ ഒറീസ, ആസാം എന്നിവിടങ്ങളിൽ നിന്ന് സംഭരണ കേന്ദ്രമായ തമിഴ്‌നാട്ടിലെത്തിച്ചാണ് ക്യാരിയർമാർ വഴി കേരളത്തിലേക്കും മറ്റും കടത്തുന്നത്.

കഞ്ചാവിന്റെ വ്യാപനം വൻ അപകടത്തിലേക്കാണ് സമൂഹത്തെ നയിക്കുകയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിരന്തരമായ നിരീക്ഷണവും വിദ്യാർഥികൾക്കിടയിൽ ബോധവത്കരണവും ആവശ്യമാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.