Connect with us

Editorial

തിരഞ്ഞെടുപ്പും സാമൂഹിക മാധ്യമങ്ങളും

Published

|

Last Updated

രാജ്യം കാത്തിരുന്ന പ്രഖ്യാപനം വന്നു. 17ാം ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതിയായി. ഏപ്രിൽ 11ന് തുടങ്ങി മെയ് 19ന് അവസാനിക്കുന്ന തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മെയ് 21നായിരിക്കും ഫലപ്രഖ്യാപനം. ഇനി മുതൽ രണ്ടര മാസക്കാലത്തോളം രാജ്യം അതിതീവ്രവായ തിരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ടിംഗ് മെഷീനുകളിൽ വി വി പാറ്റ് ഘടിപ്പിക്കുന്നത് ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പ് വരുത്താൻ കമ്മീഷൻ ഇത്തവണ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബട്ടൻ അമർത്തിയ സ്ഥാനാർഥിക്ക് തന്നെയാണോ വോട്ട് വീണതെന്നറിയാൻ സ്ലിപ്പ് കണ്ട് വോട്ടർമാർക്ക് ബോധ്യപ്പെടാനാണിത്. വോട്ട് ചെയ്തയുടനെ ഏഴ് സെക്കൻഡ് സമയം സ്ലിപ്പ് കാണാം. അതിനിടക്ക് താൻ ഉദ്ദേശിച്ച സ്ഥാനാർഥിക്കു തന്നെയാണോ വീണതെന്ന് വോട്ടർക്ക് ഉറപ്പ് വരുത്താം. പിന്നീട് സ്ലിപ്പ് മുറിഞ്ഞ് മറ്റൊരു പെട്ടിയിലേക്ക് വീഴും. കൃത്രിമം നടന്നിട്ടുണ്ടോ എന്നറിയാൻ വോട്ടെണ്ണൽ വേളയിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു പോളിംഗ് സ്‌റ്റേഷനിലെ സ്ലിപ്പുകൾ എണ്ണിനോക്കുകയും ചെയ്യും. നറുക്കെടുപ്പിലൂടെയായിരിക്കും ഏതുസ്‌റ്റേഷനിലേതാണ് എണ്ണുകയെന്ന് തീരുമാനിക്കുന്നത്. വോട്ടിംഗ് മെഷീനുകൾ കൊണ്ടുപോകുമ്പോൾ സുരക്ഷക്കായി ജി പി എസ് സംവിധാനം ഏർപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഇന്ത്യൻ രാഷ്ട്രീയത്തിലെ കുറ്റവാളികളുടെ സ്വാധീനം കുറക്കുന്നതിനും ചില നിബന്ധനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാർഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ മുഖ്യധാരാപത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും കുറഞ്ഞത് മൂന്ന് തവണയെങ്കിലും അത് പരസ്യപ്പെടുത്തുകയും പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണ വേളയിൽ വെളിപ്പെടുത്തുകയും വേണം. ക്രിമിനൽ പശ്ചാത്തലമില്ലെങ്കിൽ അതും പ്രത്യേകം വ്യക്തമാക്കണം. പത്രങ്ങളിൽ നൽകിയ പരസ്യങ്ങളുടെ ക്ലിപ്പിങ്ങുകൾ സ്ഥാനാർഥികൾ സമർപ്പിക്കേണ്ടതുമാണ്. കഴിഞ്ഞ സെപ്തംബറിൽ സുപ്രീം കോടതിൽ നിന്നുണ്ടായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ ചട്ടങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒക്‌ടോബറിൽ പ്രഖ്യാപിച്ചതാണെങ്കിലും ആദ്യമായി നടപ്പിൽ വരുത്തുന്നത് ഈ തിരഞ്ഞെടുപ്പിലാണ്. കുറ്റകൃത്യങ്ങൾ രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു യോഗ്യതയായി മാറിയ ഇന്നത്തെ സാഹചര്യത്തിൽ ഇതെത്രത്തോളം ഫലം ചെയ്യുമെന്നു കണ്ടു തന്നെ അറിയണം. രാഷ്ട്രീയരംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കാൻ ക്രിമിനലുകളുടെ കടന്നുകയറ്റം തടയാനുള്ള നിയമ നിർമാണം വഴി മാത്രമേ സാധിക്കുകയുള്ളൂ. ഇക്കാര്യം കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും മുഖം തിരിക്കുകയാണുണ്ടായത്.

തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയുടെ പങ്ക് നിർണായകമായിരിക്കും. പത്രങ്ങളിലെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ സ്ഥാനാർഥികൾക്ക് അനുവദിച്ച പ്രചാരണ ചെലവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതിനാൽ പാർട്ടികളും സ്ഥാനാർഥികളും പൂർവോപരി സോഷ്യൽ മീഡിയകളെ ആശ്രയിക്കും. സ്മാർട് ഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വൻവർധനവും ഇന്റർനെറ്റ് ലഭ്യതയിലുണ്ടായ സ്‌ഫോടനാത്മകമായ വളർച്ചയും ഇതൊരു വാട്‌സാപ്പ് തിരഞ്ഞെടുപ്പാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചത് ബി ജെ പിയുടെ സോഷ്യൽ മീഡിയാ വിഭാഗം മേധാവിയാണെന്നത് ശ്രദ്ധേയമാണ്. ഇതു കണ്ടറിഞ്ഞു തന്നെ പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ തോന്നിയതു പോലെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥാനാർഥികൾ ഫെയ്‌സ് ബുക്ക്, ട്വിറ്റർ തുടങ്ങി തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഏതെല്ലാമെന്ന് അറിയിക്കണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.
എന്നാലും, നുണക്കഥകളും വ്യാജവാർത്തകളും വൻതോതിൽ പ്രചരിക്കാതിരിക്കില്ല. രാജ്യത്താകെയുള്ള 9,27,533 പോളിംഗ് ബൂത്തുകളെയും കേന്ദ്രീകരിച്ച് പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പുകൾ തന്നെ ബി ജെ പിക്കുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിൽ ജൂനിയർ ഇന്ദിരാഗാന്ധി എന്ന വിശേഷണം നേടിക്കഴിഞ്ഞ പ്രിയങ്കാ ഗാന്ധി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ അവർക്കെതിരെ ശക്തമായ കടന്നാക്രമണം നടത്താൻ പാർട്ടി പദ്ധതി തയ്യാറാക്കിയതായും റിപ്പോർട്ടുണ്ട്. വാട്‌സാപ്പ് ഉപയോഗിച്ച് വ്യാജവാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിച്ച് വോട്ടുണ്ടാക്കാനുള്ള സംഘ്പരിവാറിന്റ സമർഥമായ നീക്കങ്ങൾക്ക് മുമ്പിൽ വാട്‌സാപ്പിന്റെ വ്യാജവാർത്താ നിയന്ത്രണ സെൽ പോലും ഫലവത്തല്ലെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധരുടെ വെളിപ്പെടുത്തൽ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന പണത്തിന് പരിധിയുണ്ട്. ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 70 ലക്ഷം രൂപയാണ്. ഇതിലും കൂടിയെന്നു കണ്ടാൽ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കാൻ കമ്മിഷന് അധികാരമുണ്ട്. പ്രചാരണ രംഗത്തെ പണത്തിന്റെ ഉപയോഗം നിരീക്ഷിക്കാനായി ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവയലൻസ് ടീം,
വീഡിയോ സർവയലൻസ് ടീം, വീഡിയോ വ്യൂവിംഗ് ടീം, അക്കൗണ്ടിംഗ് ടീം തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഇതൊക്കെ പക്ഷേ, ഏട്ടിൽ മാത്രം. നിയന്ത്രണങ്ങളെയും നിയമങ്ങളെയും കാറ്റിൽ പറത്തി കോടികളായിരിക്കും ഓരോ സ്ഥാനാർഥികൾക്കുമായി വാരിയെറിയുന്നത്. ശതകോടീശ്വരന്മാരാണ് സ്ഥാനാർഥികളിൽ നല്ലൊരു പങ്കും. മുഖ്യപാർട്ടികളെ സഹായിക്കാൻ കോർപറേറ്റുകൾ പണപ്പെട്ടി തുറന്ന് കാത്തിരിപ്പുമാണ്. അധികാരത്തിലിരിക്കുന്ന കക്ഷിയെന്ന നിലയിൽ ബി ജെ പിക്കാണ് കോർപറേറ്റ് സഹായം കൂടുതലായി കിട്ടുന്നത്. കർണാടക തിരഞ്ഞെടുപ്പ് ഫലവും രാജസ്ഥാനിലും മധ്യപ്രദേശിലും അധികാരം പിടിച്ചടക്കിയതും മോദിക്കെതിരായ ജനവികാരം അനുദിനം ശക്തിപ്പെട്ട് വരുന്നതും കോൺഗ്രസിന്റെ വരുമാനം വർധിപ്പിക്കാനും വഴിയൊരുക്കം. ജനാധിപത്യം പണാധിപത്യത്തിന് വഴിമാറികൊടുക്കുന്ന കാഴ്ചയായിരിക്കും ഈ തിരഞ്ഞെടുപ്പിൽ കാണാനിരിക്കുന്നത്.

Latest