മലപ്പുറത്ത് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ തുടങ്ങി

Posted on: March 12, 2019 9:58 am | Last updated: March 12, 2019 at 9:58 am
മലപ്പുറം മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വി പി സാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം എസ് എഫ് ഐ മലപ്പുറത്ത് നടത്തിയ റോഡ് ഷോ

മലപ്പുറം: എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് മലപ്പുറത്ത് തുടക്കമായി. ടൗൺഹാളിൽ നടന്ന പരിപാടി ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. പാർലിമെന്റിൽ മുത്വലാഖ്, പൗരത്വ ബില്ലുകളിൽ പ്രതിഷേധം രേഖപ്പെടുത്താൻ പരാജയപ്പെട്ട ലീഗ് എം പിമാർ ജനങ്ങളോടുള്ള പ്രതിബന്ധത മറന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റം, പെട്രോൾ വിലവർധനവ്, കർഷക ആത്മഹത്യ എന്നീ വിഷയങ്ങളിൽ പ്രതികരിക്കാനും ലീഗ് എം പിമാർ പരാജയപ്പെട്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എ പി അബ്ദുൽ വഹാബ് പറഞ്ഞു.
മോദി സർക്കാറിന്റെ ഭരണത്തെ തുടർന്ന് രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. റാഫേൽ അഴിമതിയടക്കമുള്ള കേസുകൾ അന്വേഷിക്കപ്പെട്ടില്ല. കള്ളപ്പണക്കാർക്കും വർഗീയവാദികൾക്കും വളരാൻ ഇടം നൽകിയത് കോൺഗ്രസിന്റെ ഭരണകാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 സീറ്റ് തികക്കുമോ എന്ന കാര്യത്തിൽ സംശയമാണെന്നും മതനിരക്ഷേപ സർക്കാർ അധികാരത്തിൽ വരണമെങ്കിൽ ഇടതുപക്ഷം വിജയിക്കണമെന്നും വഹാബ് പ്രത്യാശ പ്രകടിപ്പിച്ചു.
സി പി ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മാഈൽ, എൻ സി പി സംസ്ഥാന ട്രഷറർ അഡ്വ. ബാബുകാർത്തികേയൻ, അഡ്വ. സഫറുല്ല, മാത്യു സെബാസ്റ്റ്യൻ, ടി വി വർഗീസ്, കെ ഇ പീറ്റർ, അബ്രാഹം പി മാത്യു, സി പി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, പി പി വാസുദേവൻ സംസാരിച്ചു.

പരിപാടിയുടെ മുന്നോടിയായി മലപ്പുറം മണ്ഡലം സ്ഥാനാർഥി വി പി സാനുവിനെ വഹിച്ചുള്ള എസ് എഫ് ഐ പ്രവർത്തകരുടെ റോഡ് ഷോയും ടൗണിൽ നടത്തി.
കുന്നുമ്മൽ ത്രിപുരാന്തക ക്ഷേത്ര പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് റോഡ്‌ഷോ നടന്നത്.