ബ്രേക്കിംഗ് ! റയലിനെ രക്ഷിക്കാന്‍ വീണ്ടും സിദാന്‍

Posted on: March 11, 2019 11:51 pm | Last updated: March 11, 2019 at 11:53 pm

മാഡ്രിഡ്: ബ്രേക്കിംഗ് ! സിനദിന്‍ സിദാന്‍ വീണ്ടും റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക്. സാന്റിയാഗോ സൊലാരിക്ക് കീഴില്‍ റയല്‍മാഡ്രിഡ് പരിതാപകരമായ നിലയിലേക്ക് വീണതോടെയാണ് റയല്‍ മാഡ്രിഡ് മാനേജ്‌മെന്റ് സിദാനെ തിരികെ കൊണ്ടുവരുന്നത്. റയലിന് തുടരെ മൂന്ന് ചാമ്പ്യന്‍സ് ലീഗ് ട്രോഫി സമ്മാനിച്ച ശേഷമാണ് സിദാന്‍ റയല്‍ വിട്ടത്. ലോകകപ്പില്‍ സ്‌പെയ്‌നിന്റെ കോച്ചായിരുന്ന യുലെന്‍ ലോപെടെഗ്യുവാണ് പിന്നീട് റയലിന്റെ കോച്ചായത്.

റയലുമായുള്ള കരാര്‍ ലോകകപ്പിന് മുമ്പെ നടത്തിയതിനെ തുടര്‍ന്ന് ലോപെടെഗ്യുവിനെ സ്‌പെയിന്‍ ദേശീയ ടീം പുറത്താക്കിയിരുന്നു. ലോപെടെഗ്യുവിന് പക്ഷേ റയലിനെ മികച്ച രീതിയില്‍ കൊണ്ടു പോകാന്‍ സാധിച്ചില്ല. റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരെസ് ലോപെടെഗ്യുവിനെ പുറത്താക്കി സാന്റിയാഗോ സൊലാരിയെ കൊണ്ടു വന്നു. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ആ പരീക്ഷണവും പരാജയമായെന്ന് റയല്‍ തിരിച്ചറിയുകയാണ്. അതാണ് പത്ത് മാസങ്ങള്‍ക്ക് ശേഷം സിനദിന്‍ സിദാനെ തിരികെ കൊണ്ടുവരാന്‍ ക്ലബ്ബ് തീരുമാനിച്ചത്.

സിദാന് പിറകെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ്ബ് വിട്ടതോടെ റയലിന് പ്രതാപം നഷ്ടമായി. സ്പാനിഷ് ലാ ലിഗയില്‍ 27 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 51 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയല്‍. 63 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.
ചാമ്പ്യന്‍സ് ലീഗില്‍ ഡച്ച് ക്ലബ്ബ് അയാക്‌സിനോട് 4-1ന് തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതോടെയാണ് റയലില്‍ പൊട്ടിത്തെറി ആരംഭിച്ചത്. ലാ ലിഗയില്‍ റയല്‍ വല്ലഡോളിഡിനെ 1-4ന് തകര്‍ത്തെങ്കിലും സൊലാരിക്ക് ക്ലബ്ബ് മാനേജ്‌മെന്റില്‍ പിടി നഷ്ടമായിരുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കിയ ജോസ് മൗറിഞ്ഞോയെ വീണ്ടും റയലിന്റെ ഹോട് സീറ്റിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടന്നു. എന്നാല്‍, അപ്രതീക്ഷിതമായി സിദാന്‍ തന്നെ റയലിലേക്ക് തിരിച്ചെത്തുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പകരം ആരെന്ന ചോദ്യം ഇനിയും അവശേഷിക്കുന്നു. സിദാന്റെ ആദ്യ ദൗത്യം ക്രിസ്റ്റിയാനോക്ക് പകരക്കാരനെ കണ്ടെത്തലാകും.