Connect with us

National

അധികാരത്തിലേറിയാല്‍ നോട്ട് നിരോധനത്തില്‍ സമഗ്രാന്വേഷണം: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിലെ ബേങ്കുകള്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷനായ ഗുജറാത്തിലെ ബേങ്ക് അടക്കമുള്ളവയില്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തുക. നോട്ട് നിരോധനം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലില്ലാതായി. ചെറുകിടകച്ചവടക്കാരുടെ നട്ടെല്ലൊടിഞ്ഞു. വമ്പന്‍ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ട് അസാധുവാക്കല്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നോട്ട് അസാധുവാക്കലിന്റെ എല്ലാ വശങ്ങളെപ്പറ്റിയും അന്വേഷണം നടത്തും. അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ സഹകരണ ബേങ്കില്‍ നടത്തിയ നിക്ഷേപം അടക്കമുള്ളവ അന്വേഷിക്കും. നോട്ട് നിരോധനത്തിന് മുമ്പും ശേഷവും ബി.ജെ.പി വാങ്ങിയ വസ്തുവകകളെപ്പറ്റിയും അന്വേഷണം നടത്തും. കള്ളപ്പണം വിദേശരാജ്യങ്ങളില്‍ എത്തിച്ച് വെളുപ്പിക്കാന്‍ നോട്ട് അസാധുവാക്കലിനിടെ എങ്ങനെ സാധിച്ചുവെന്ന് കണ്ടെത്തും. നോട്ട് അസാധുവാക്കല്‍ വന്‍അഴിമതിയാണെന്നും അതിന്റെ എല്ലാ വശങ്ങളെപ്പറ്റിയും അന്വേഷണം നടത്തുമെന്നും ജയറാം രമേശ് പറഞ്ഞു.

Latest