Connect with us

Ongoing News

റമസാനില്‍ വോട്ടെടുപ്പ് വച്ചത് വിവാദമാക്കരുത്; മുസ്‌ലിം സമുദായത്തിന്റെ മികച്ച പങ്കാളിത്തമുണ്ടാകും- ഉവൈസി

Published

|

Last Updated

ഹൈദരാബാദ്: റമസാന്‍ സമയത്ത് തിരഞ്ഞെടുപ്പ് വച്ചത് രാഷ്ട്രീയ പാര്‍ട്ടികള്‍ വിവാദമാക്കരുതെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി.

“വിവാദം അനാവശ്യമാണ്. മുസ്‌ലിങ്ങള്‍ വ്രതമനുഷ്ഠിക്കുകയും അവരുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യും. റമസാന്‍ മാസത്തില്‍ നടക്കുന്ന ജനാധിപത്യ പ്രക്രിയയില്‍ മുസ്‌ലിം സമുദായത്തിന്റെ മികച്ച പങ്കാളിത്തം ഉണ്ടാവുക തന്നെ ചെയ്യും”- ഉവൈസി പറഞ്ഞു.

“മുസ്‌ലിം സമുദായത്തെയും റമസാനെയും അനാവശ്യ വിവാദങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെടുകയാണ്. രാജ്യത്ത് റമസാന്‍ ഏകദേശം മെയ് അഞ്ചിനോട് അടുത്തായിരിക്കും വരിക. രാജ്യത്ത് തിരഞ്ഞെടുപ്പു പ്രക്രിയ നിലവിലെ ലോക്‌സഭയുടെ കാലാവധി കഴിയുന്ന ജൂണ്‍ മൂന്നിനു മുമ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ റമസാന്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത് അനിവാര്യമാണ്. മെയ് അഞ്ചോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുക സാധ്യമല്ല”- ഉവൈസി വിശദമാക്കി.

റമസാന്‍ ദിനങ്ങളില്‍ വോട്ടെടുപ്പ് നടത്തുന്ന സാഹചര്യം മുസലിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയറുമായ ഫിര്‍ഹാദ് ഹക്കീമും റമസാന്‍ മാസത്തിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണമെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമേന്ദ് മിത്രയും ആവശ്യപ്പെട്ടിരുന്നു.

Latest