മോഷ്ടിക്കപ്പെട്ട രാജ്യദ്രോഹം

അഞ്ചാണ്ട് പിന്നിട്ട്, രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അഴിമതി ആരോപണം തന്നെയാണ് മുഖ്യ വിഷയം. ആരോപണം നേരിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എന്ന വ്യത്യാസമുണ്ടെന്ന് മാത്രം. സർക്കാർ സ്വീകരിച്ച നയമനുസരിച്ച് വിഭവങ്ങൾ വിതരണം ചെയ്തതാണ് യു പി എ സർക്കാറിന്റെ കാലത്ത് വലിയ കുംഭകോണ ആരോപണത്തിന് വഴിവെച്ചതെങ്കിൽ റാഫേൽ പോർ വിമാനങ്ങളുടെ കാര്യത്തിൽ സർക്കാർ അംഗീകരിച്ച നയം ലംഘിച്ച് ഇടപാട് നടത്തിയെന്നാണ് ആരോപണം. നയം ലംഘിക്കാൻ നിർദേശം നൽകിയത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നാണ് ഇതിനകം പുറത്തുവന്ന രേഖകൾ തെളിയിക്കുന്നത്. പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിന് 2013ൽ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച നയം ലംഘിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകുന്നത്, പ്രധാനമന്ത്രിയുടെ അറിവില്ലാതെയാകുമോ? പ്രധാനമന്ത്രിയുടെ അറിവില്ലാതെ തീരുമാനമെടുക്കാൻ ആ ഓഫീസ് തയ്യാറാകുന്നുവെങ്കിൽ സ്വന്തം ഓഫീസിനെപ്പോലും വരുതിയിൽ നിർത്താൻ കഴിയാത്ത വ്യക്തിയായി നരേന്ദ്ര മോദി മാറും.
Posted on: March 11, 2019 9:48 am | Last updated: March 11, 2019 at 9:48 am

അഞ്ചാണ്ടു മുമ്പ് രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അധികാരത്തിൽ പത്താണ്ട് പിന്നിട്ട യു പി എ സർക്കാറിനെതിരെ കഠിനമായ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. അതിൽ പ്രധാനപ്പെട്ടവ ടെലികോം, കൽക്കരി എന്നിവയുമായി ബന്ധപ്പെട്ടവയായിരുന്നു. രണ്ടാം തലമുറ മൊബൈൽ സേവനങ്ങൾക്കുള്ള സ്‌പെക്ട്രവും ലൈസൻസും വിതരണം ചെയ്തതിൽ 1.78 ലക്ഷം കോടി രൂപയുടെ നഷ്ടം സർക്കാർ ഖജനാവിനുണ്ടായെന്നാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയത്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യമെന്ന, 2001ൽ എ ബി വാജ്പയി പ്രധാനമന്ത്രിയായിരിക്കെ സ്വീകരിച്ച നയപ്രകാരമാണ് ലൈസൻസുകൾ വിതരണം ചെയ്തത്. ലൈസൻസ് ലഭിച്ചവർക്ക് കുറഞ്ഞ നിരക്കിൽ സ്‌പെക്ട്രം ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തത് മൊബൈൽ സേവനങ്ങൾ രാജ്യത്ത് വ്യാപിപ്പിക്കാനുദ്ദേശിച്ചായിരുന്നു. മത്സരാധിഷ്ഠിത ലേലം നടത്തിയിരുന്നുവെങ്കിൽ സ്‌പെക്ട്രത്തിന് ലഭിക്കുമായിരുന്ന വില കണക്കാക്കിയ സി എ ജി, അതുമായി താരതമ്യം ചെയ്താണ് ഖജനാവിനുണ്ടായ നഷ്ടം കണക്കാക്കിയത്.

കൽക്കരിപ്പാടങ്ങളുടെ വിതരണത്തിന് യു പി എ സർക്കാർ അടിസ്ഥാനമാക്കിയതും, മുൻകാലത്തെ സർക്കാറുകൾ ആവിഷ്‌കരിച്ച നയമായിരുന്നു. അതിലും മത്സരാധിഷ്ഠിത ലേലം നടത്തിയിരുന്നുവെങ്കിൽ സർക്കാർ ഖജനാവിന് ഉണ്ടാകുമായിരുന്ന നേട്ടം സി എ ജി കണക്കാക്കി. ലേലം നടത്താതിരുന്നത് മൂലമുണ്ടായ നഷ്ടത്തിന് യു പി എ സർക്കാറിനെ ഉത്തരവാദിയാക്കി. പ്രകൃതി വിഭവങ്ങൾ, പരമാവധി ചൂഷണം ചെയ്ത് ലാഭമുണ്ടാക്കാൻ ലക്ഷ്യമിടുന്ന വൻകിട കുത്തകകൾക്ക് സൗജന്യ നിരക്കിൽ വിഭവങ്ങൾ നൽകേണ്ടതുണ്ടോ എന്നത് അടിസ്ഥാനപരമായ ചോദ്യമാണ്.

സൗജന്യ നിരക്കിൽ വിഭവങ്ങൾ നേടിയെടുക്കുന്ന കുത്തക കമ്പനികൾ അതിന്റെ ആനുകൂല്യം സാധാരണക്കാരായ ജനങ്ങൾക്ക് കൈമാറുമോ എന്നതും പ്രധാനപ്പെട്ട ചോദ്യംതന്നെ. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സർക്കാറുകളെ നയിക്കാൻ പാകത്തിൽ ജനപിന്തുണ ലഭിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് നൽകേണ്ടത്. കുത്തകകൾക്ക് സൗജന്യനിരക്കിൽ വിഭവങ്ങൾ വിതരണം ചെയ്യണമോ വേണ്ടയോ എന്നതൊക്കെ നയപരമായ തീരുമാനമാണ്. അത്തരം നയങ്ങളുടെ കാര്യത്തിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ കാതലായ വ്യത്യാസം ഇല്ലെന്നതാണ് വസ്തുത. അവ മാത്രമല്ല, ഇന്ത്യാ മഹാരാജ്യത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളും അതിരുകളില്ലാത്ത കമ്പോളവും അതിന് പരമാവധി സ്വാതന്ത്ര്യം അനുവദിക്കുന്നതിലൂടെ ഉടലെടുക്കുന്ന അവസരങ്ങളുടെ വിനിയോഗവുമാണ് മുന്നോട്ടുള്ള വികസനത്തിന്റെ പാതയായി കാണുന്നത്. കമ്പോള നിയന്ത്രിതമായ സമ്പദ് വ്യവസ്ഥ ഇതിനകം പ്രദാനം ചെയ്ത സൗകര്യങ്ങളെ, അവഗണിച്ച് മുന്നോട്ടുപോകാൻ ഈ രാഷ്ട്രീയ സംവിധാനങ്ങൾക്കൊന്നും സാധിക്കില്ല തന്നെ.

നയത്തിൽ വ്യത്യാസമില്ലാത്ത പാർട്ടികൾ, അതിലൊന്ന് മുൻകാലത്ത് ആവിഷ്‌കരിച്ച നയം രണ്ടാമത്തേത് പിന്തുടർന്നപ്പോൾ അഴിമതി ആരോപണവുമായി രംഗത്തുവന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രമുദ്ദേശിച്ചായിരുന്നു. അതിലവർ വിജയം കണ്ടതുകൊണ്ടാണ് 2014 മെയ് അവസാനം നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. അങ്ങനെ മുതലെടുക്കുമ്പോഴും പത്താണ്ട് പ്രധാനമന്ത്രി സ്ഥാനത്തിരുന്ന ഡോ. മൻമോഹൻ സിംഗിനു നേർക്ക്, ജനം വിശ്വസിക്കും വിധത്തിലുള്ള ആരോപണം ഉന്നയിക്കാൻ ബി ജെ പിയ്‌ക്കോ അതിന്റെ പ്രചാരണച്ചുമതല ഏറ്റെടുത്ത് രാജ്യമാകെ സഞ്ചരിച്ച നരേന്ദ്ര മോദിക്കാ സാധിച്ചിരുന്നില്ല. ആരോപണങ്ങളോട് പ്രതികരിക്കുന്നില്ല എന്നോ നിരന്തരം മൗനം പാലിക്കുന്നുവെന്നോ അഴിമതിക്ക് അവസരം നൽകും വിധത്തിൽ ദുർബലനായെന്നോ ഒക്കെയായിരുന്നു ആക്ഷേപങ്ങൾ. അവയോടും പ്രതികരിച്ചിരുന്നില്ല ഡോ. മൻമോഹൻ സിംഗ്. കുറഞ്ഞ നിരക്കിൽ ടെലികോം സേവനങ്ങൾ ജനങ്ങളുടെ പക്കലെത്തിക്കാൻ പാകത്തിലുള്ള നയവും വൈദ്യുതോത്പാദനത്തിന് ചെലവ് കുറയ്ക്കാൻ പാകത്തിൽ കൽക്കരിയുടെ വില കുറയും വിധത്തിലുള്ള നയവും അദ്ദേഹത്തെ സംബന്ധിച്ച് തികച്ചും ശരിയായിരുന്നു. അതുകൊണ്ടു തന്നെ അഴിമതി ആരോപണങ്ങൾ യുക്തിസഹമാണെന്ന് ഡോ. മൻമോഹൻ സിംഗിന് തോന്നിയിട്ടുണ്ടാകില്ല. എന്നാൽ ഇതേ നയങ്ങൾ ശരിയെന്ന് വിശ്വസിക്കുകയും അതിലൊന്നിന്റെ ആവിഷ്‌ക്കർത്താക്കളാകുകയും ചെയ്തവരാണ് അഴിമതി ആരോപണം ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്.
അഞ്ചാണ്ട് പിന്നിട്ട്, രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അഴിമതി ആരോപണം തന്നെയാണ് മുഖ്യ വിഷയം. ആരോപണം നേരിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എന്ന വ്യത്യാസമുണ്ടെന്ന് മാത്രം. സർക്കാർ സ്വീകരിച്ച നയമനുസരിച്ച് വിഭവങ്ങൾ വിതരണം ചെയ്തതാണ് യു പി എ സർക്കാറിന്റെ കാലത്ത് വലിയ കുംഭകോണ ആരോപണത്തിന് വഴിവെച്ചതെങ്കിൽ റാഫേൽ പോർ വിമാനങ്ങളുടെ കാര്യത്തിൽ സർക്കാർ അംഗീകരിച്ച നയം ലംഘിച്ച് ഇടപാട് നടത്തിയെന്നാണ് ആരോപണം. നയം ലംഘിക്കാൻ നിർദേശം നൽകിയത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നാണ് ഇതിനകം പുറത്തുവന്ന രേഖകൾ തെളിയിക്കുന്നത്. പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിന് 2013ൽ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച നയം ലംഘിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകുന്നത്, പ്രധാനമന്ത്രിയുടെ അറിവില്ലാതെയാകുമോ? പ്രധാനമന്ത്രിയുടെ അറിവില്ലാതെ തീരുമാനമെടുക്കാൻ ആ ഓഫീസ് തയ്യാറാകുന്നുവെങ്കിൽ സ്വന്തം ഓഫീസിനെപ്പോലും വരുതിയിൽ നിർത്താൻ കഴിയാത്ത വ്യക്തിയായി നരേന്ദ്ര മോദി മാറും. സകലതും സ്വന്തം നിയന്ത്രണത്തിലാകണമെന്ന് ആഗ്രഹിക്കുന്ന, അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന, കരുത്തനെന്ന് സംഘപരിവാരം വിശേഷിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ പൂർണ നിയന്ത്രണത്തിലായിരുന്നു ഓഫീസെങ്കിൽ അദ്ദേഹത്തിന്റെ നിർദേശങ്ങളാണ് റാഫേൽ ഇടപാടിൽ ആ ഓഫീസ് നടപ്പാക്കിയത്.

റാഫേൽ പോർ വിമാനങ്ങൾ നിർമിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസ്സൗൾട്ട് ഏവിയേഷനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ചകൾ നടത്തുന്നുണ്ടെന്നും അത്തരം ചർച്ചകൾ ഇന്ത്യൻ യൂണിയന്റെ വിലപേശൽ ശേഷിയെ ദുർബലപ്പെടുത്തുമെന്നും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥൻ എഴുതിയ കുറിപ്പ് പുറത്തുവന്നിട്ടുണ്ട്. ദസ്സൗൾട്ട് ഏവിയേഷനുമായുള്ള ചർച്ചയിൽ ഇന്ത്യൻ യൂണിയന്റെ (രാജ്യത്തിന്റെ) വിലപേശൽ ശക്തിയെ ദുർബലപ്പെടുത്തും വിധത്തിൽ പ്രധാനമന്ത്രി ഇടപെട്ടത് എന്തിനു വേണ്ടിയാണ്? ഫ്രഞ്ച് കമ്പനിക്ക് വേണ്ടി ഇന്ത്യൻ യൂണിയന്റെ വിലപേശൽ ശക്തി ഇല്ലാതാക്കുന്നത് രാജ്യ സ്‌നേഹമാണോ? ബാങ്ക് ഗ്യാരണ്ടിയോ ഫ്രഞ്ച് സർക്കാറിന്റെ ഗ്യാരണ്ടിയോ കൂടാതെ ദസ്സൗൾട്ട് ഏവിയേഷനുമായി കരാറുണ്ടാക്കരുതെന്ന നിർദേശം ലംഘിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ്. ഓഫീസ് ഇടപെട്ടെന്ന് പറഞ്ഞാൽ പ്രധാനമന്ത്രി പറഞ്ഞിട്ട് എന്നാണ് അർത്ഥം. നിർദിഷ്ട വ്യവസ്ഥകൾക്കനുസരിച്ച് ഉത്പന്നം വിതരണം ചെയ്യാൻ വിദേശ കമ്പനി തയ്യാറാകുമെന്ന് ഉറപ്പാക്കാൻ തയ്യാറാകാതെ കരാറിലൊപ്പിടാൻ നിർദേശിക്കുന്ന പ്രധാനമന്ത്രി ഏതെങ്കിലും വിധത്തിലുള്ള അഴിമതി കാണിക്കുന്നുണ്ടോ? ഇന്ത്യയുടെ പ്രതിരോധ താത്പര്യങ്ങൾക്ക് ഉതകും വിധത്തിൽ കരാറുണ്ടാക്കണമെന്ന നിർദേശം ലംഘിക്കുന്നത് രാജ്യ സ്‌നേഹമാണോ?
യു പി എ സർക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണയനുസരിച്ച്, 126 റാഫേൽ വിമാനങ്ങൾ വ്യോമസേനക്ക് ലഭ്യമാക്കുന്നതായിരുന്നു കരാർ. 18 എണ്ണം ദസ്സൗൾട്ടിൽ നിന്ന് നേരിട്ട് വാങ്ങും. 108 എണ്ണം ദസ്സൗൾട്ടും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും ചേർന്ന് രൂപീകരിക്കുന്ന സംയുക്ത കമ്പനിയുണ്ടാക്കും. ഇതിൽ മാറ്റം വരുത്തി 36 എണ്ണം മാത്രം വാങ്ങിയാൽ മതിയെന്ന് തീരുമാനിച്ചത് ഇന്ത്യൻ വ്യോമസേനയെ ശക്തിപ്പെടുത്താനാണോ? 126 പോർ വിമാനങ്ങളെങ്കിലും വേണമെന്നായിരുന്നു വ്യോമസേനയുടെ ആവശ്യം. ദസ്സൗൾട്ടിൽ നിന്ന് 36 എണ്ണം വാങ്ങിയാൽ മതിയെന്ന് തീരുമാനിച്ച നരേന്ദ്ര മോദി ബാക്കി 90 എണ്ണം വാങ്ങുന്നതിന് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രഹരശേഷി വർധിപ്പിക്കാനായി വ്യോമസേന ആവശ്യപ്പെട്ട പോർ വിമാനങ്ങൾ വാങ്ങുന്നതിന് നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാറും രാജ്യത്തോട് കൂറുള്ളവരാകുമോ?

അഞ്ച് വർഷം മുമ്പ് നരേന്ദ്ര മോദി, രാജ്യാമാകെ തൊണ്ടകീറിയ അഴിമതി ആരോപണം, പ്രകൃതി വിഭവങ്ങൾ ലേലം ചെയ്തിരുന്നുവെങ്കിൽ ഖജനാവിലേക്ക് കിട്ടുമായിരുന്ന തുക കണക്കാക്കി, അതു നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലിയായിരുന്നു. ഇവിടെ നയവിരുദ്ധമായി കാര്യങ്ങൾ ചെയ്തതിന്റെ, അവ്വിധം ചെയ്യാൻ പ്രധാനമന്ത്രി തന്നെ പ്രേരിപ്പിച്ചതിന്റെ, അതിലൂടെ അധികമായി ചെലവിടേണ്ടി വന്ന തുകയുടെ ഒക്കെ പ്രശ്‌നമാണ്. അതിലുപരി രാജ്യതാത്പര്യങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന്റെ പ്രശ്‌നമാണ്. ആ നിലക്ക് രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. രാജ്യത്തിന്റെ വിലപേശാനുള്ള ശക്തി കുറച്ച്, രാജ്യത്തിന്റെ സമ്പത്ത് വേണ്ടത്ര ഉറപ്പില്ലാതെ വിദേശ കമ്പനിക്ക് കൈമാറാൻ നിശ്ചയിച്ച്, ആവശ്യപ്പെട്ട പോർവിമാനങ്ങൾ വാങ്ങിനൽകാതെ വ്യോമസേനയെ ദുർബലമാക്കി, ആ ദൗർബല്യം തുടരാൻ പാകത്തിൽ പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് നടപടികൾ തുടങ്ങാതെ അങ്ങനെ പലവിധത്തിൽ രാജ്യതാത്പര്യങ്ങളെ ഹനിക്കുന്നത്. രാജ്യതാത്പര്യങ്ങളെ ഹനിക്കുന്നതൊക്കെ രാജ്യദ്രോഹമാണ് (സംഘപരിവാര മാനദണ്ഡങ്ങളനുസരിച്ചാണെങ്കിൽ മാപ്പർഹിക്കാത്ത രാജ്യദ്രോഹം).
റാഫേൽ ഇടപാട് എന്നത് പോർവിമാനത്തിന് വിലയൽപ്പം കൂട്ടി നൽകി ദസ്സൗൾട്ട് ഏവിയേഷന് ലാഭമുണ്ടാക്കിക്കൊടുക്കുകയും അതിന്റെ കമ്മീഷൻ പോക്കറ്റിലാക്കുകയും ചെയ്തതല്ല എന്നർത്ഥം. കമ്മീഷൻ പോക്കറ്റിലാക്കിയിട്ടുണ്ടോ എന്നത് വേറെ അന്വേഷിക്കേണ്ടതാണ്. എച്ച് എ എല്ലിന് പകരം പ്രതിരോധ സാമഗ്രികളുടെ നിർമാണത്തിൽ മുൻപരിചയമില്ലാത്ത അനിൽ അംബാനിയുടെ കമ്പനിയെ ദസ്സൗൾട്ടിന്റെ പങ്കാളിയാക്കിയതിന് അംബാനി സഹോദരൻമാരിൽ നിന്ന് കോഴയായോ സംഭാവനയായോ പണം പറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം. ആ വകകൾക്കും അഞ്ച് വർഷം മുമ്പത്തെ നഷ്ടക്കണക്കിനേക്കാൾ ഗൗരവമുണ്ട്. ഈ സംഘപരിവാർ കാലത്ത്, അതിനേക്കാൾ ഗൗരവമുള്ളത് രാജ്യദ്രോഹമെന്ന ആരോപണത്തിനാണ്.
പ്രധാനമന്ത്രിയെ, ഭരണകൂടത്തെ വിമർശിക്കുന്നത് രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുന്ന ഇക്കാലത്ത്, വിദേശകമ്പനിയുമായുള്ള ഇടപാടിൽ രാജ്യത്തിന്റെ വിലപേശൽ ശക്തി ഇല്ലാതാക്കാൻ പാകത്തിൽ നരേന്ദ്ര മോദി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹവും നേരിടണം രാജ്യദ്രോഹിയെന്ന ആരോപണം. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് രേഖ മോഷ്ടിച്ചുവെന്നോ മോഷ്ടിച്ച രേഖയണ് തെളിവായി ഹാജരാക്കുന്നത് എന്ന് അപഹസിച്ചോ രാജ്യദ്രോഹം പ്രവർത്തിച്ചെന്ന ആരോപണത്തിന് തടയിടാനാകില്ല.

രാജീവ് ശങ്കരൻ