യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സദാചാരക്കൊല; ഏഴ് പേര്‍ അറസ്റ്റില്‍

Posted on: March 10, 2019 10:59 pm | Last updated: March 11, 2019 at 11:28 am

കൊച്ചി: പാലച്ചുവടില്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സദാചാര കൊലയെന്ന് പോലീസ് . സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗീസിനെയാണ് ശനിയാഴ്ച പുലര്‍ച്ചയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രദേശവാസികളായ 13 പേരേയും പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കുകയും ബോധരഹിതനായപ്പോള്‍ റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവം നടക്കുന്ന തലേന്ന് രാത്രി ഒരു മണിയോടെ ഒരു ഫോണ്‍ കോള്‍ വരികയും ജിബിന്‍ സ്‌കൂട്ടറുമായി പുറത്തേക്ക് പോവുകയുമായിരുന്നുവെന്ന് കടുംബം പോലീസിന് മൊഴി നല്‍കി.