Connect with us

Gulf

യുഎഇ സ്‌പെഷ്യല്‍ ഒളിംപിക്‌സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

അബുദാബി : സ്‌പെഷ്യല്‍ ഒളിംപിക്‌സിന് ദിവസങ്ങള്‍ അവശേഷിക്കവെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി സ്‌പെഷല്‍ ഒളിംപിക്‌സ് വേള്‍ഡ് ഗെയിംസ് 2019 അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 14 മുതല്‍ 21 വരെ അബുദാബി, ദുബൈ എന്നിവിടങ്ങളിലെ വിവിധ സ്‌റ്റേഡിയങ്ങളില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ 24 മത്സരങ്ങളില്‍ 195 രാജ്യങ്ങളില്‍ നിന്നുള്ള 7000 അത്‌ലറ്റുകളും 3,000 കോച്ചുകളും പങ്കെടുക്കും. യു എ ഇ യില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സ് ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ മാനുഷിക ചടങ്ങായി മാറും. യുഎഇയില്‍ നിന്നും 297 അത്‌ലറ്റുകളും 70 ല്‍ അധികം പരിശീലകരും പങ്കെടുക്കുന്നുണ്ട് .

ഏഴ് എമിറേറ്റിന്റെ സംസ്‌ക്കാരത്തെ ലോകത്തിന് പരിചയപെടുത്തുന്നതിനുള്ള ഒരു ഉദ്യമമായി ഗെയിംസിനെ മാറ്റുന്നതിനുള്ള ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ലോകം പ്രത്യേകമായി മാറ്റിനിര്‍ത്തുന്ന വിഭാഗത്തെ സമൂഹത്തിന്റെ ഭാഗമാകുന്നതിന് സ്‌പെഷ്യല്‍ ഒളിംപിക്‌സ് വഴി ഒരുക്കുമെന്ന് നീന്തല്‍ കോച്ച് ഡെബ്ബി ഷ്രീബര്‍ പറഞ്ഞു. പ്രത്യേകം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് സ്‌പെഷ്യല്‍ ഒളിംപിക്‌സ് കൂടുതല്‍ വഴികള്‍ തുറന്നിട്ടതായും അദ്ദേഹം വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും വെച്ച് ഏറ്റവും വലിയ സാംസ്‌കാരിക വിനിമയ പരിപാടിയായിരിക്കും, യുഎഇ സ്‌പെഷ്യല്‍ ഒളിംപിക്‌സ് സംഘടക സമിതി അറിയിച്ചു. സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ, പ്രാദേശിക സംഘാടക സമിതിയാണ് വേള്‍ഡ് ഗെയിംസ് നടത്തുന്നത്. ഗെയിംസിന് പങ്കെടുക്കുന്നതിനുള്ള അത്‌ലറ്റുകളും, പരിശീലകരും കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് എത്തി തുടങ്ങി. ഇവര്‍ അടുത്ത മൂന്ന് ദിവസം അബുദാബി, അല്‍ ഐന്‍, ദുബൈ , ഷാര്‍ജ, അജ്മാന്‍, ഉമ്മു അല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ചിലവഴിക്കും. രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും, പ്രധാന സ്ഥലങ്ങളും ഇവര്‍ സന്ദര്‍ശിക്കും. രാജ്യത്ത് എത്തുന്ന അത്‌ലറ്റുകളെ വീടുകളിലേക്ക് സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് യു എ ഇ സമൂഹമെന്ന് യു എ ഇ സാമൂഹ്യ വികസന മന്ത്രിയും ഗെയിംസ് കമ്മ്യുണിറ്റി ആന്‍ഡ് ലെഗസി കമ്മിറ്റി അദ്യക്ഷയുമായ ഹസ്സ ബിന്‍ത് ഈസ ബി ഹുമൈദ് വ്യക്തമാക്കി. യു എ ഇ സമൂഹം രാജ്യത്ത് എത്തുന്ന അത്‌ലറ്റുകളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്ന് സ്‌പെഷല്‍ ഒളിംപിക്‌സ് ലോക ഗെയിംസിന്റെ ഹയര്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ജുനൈബി വ്യക്തമാക്കി.

റാശിദ് പൂമാടം

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest