കഴിഞ്ഞ ഒരുമാസത്തിനിടെ മോദി നടത്തിയ പദ്ധതി ഉദ്ഘാടനങ്ങള്‍ 157, യാത്രകള്‍ 28

Posted on: March 10, 2019 1:01 pm | Last updated: March 10, 2019 at 3:09 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായ ഒരു മാസത്തിനിടയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് 157 പദ്ധതികള്‍. ഇതിനായി നടത്തിയത് 28 യാത്രകള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പ് പദ്ധതികള്‍ തിരക്കിട്ട് ഉദ്ഘാടനം ചെയ്യുകയാണ് മോദി.

ഫെബ്രുവരി എട്ടു മുതല്‍ മാര്‍ച്ച് ഒമ്പതു വരെയുള്ള ഒരു മാസക്കാലത്ത് ദേശീയ പാതകള്‍, റെയില്‍വേ പാതകള്‍, മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ഗ്യാസ് പൈപ്പ് ലൈന്‍, വിമാനത്താവളങ്ങള്‍, കുടിവെള്ള പദ്ധതികള്‍, വൈദ്യുത പദ്ധതികള്‍ തുടങ്ങിയവ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തവയില്‍ പെടും.

അതേസമയം, കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തിരഞ്ഞെടുപ്പ് പ്രഖ്യപാനം വരും മുമ്പുള്ള ഒരുമാസം പദ്ധതികളൊന്നും ഉദ്ഘാടനം ചെയ്തിരുന്നില്ലെന്ന് രേഖകളെ അടിസ്ഥാനമാക്കി എന്‍ ഡി ടി വി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.