സീറ്റില്ല; ലോക് താന്ത്രിക് ദളിൽ കലാപം

Posted on: March 10, 2019 9:21 am | Last updated: March 10, 2019 at 12:39 pm

കോഴിക്കോട്: സീറ്റ് കിട്ടാത്തതിനൊച്ചൊല്ലി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ദളിൽ കലാപം. പാർട്ടിക്ക് ഏറെ സ്വാധീനമുള്ള കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്‌ കുമാറിനും വീരേന്ദ്ര കുമാറിനുമെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര സീറ്റ് നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇരുവരും പാർട്ടിയെ ഇടതുമുന്നണി പാളയത്തിലെത്തിച്ചതെന്ന് ജില്ലാ കമ്മിറ്റി യോഗ ശേഷം പ്രസിഡന്റ് മനയത്ത് ചന്ദ്രൻ പറഞ്ഞു. സീറ്റ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഉറപ്പ് ലഭിച്ചെന്ന് ഇരുവരും പാർട്ടി യോഗങ്ങളിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇത് പ്രകാരം ബൂത്ത് കമ്മിറ്റികളും മറ്റും രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കെയാണ് വടകരയിൽ സീറ്റ് കിട്ടാത്ത അവസ്ഥയുണ്ടായിരിക്കുന്നത്.

പാർട്ടി യുവജനസംഘടനയുടെ ദേശീയ അധ്യക്ഷൻ സലീം മടവൂർ, വടകര, കോഴിക്കോട് പാർലിമെന്റ് മണ്ഡലം കൺവീനർമാരായ എൻ സി മുഹമ്മദ്, ശിവാനന്ദൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, വീരനേയും ശ്രേയാംസ്‌കുമാറിനേയും രൂക്ഷമായി വിമർശിച്ചത്.
പാർട്ടിക്ക് സീറ്റ് വാങ്ങിയെടുക്കാൻ കഴിയാത്തത് ഇരുവരുടേയും കഴിവില്ലായ്മകൊണ്ടാണെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നിട്ടുണ്ട്. സീറ്റ് നൽകാത്ത ഇടതുമുന്നണിയുടെ നിലപാടിനെതിരെ വേണ്ടിവന്നാൽ സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു.

ഈ മാസം 16ന് ചേരുന്ന സംസ്ഥാന നേതൃ യോഗത്തിന് പകരം സംസ്ഥാന കമ്മിറ്റി തന്നെ ചേരണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എൽ ജെ ഡിക്ക് ഏറ്റവും കൂടുതൽ വോട്ടുകളുള്ള രണ്ട് മണ്ഡലങ്ങളാണ് കോഴിക്കോട്ടും വടകരയും. എഴുപതിനായിരത്തോളം വോട്ട് വടകരയിലും 20000ത്തോളം വോട്ട് കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലുമുണ്ടെന്നും ജില്ലാ നേതൃത്വം പറയുന്നു. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്ത് നിന്നുണ്ടായ അവഗണന സഹിക്കാവുന്നതിലപ്പുറമാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. പാർട്ടിക്ക് സീറ്റ് നൽകാത്തത് ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളാലാണെന്നും ഇതിനെ വികാരപരമായി നേരിടേണ്ടതില്ലെന്നുമുള്ള സംസ്ഥാന സെക്രട്ടറി എൻ കെ വത്സന്റെ പരാമർശത്തെ യോഗം ഒന്നടങ്കം എതിർത്തു. ഇടതുമുന്നണിയിൽ സി പി എമ്മിനും സി പി ഐക്കും മാത്രമാണ് സീറ്റ് ലഭിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ ഇടതുമുന്നണി നേതാക്കൾ പാർട്ടി നേതാവ് എം പി വീരേന്ദ്ര കുമാറിനെ വസതിയിൽ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു.
അതെ സമയം, എൽ ഡി എഫിലെത്തിയിട്ടും ലോക് താന്ത്രിക് ദളിന് സീറ്റ് കിട്ടാത്തതിൽ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല വീരേന്ദ്രകുമാറിനെ പരിഹസിച്ചിരുന്നു.

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ മത്സരിക്കുന്ന വടകരയും നിലവിലെ എം എൽ എ. എ പ്രദീപ് കുമാർ മത്സരിക്കുന്ന കോഴിക്കോടും ഇത്തവണ യു ഡി എഫിൽ നിന്ന് തിരിച്ചുപിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സി പി എം. ശക്തമായ ഈ നീക്കത്തിന് തിരിച്ചടിയാവും ലോക് താന്ത്രിക് ദളിന്റെ പ്രതിഷേധം. മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള ജനതാദൾ എസും നിലവിൽ ഇടതുമുന്നണിയുടെ ഭാഗമായിരിക്കെ സീറ്റ് കൊടുക്കുമ്പോൾ ഇരുദളിനും നൽകണമെന്നത് എൽ ഡി എഫിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.