കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ച ഇനി ഡൽഹിയിൽ

Posted on: March 10, 2019 9:14 am | Last updated: March 10, 2019 at 11:01 am

തിരുവനന്തപുരം: കോൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനി ഡൽഹിയിൽ. കേരളത്തിൽ തയ്യാറാക്കിയ സാധ്യതാപട്ടികയുമായി നേതാക്കൾ ഡൽഹിക്ക് പോകും. കെ പി സി സി ആസ്ഥാനത്ത് ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും നടത്തിയ ചർച്ചയിലാണ് സാധ്യത പട്ടിക തയ്യാറാക്കിയത്. എൽ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ തീരുമാനം വൈകുന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

നാളെ ചേരുന്ന കേന്ദ്ര സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ തന്നെ കേരളത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, ഉമ്മൻചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുതിർന്ന നേതാവ് വി എം സുധീരൻ എന്നിവർ മത്സരിക്കണോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനിക്കും.
ഇവർ മത്സരിക്കുന്നതിനെ ആശ്രയിച്ച് സ്ഥാനാർഥി പട്ടികയും മാറുമെന്നതിനാൽ പല മണ്ഡലങ്ങളിലും ധാരണയുണ്ടാക്കാൻ ഇന്നലെ നടന്ന ചർച്ചകളിലും കഴിഞ്ഞില്ല. സി പി എം കരുത്തരെ ഇറക്കിയതോടെ കോൺഗ്രസും സ്ഥാനാർഥി നിർണയത്തിൽ കരുതലോടെയാണ് നീങ്ങുന്നത്.

എറണാകുളം, പത്തനംതിട്ട സീറ്റുകളിൽ സിറ്റിംഗ് എം പിമാരുടെ പേരുകൾക്കൊപ്പം മറ്റ് പേരുകൾ കൂടി നിർദേശിക്കാനാണ് ഇന്നലത്തെ ചർച്ചയിലുണ്ടായ ധാരണ. എറണാകുളത്ത് കെ വി തോമസിനൊപ്പം എം എൽ എ ഹൈബി ഈഡന്റേയും പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കൊപ്പം പി ജെ കുര്യന്റെയും പേരുകൾ പരിഗണിക്കുന്നു. ഉമ്മൻചാണ്ടി മൽസരിക്കാൻ തയ്യാറായാൽ പത്തനംതിട്ടയോ ഇടുക്കിയോ നൽകും.
സംഘടനാ ചുമതല ഉള്ളതിനാൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ സി വേണുഗോപാൽ ദേശീയ നേതൃത്വത്തെ അറിയിച്ചുണ്ട്. എന്നാൽ ആലപ്പുഴയിൽ ശക്തമായ മത്സരം നടക്കുമെന്നതിനാൽ കെ സി വേണുഗോപാൽ തന്നെ വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കെ സി വേണുഗോപാൽ ഇല്ലെങ്കിൽ വി എം സുധീരനെ പരിഗണിക്കും. ഷാനി മോൾ ഉസ്മാന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിനില്ലെന്ന നിലപാടിൽ മുല്ലപ്പള്ളി തുടരുന്നുണ്ടെങ്കിലും ഹൈക്കമാൻഡ് നിർദേശിച്ചാൽ അദ്ദേഹവും രംഗത്തിറങ്ങും. മുല്ലപ്പള്ളി ഇല്ലെങ്കിൽ ടി സിദ്ധീഖ്, എ പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

ആറ്റിങ്ങലിൽ അടൂർ പ്രകാശിനെ പരിഗണിക്കുമ്പോൾ ചാലക്കുടിയിൽ ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ എന്നിവരുടെ പേരുകളാണ് സാധ്യതാപട്ടികയിലുള്ളത്. തൃശൂരിൽ വി എം സുധീരൻ, ടി എൻ പ്രതാപൻ, ഡോ. നിജി ജസ്റ്റിൻ എന്നിവരെ പരിഗണിക്കുന്നു. പാലക്കാട് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠനൊപ്പം പാലക്കാട് എം എൽ എ ഷാഫി പറമ്പിലും പട്ടികയിലുണ്ട്.
ആലത്തൂരിൽ രമ്യ ഹരിദാസ്, കെ എ തുളസി, സുനിൽ ലാലൂർ എന്നിവരുടെ പേരുകളാണ് ഉൾപ്പെടുത്തിയത്. കാസർകോഡ് സുബ്ബയ്യ റാവു, എ പി അബ്ദുല്ലക്കുട്ടി എന്നിവർക്കാണ് സാധ്യത. ഇടുക്കിയിൽ ഉമ്മൻചാണ്ടിയെ കൂടാതെ ഡീൻ കുര്യാക്കോസ്, ജോസഫ് വാഴയ്ക്കൻ, എന്നിവരാണ് പട്ടികയിലുണ്ട്.
കണ്ണൂരിൽ കെ സുധാകരൻ മാത്രം. കാസർകോട്, വടകര സീറ്റുകളിലേക്ക് ഇദ്ദേഹത്തെ പരിഗണിച്ചാൽ കണ്ണൂരിൽ എ പി അബ്ദുല്ലക്കുട്ടിക്ക് നറുക്ക് വീഴും. വയനാട് സീറ്റിലേക്ക് ഷാനിമോൾ ഉസ്മാനൊപ്പം ടി സിദ്ധീഖിനെയും പരിഗണിക്കുന്നു. വനിതാ സ്ഥാനാർഥികളായി ഷാനിമോൾ ഉസ്മാനും രമ്യാ ഹരിദാസും കെ എ തുളസിയുമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
പട്ടികയിൽ യുവാക്കളും വനിതകളും വേണമെന്ന് ഹൈക്കമാൻഡ് നിർദേശിക്കുന്ന പക്ഷം അതിനനുസരിച്ചുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയറിയാൻ ഹൈക്കമാൻഡ് സ്വന്തം നിലയിൽ സർവേ നടത്തിയിരുന്നു.