കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ

Posted on: March 9, 2019 9:33 pm | Last updated: March 10, 2019 at 10:53 am

ശ്രീനഗര്‍:കശ്മീരില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശനിയാഴ്ച വൈകിട്ടോടെ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാക്കിസ്ഥാന്‍ സേന വെടിവെപ്പ് നടത്തിയത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇന്ത്യന്‍ സേന ബാലോകട്ടില്‍ നടത്തിയ പ്രത്യാക്രമണത്തിന് പിറകെ അതിര്‍ത്തിയില്‍ പാക്ക് സൈന്യം നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

അതേ സമയം രാജ്യാന്തര അതിര്‍ത്തിക്ക് സമീപത്തുനിന്നും പിടിയിലായ പാക്ക് പൗരനെ ശനിയാഴ്ച ഇന്ത്യന്‍ സേന പാക്കിസ്ഥാന് കൈമാറി. പാക്ക് റേഞ്ചേഴ്‌സിനാണ് അതിര്‍ത്തി രക്ഷാ സേന ഇയാളെ കൈമാറിയത്. വെള്ളിയാഴ്ചയാണ് പാക്ക് പൗരന്‍ പിടിയിലായത്. രാജസ്ഥാനില്‍ അതിര്‍ത്തി ലംഘിച്ച് നിരീക്ഷണത്തിന് ശ്രമിച്ച പാക്കിസ്ഥാന്‍ ഡ്രോണിനെ അതിര്‍ത്തി രക്ഷാ സേന തുരത്തി. ഹിന്ദുമല്‍ക്കോട്ടിലെ ശ്രീഗംഗാനഗറിന് സമീപമെത്തിയ ഡ്രോണ്‍ ഇന്ത്യന്‍ റഡാറുകളുടെ നിരീക്ഷണത്തില്‍പ്പെടുകയായിരുന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പിനെത്തുടര്‍ന്ന് ഡ്രോണ്‍ പാക്കിസ്ഥാന്‍ ഭാഗത്തേക്ക് തിരിച്ചു പറന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അതിര്‍ത്തി കടന്നെത്തിയ പാക്ക് ഡ്രോണ്‍ ഇന്ത്യന്‍ സേന വെടിവെച്ച് വീഴ്ത്തിയിരുന്നു.