കേന്ദ്രമന്ത്രിയാകരുതെന്ന് ഉപാധി; പി ജെ ജോസഫിന് സീറ്റ് ?

Posted on: March 9, 2019 9:22 am | Last updated: March 9, 2019 at 10:44 am

തിരുവനന്തപുരം: പി ജെ ജോസഫിന് സീറ്റ് നൽകി കേരളാ കോൺഗ്രസിലെ ഭിന്നത പരിഹരിക്കാൻ നീക്കം. കോൺഗ്രസ് നേതൃത്വം ഇടപെട്ടാണ് മാധ്യസ്ഥ്യ ശ്രമങ്ങൾ. ചില സഭാ മേലധ്യക്ഷൻമാരും പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. കേരളാ കോൺഗ്രസിന് ലഭിക്കുന്ന ഒരു സീറ്റ് ഉപാധിയോടെ ജോസഫിന് നൽകാൻ കെ എം മാണി സന്നദ്ധനായെന്നാണ് സൂചന. സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കാൻ കേരളാകോൺഗ്രസ് ഉന്നതാധികാര സമിതി നാളെ യോഗം ചേരും. ജോസഫ് ആണ് മത്സരിക്കുന്നതെങ്കിൽ ഇടുക്കി, കോട്ടയം സീറ്റുകൾ കോൺഗ്രസും കേരളാ കോൺഗ്രസും വെച്ചുമാറാനുമിടയുണ്ട്.

കേന്ദ്രത്തിൽ യു പി എ അധികാരത്തിൽ വന്നാൽ കേന്ദ്രമന്ത്രി പദം ആവശ്യപ്പെടരുതെന്നും ജയിച്ചാൽ ഒഴിവ് വരുന്ന തൊടുപുഴ നിയമസഭാ സീറ്റിൽ മകനെ മത്സരിപ്പിക്കരുതെന്നുമാണ് ജോസഫിന് മുന്നിൽ മാണി വെച്ചിരിക്കുന്ന ഉപാധി. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ജോസഫ് പൂർണമായി വഴങ്ങിയോ എന്നതിൽ വ്യക്തത ഇല്ല. തൊടുപുഴ സീറ്റ് തനിക്കൊപ്പമുള്ള ഒരാൾക്ക് നൽകണമെന്നാണ് മാണിയുടെ ആവശ്യം. തൊടുപുഴയിൽ മകനെ മത്സരിപ്പിക്കില്ലെന്ന് ജോസഫ് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, സീറ്റ് മാണിക്കൊപ്പം നിൽക്കുന്ന ഒരാൾക്ക് നൽകണമെന്ന ഉപാധിയിൽ തർക്കം പരിഹരിച്ചിട്ടില്ല. ഇതിൽ കൂടി സമവായം ആയാൽ അന്തിമ തീരുമാനമുണ്ടാകും.

കേരളാ കോൺഗ്രസിന് നൽകിയ കോട്ടയം സീറ്റിൽ തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാനാണ് മാണി ഗ്രൂപ്പിൽ നേരത്തെയുണ്ടായിരുന്ന ധാരണ. രണ്ട് സീറ്റ് എന്ന കേരളാ കോൺഗ്രസ് ആവശ്യം കോൺഗ്രസ് തള്ളിയതോടെ മത്സരിക്കണമെന്ന നിലപാടിൽ ജോസഫ് ഉറച്ചുനിന്നു. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നായിരുന്നു കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. സീറ്റില്ലെങ്കിൽ പാർട്ടി പിളർത്തുമെന്ന് കോൺഗ്രസ് നേതൃത്വത്തെ ജോസഫും അറിയിച്ചു. ഉഭയകക്ഷി ചർച്ചകളിലൊന്നും ഇക്കാര്യത്തിൽ തീരുമാനമില്ലാതെ വന്നതോടെയാണ് സീറ്റ് ജോസഫിന് നൽകിയുള്ള ഒത്തുതീർപ്പ് നിർദേശത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
സീറ്റ് കാര്യത്തിൽ ഉറപ്പ് ലഭിച്ചതോടെയാണ് ജോസഫ് പരസ്യപ്രതികരണങ്ങൾ ഒഴിവാക്കിയത്.

യു പി എ അധികാരത്തിൽ വരികയും കേരളാ കോൺഗ്രസ് പ്രതിനിധി ജയിക്കുകയും ചെയ്താൽ പാർട്ടിക്ക് ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. അതിലേക്ക് രാജ്യസഭാ എം പിയായ ജോസ് കെ മാണിയെ പരിഗണിക്കണമെന്നാണ് മാണിയുടെ ആവശ്യം. ജോസഫ് ഇതിന് വേണ്ടി അവകാശം ഉന്നയിക്കരുതെന്ന ഉപാധിയും മുന്നോട്ടുവെച്ചു. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം മാണിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
നാളെ ചേരുന്ന കേരളാകോൺഗ്രസിന്റെ ഉന്നതാധികാരസമിതിയോടെ കാര്യങ്ങളിലെല്ലാം വ്യക്തത വരും. നാളെ തന്നെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനവുമുണ്ടാകും.