കശ്മീരി കച്ചവടക്കാരെ ആക്രമിച്ചത് ഭ്രാന്തന്മാര്‍; രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കേണ്ടത് പ്രധാനം: മോദി

Posted on: March 8, 2019 9:13 pm | Last updated: March 8, 2019 at 11:56 pm

ന്യൂഡല്‍ഹി: യു പിയിലെ ലക്‌നൗവില്‍ കശ്മീരി കച്ചവടക്കാര്‍ക്കു നേരെ നടന്ന അക്രമത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ലക്‌നൗ മെട്രോയുടെ വടക്കു പടിഞ്ഞാറന്‍ ഇടനാഴിയുടെ ഉദ്ഘാടനം യു പിയിലെ കാണ്‍പൂരില്‍ നിന്ന് വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരി കച്ചവടക്കാരെ ആക്രമിച്ചത് ഭ്രാന്തന്മാരാണെന്നും യു പി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിച്ചെന്നും എല്ലാ സംസ്ഥാന സര്‍ക്കാറുകളും അതുപോലെ ചെയ്യാന്‍ തയാറാകണമെന്നും പ്രധാന മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലക്‌നൗവില്‍ കാവി വേഷം ധരിച്ച ഒരു സംഘം കശ്മീരി കച്ചവടക്കാരായെ ചിലരെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഘ്പരിവാര്‍ സംഘടനയായ വിശ്വഹിന്ദു ദള്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരികള്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു.