രാജ്യം ഭരിച്ച ഏതു പ്രധാന മന്ത്രിമാരെക്കാളും കൂടുതല്‍ നുണകള്‍ മോദി ഒറ്റക്കു പറഞ്ഞു: രാഹുല്‍

Posted on: March 8, 2019 8:31 pm | Last updated: March 8, 2019 at 11:56 pm

ഭുവനേശ്വര്‍: ഇതേവരെ രാജ്യം ഭരിച്ച പ്രധാന മന്ത്രിമാര്‍ പറഞ്ഞതിലേറെ നുണകള്‍ നരേന്ദ്ര മോദി ഒറ്റക്കു പറഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഒഡീഷയിലെ കൊരാപുതില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവെയാണ് മോദിയെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചത്.

ഏതു പ്രധാന മന്ത്രിമാരെക്കാളും കൂടുതല്‍ ഇന്ത്യയെ പ്രതിസന്ധികളില്‍ അകപ്പെടുത്തിയതും മോദിയാണ്. മോദി സര്‍ക്കാറിന്റെ നയങ്ങള്‍ രാജ്യത്ത് തൊഴിലില്ലായ്മയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. തൊഴിലില്ലായ്മ വര്‍ധിക്കുന്നത് അക്രമങ്ങളും ലഹരി ഉപയോഗവുമെല്ലാം കൂടുന്നതിലേക്ക് നയിച്ചിട്ടുണ്ട്. എന്നാല്‍, ഈ യാഥാര്‍ഥ്യങ്ങളൊന്നും അംഗീകരിക്കാന്‍ മോദി തയാറല്ല. ഈ സമീപനം സ്വീകരിക്കുന്നയാള്‍ക്ക് പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമുണ്ടാക്കാനും സാധിക്കില്ല-കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.