കുമ്മനമല്ല, മോദിയായാലും പേടിയില്ല: ശശി തരൂര്‍

Posted on: March 8, 2019 5:03 pm | Last updated: March 8, 2019 at 8:06 pm

തിരുവനന്തപുരം: എതിര്‍സ്ഥാനാര്‍ഥി ആരായാലും പേടിയില്ലെന്ന് ശശി തരൂര്‍. വ്യക്തികള്‍ക്കല്ല നിലപാടുകള്‍ക്കാണ് പ്രാധാന്യമെന്നും തരൂര്‍ പറഞ്ഞു. തന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനം ജനങ്ങളുടെ മുന്നില്‍ ഉണ്ട്, അത് ജനം വിലയിരുത്തട്ടെയെന്ന് തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ വേണ്ടി കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു. ഇതെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.

നരേന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാന്‍ എത്തുമെന്നാണ് ആദ്യം കേട്ടത്. എന്നാല്‍ ആര് വന്നാലും താന്‍ ഉയര്‍ത്തി കാട്ടുന്നത് സ്വന്തം പ്രവര്‍ത്തനമാണ്. ബിജെപി അഞ്ച് വര്‍ഷമായി കേന്ദ്രത്തില്‍ ഭരിക്കുന്നു. സിപിഎം കേരളത്തില്‍ മൂന്ന് വര്‍ഷമായി ഭരണത്തിലുണ്ട്. ഞാന്‍ ചൂണ്ടികാട്ടുന്നത് പത്ത് വര്‍ഷമായി മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളാണന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അടുപ്പം ഇല്ലെങ്കിലും അറിഞ്ഞിടത്തോളം നല്ല മനുഷ്യനാണ് കുമ്മനം രാജശേഖരന്‍. മുന്‍ ഗവര്‍ണറും മുന്‍ മന്ത്രിയുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍. അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ താനില്ല. ശബരിമല പ്രശ്‌നം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു തോന്നുന്നില്ല. വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും തരൂര്‍ പറഞ്ഞു.