ഹംസ ഹാജി; മറക്കാനാകില്ല ആ പുഞ്ചിരി

അനുസ്മരണം
Posted on: March 8, 2019 10:58 am | Last updated: March 8, 2019 at 10:58 am
ഹംസ ഹാജി

ചില വേർപാടുകൾ ഹൃദയഭേദകമായിരിക്കും. അതിന്റെ തീക്ഷ്ണത അസഹ്യവും വർണനാതീതവുമായിരിക്കും. തിങ്കളാഴ്ച സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റിംഗിന് പോകുന്ന യാത്രയിൽ എന്റെ കാതുകളിലെത്തിയ വിയോഗ വാർത്ത അത്തരത്തിലൊന്നായിരുന്നു. നീലഗിരി ജില്ലാ മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഹംസ ഹാജിയുടെ മരണ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. അത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ആ സുസ്‌മേര വദനം കണ്ണിൽ നിന്നും മായുന്നില്ല. കർമകുശലനും സക്രിയനുമായ ഹംസഹാജിയുടെ വിയോഗം നീലഗിരി ജില്ലക്ക് നികത്താൻ സാധിക്കാത്ത നഷ്ടമാണ്.

ഒരുപാട് സദ്ഗുണങ്ങളും ഹൃദ്യമായ പെരുമാറ്റവും ആകർഷകമായ വ്യക്തിത്വവുമാണ് മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അഹ്‌ലുസ്സുന്നയുടെ അടിയുറച്ച വിശ്വാസവും ആദർശ കണിശതയും അതിൽ എടുത്തു പറയേണ്ടതു തന്നെയാണ്. ആദർശ വ്യതിയാനം സംഭവിച്ചവരിൽ നിന്ന് അകന്ന് നിൽക്കാനും അവരെ ബഹിഷ്‌കരിക്കാനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. 1989ന് മുമ്പ് സംഘടനാ തലത്തിൽ നീലഗിരി ജില്ല മലപ്പുറം ജില്ലയുടെ ഒരു താലൂക്കായാണ് പ്രവർത്തിച്ചിരുന്നത്. അന്ന് താലൂക്കിന്റെ പ്രഥമ സെക്രട്ടറിയായും പിന്നീട് നീലഗിരി ജില്ലാ എസ് വൈ എസിന് രൂപം നൽകിയപ്പോഴും ആദ്യ ജില്ലാ സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടത് ഹംസ ഹാജിയെയായിരുന്നു. കർമരംഗങ്ങളിൽ നിസ്തുലവും മാതൃകാ പരവുമായ പ്രവർത്തനങ്ങളാൽ സംഘടനയിൽ സജീവമായി തീർന്ന അദ്ദേഹം ജില്ലയിൽ എസ് വൈ എസിന്റെ യൂനിറ്റുകൾ സ്ഥാപിക്കുന്നതിലും സംഘടനയിലേക്ക് അണികളെ ചേർക്കുന്നതിലും കഠിനയത്‌നം നടത്തിയ വ്യക്തിയാണ്. വാഹന സൗകര്യങ്ങളില്ലാത്ത വിദൂരതയിലുള്ള ഉൾഗ്രാമങ്ങളിൽ പ്രസിഡന്റ് അയമുട്ടി മുസ്‌ലിയാരുമൊത്ത് കാൽനടയായി ചെന്ന് പ്രവർത്തനങ്ങൾക്ക് നേതൃസ്ഥാനീയ പങ്കുവഹിച്ചിരുന്നു. അറുപത് പിന്നിട്ടിട്ടും ആ സക്രിയത്വം ചോർന്നിട്ടില്ല. എന്ന് തെളിയിക്കുന്നതായിരുന്നു മുസ്‌ലിം ജമാഅത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായതിന് ശേഷമുള്ള പ്രവർത്തനങ്ങൾ. താലൂക്കിലും ജില്ലയിലും എസ് വൈ എസിന്റെ പ്രഥമ സെക്രട്ടറിയായും പിന്നീട് മുസ്‌ലിം ജമാഅത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം മാത്രമാണ് പാടന്തറ മർകസിന്റെ ഒരു നെടും തൂണായി നിറ സാന്നിധ്യമറിയിച്ച് കരുണ പകർന്ന് നിലനിന്നു. അസന്ദിഗ്ധ ഘട്ടങ്ങളിൽ കൂടെ നിന്ന് പിന്തുണ നൽകി.

സയ്യിദന്മാരോടും, പണ്ഡിതന്മാരോടും, മതവിദ്യാർഥികളോടും അളവറ്റ സൗഹൃദവും ബഹുമാനവുമായിരുന്നു. 89ലെ നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം സമസ്ത നീലഗിരി ജില്ല ഇപ്പോഴത്തെ പ്രസിഡന്റ് മൊയ്തു ഉസ്താദിനെ ജയിലിലടക്കപ്പെട്ടപ്പോൾ ഉസ്താദിനെ മോചിപ്പിക്കാൻ കഠിനശ്രമം നടത്തിയത് ഹംസ ഹാജിയായിരുന്നു എന്ന് ഉസ്താദ് ഓർക്കുന്നു. ജില്ലയിലെ വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് അവിശ്രമ പരിശ്രമം നടത്തിയ എ സി എസ് വീരാനുസ്താദിന്റെ ശിഷ്യൻ കൂടിയാണ് അദ്ദേഹം. ആലിമീങ്ങളേയും തങ്ങന്മാരേയും ഗ്രൂപ്പുനോക്കാതെ സ്‌നേഹിക്കുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തു എന്നതിനാൽ വിയോഗാനന്തരം എ പി ഉസ്താദ്, ഖലീൽ തങ്ങൾ, പാണക്കാട് ബശീറലി തങ്ങൾ തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ആലിമീങ്ങളുടേയും സയ്യിദന്മാരുടേയും പ്രാർഥന അദ്ദേഹത്തിന് ലഭിച്ചു. അതൊരു വലിയ അംഗീകാരമാണ്.

പാവങ്ങളുടെ കണ്ണീരൊപ്പാനും രോഗികൾക്ക് താങ്ങു നൽകാനും എല്ലാവർക്കും തന്നാലാവുന്നത് ചെയ്തുകൊടുക്കുന്ന അദ്ദേഹത്തിന്റെ ദാനശീലം ശ്രദ്ദേയമായിരുന്നു എന്ന് കൂട്ടുകാരും പങ്കുവെച്ചു. ഏത് പരിപാടികളിലും സംഭാവനയുടെ ഘട്ടമെത്തുമ്പോൾ മുൻപന്തിയിൽ അദ്ദേഹമുണ്ടാകും. വിമ്മിഷ്ടമില്ലാതെ ആരേയും കാത്തു നിൽകാതെ ആദ്യം അദ്ദേഹം ഏൽക്കും വലിയ സംഭാവന.
പാവങ്ങളുടെ കണ്ണീരൊപ്പുന്ന സമൂഹ വിവാഹത്തിന് അകൈതവമായ പ്രോത്സാഹനവും പിന്തുണയും നൽകി കൂടെയുണ്ടായിരുന്നു ഹംസ ഹാജി. ഒരു വർഷം സമൂഹ വിവാഹം നടത്താൻ സാധിക്കാതെ വന്നപ്പോൾ ഉസ്താദേ; ഒരുപാട് പെൺകുട്ടികൾ ഒളിച്ചോടുന്നതിൽ നിന്ന് രക്ഷപ്പെടുത്തുന്ന ഈ സമൂഹ വിവാഹം നിർത്തരുത്, തുടർന്നും നടത്തണമെന്ന് പ്രേരിപ്പിക്കുകയുണ്ടായി. പിന്നീട് അടുത്ത വർഷം സമൂഹ വിവാഹം നടത്താൻ എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് യോഗത്തിൽ തീരുമാനിക്കപ്പെട്ടതറിഞ്ഞ് ഉടനെ എന്നെ വിളിച്ചു പറഞ്ഞു: അൽഹംദുലില്ലാഹ്, കല്യാണം നടത്താൻ തീരുമാനമായി അല്ലേ ഉസ്താദേ… കഴിഞ്ഞമാസം 21ന് നടന്ന നാനൂറ് യുവതീ യുവാക്കളുെട സമൂഹ വിവാഹത്തിലേക്ക് ആയിരം പേർക്കുള്ള ഭക്ഷണം അദ്ദേഹം നൽകിയിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ഒരു പള്ളിക്ക് അഞ്ച് സെന്റ് സ്ഥലം നൽകിയിട്ടുണ്ടെന്നുംമരിക്കുന്ന അന്ന് ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിന് നല്ലൊരു തുക സഹായം നൽകിയിട്ടുണ്ടെന്നും മക്കൾ മുഖേന അറിയാൻ സാധിച്ചു.
ബിസിനസും കാരുണ്യങ്ങളുമായി നടക്കുമ്പോഴും തന്റെ ആത്മീയ കാര്യങ്ങളിൽ ഇടപെടാൻ മറന്നിരുന്നില്ല. ആത്മീയ മജ്‌ലിസുകളിൽ മുടങ്ങാതെ പങ്കെടുക്കാൻ അദ്ദേഹം സമയം കണ്ടെത്തി. വീട്ടിൽ കുടുംബങ്ങളൊന്നിച്ച് ജമാഅത്തായി നിസ്‌കരിക്കാൻ ശ്രദ്ധിച്ച,, ദീനീ ചിട്ടയിൽ കുടുംബത്തെ വളർത്താൻ യത്‌നിച്ച ഒരു മാതൃകാ കുടുംബനാഥനാകാനും അദ്ദേഹത്തിന് സാധിച്ചു.

സൗമ്യമായ പെരുമാറ്റം കൊണ്ട് ആരെയും തന്നിലേക്കടുപ്പിച്ച്, ധീരമായ ഇടപെടലുകളിലൂടെ സജീവമായി കർമവീഥിയിലൂടെ സംഘടനയെ ചലിപ്പിച്ച് ഒടുക്കം ഹൃദയങ്ങളിൽ വേദനയേൽപ്പിച്ച് ആകസ്മികമായി, ആ ജ്യേഷ്ഠ സഹോദരൻ പടിയിറങ്ങി. അല്ലാഹുവേ അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷകരമാക്കണമേ- ആമീൻ.
അടുത്ത ചൊവ്വാഴ്ച്ച സംഘ കുടുംബത്തിന്റെ കേന്ദ്രമായ പാടന്തറ മർകസിൽ വെച്ച് സംഘടനാപ്രവർത്തകർ ചേർന്ന് ഖത്മുൽ ഖുർആനും തഹ്‌ലീലും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രാർഥനകളിൽ അദ്ദേഹത്തിന് ഇടം നൽകണമെന്ന് അപേക്ഷിക്കുന്നു.