Connect with us

International

ഭീകരവാദികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല; ഹാഫിസ് സഈദിന്റെ അപേക്ഷ തള്ളി യു എന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: ഭീകരവാദികളുടെ പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ അപേക്ഷ യു എന്‍ തള്ളി. അപേക്ഷ പരിഗണിച്ച് സഈദുമായി അഭിമുഖം നടത്താന്‍ യു എന്‍ ശ്രമിച്ചിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ വിസ നിഷേധിച്ചതിനാല്‍ നടന്നിരുന്നില്ല. ഇതിനു പിന്നാലെയാണ് അപേക്ഷ തള്ളിയത്.

സഈദുമായി യു എന്‍ പ്രതിനിധികള്‍ നേരിട്ടു സംസാരിക്കുന്നത് ഭീകരസംഘടനകള്‍ക്കു പാക്കിസ്ഥാന്‍ നല്‍കുന്ന സഹായവും മറ്റു ചില രഹസ്യങ്ങളും പുറത്താകുമെന്ന ഭയമാണ് വിസ നിഷേധിച്ചതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭീകരവാദി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഒരാള്‍ അപേക്ഷ നല്‍കിയാല്‍ അയാളുമായി നേരിട്ടു സംസാരിച്ച ശേഷമാണ് യു എന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാറ്.

166 പേര്‍ കൊല്ലപ്പെടാനിടയായ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദാണെന്ന് ഇന്ത്യ തെളിവു സഹിതം ബോധിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ യു എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Latest