പീഡനക്കേസ്: ശഫീഖ് ഖാസിമി പിടിയില്‍

Posted on: March 7, 2019 7:10 pm | Last updated: March 7, 2019 at 9:08 pm

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി ശഫീഖ് അല്‍ ഖാസിമി പിടിയില്‍. ഇരുപത്തിരണ്ട് ദിവസമായി ഒളിവിലായിരുന്ന ഇദ്ദേഹത്തെ തമിഴ്നാട്ടിലെ മധുരയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത് എന്നാണ് അന്വേഷണ സംഘം അറിയിച്ചത്. ഡി വൈ എസ് പി. ഡി അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്. ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഫാസില്‍ എന്നയാളെയും വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പതിനഞ്ചു വയസ്സുകാരിയെ വാഹനത്തില്‍ കയറ്റി വനത്തില്‍ കൊണ്ടുവന്ന്‌ പീഡിപ്പിച്ചു എന്നാണ് കേസ്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും കോയമ്പത്തൂരിലും ഒളിവില്‍ കഴിഞ്ഞിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന്‍ പെരുമ്പാവൂരിലെ നൗഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് എത്തിയത്. അന്വേഷണ സംഘം പ്രതിയുമായി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു.