182 മതപാഠശാലകളുടെ നിയന്ത്രണം ഏറ്റെടുത്തു; 121 പേര്‍ കസ്റ്റഡിയില്‍: പാക്കിസ്ഥാന്‍

Posted on: March 7, 2019 7:08 pm | Last updated: March 7, 2019 at 10:05 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ നിരോധിത ഭീകര ഗ്രൂപ്പുകള്‍ക്കെതിരായ നടപടികളുടെ ഭാഗമായി 182 മതപാഠശാലകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും 121 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ഇമ്രാന്‍ സര്‍ക്കാര്‍. ഇതിനു പുറമെ, വിവിധ ഭീകര ഗ്രൂപ്പുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 34 സ്‌കൂളുകളും കോളജുകളും, 163 ഡിസ്‌പെന്‍സറികള്‍, 184 ആംബുലന്‍സുകള്‍, അഞ്ച് ആശുപത്രികള്‍ എന്നിവയുെ ഏറ്റെടുത്തതായും സര്‍ക്കാര്‍ അവകാശപ്പെട്ടു. പാക് ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

എന്നാല്‍, പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകള്‍ക്കു കടിഞ്ഞാണിടാന്‍ പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ഇന്ത്യയുടെ ആരോപണത്തിനുള്ള പ്രതികരണമായി ഇതിനെ കാണേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെയോ അന്താരാഷ്ട്ര സമൂഹത്തിന്റെയോ സമ്മര്‍ദത്തിനു വഴങ്ങിയല്ല നടപടി. ഇതൊരു ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്.

പുല്‍വാമയില്‍ ജയ്ഷ്വ മുഹമ്മദ് ഭീകര സംഘടന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയും അന്താരാഷ്ട്ര സമൂഹവും ശക്തമായി ആവശ്യപ്പെട്ടിരുന്നു.