സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സഹായപദ്ധതിയുമായി ലുലു ഗ്രൂപ്പ്

Posted on: March 6, 2019 2:22 pm | Last updated: March 6, 2019 at 2:22 pm

അബുദാബി: ഈ മാസം 14 മുതല്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് സഹായ പദ്ധതിയുമായി ലുലു ഗ്രൂപ്പ്. അബുദാബി ഖാലിദിയ മാളില്‍ നടന്ന ചടങ്ങില്‍ ഇതുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപവാലയും സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ് സി ഇ ഒ പീറ്റര്‍ വീലറും ഒപ്പ് വച്ചു.

ലുലുവില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പണമടക്കുന്ന സമയത്ത് ഒരു ദിര്‍ഹം മുതല്‍ സംഭാവന ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ലുലുവിന്റെ വെബ്‌സൈറ്റ് വഴിയും സംഭാവനകള്‍ നല്‍കാം.

നിശ്ചയദാര്‍ഢ്യക്കാരായവര്‍ക്ക് വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ കായികമേളയായ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത് വലിയ അംഗീകാരമായി കണക്കാക്കുന്നതായി സൈഫി രൂപവാല പറഞ്ഞു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അടക്കമുള്ള പങ്കാളികളുടെ സഹകരണം ഇത്ര വലിയ മേളയുടെ സുഖകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് പീറ്റര്‍ വീലര്‍ പറഞ്ഞു.