Connect with us

Kerala

തർക്കങ്ങളിൽ കുരുങ്ങി ബി ജെ പി

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കി മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പാർട്ടികളും തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകുമ്പോഴും സീറ്റ് വിഭജനം പോലും പൂർത്തിയാക്കാനാകാതെ ബി ജെ പിയും എൻ ഡി എയും. പ്രധാനമായും അഞ്ച് സീറ്റ് കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാനാണ് കേന്ദ്ര നേതൃത്വം നിർദേശം നൽകിയത്. ചില നേതാക്കളുടെ ഇഷ്ട സീറ്റുകൾ പിടിക്കാനുള്ള ചരടുവലികളെ തുടർന്ന് ഉഭയകക്ഷി ചർച്ച പോലും പൂർത്തിയാക്കാനായിട്ടില്ല. ഇതിനിടെ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിനും ഒ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. ദേശീയ സമിതിയംഗങ്ങളായ പി കെ കൃഷ്ണദാസും, സി കെ പത്മനാഭനുമാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
രാജഗോപാൽ വടക്കൻ മണ്ഡലങ്ങളിലും പി കെ കൃഷ്ണദാസ് മധ്യമേഖലയിലും സി കെ പത്മനാഭൻ തെക്കൻ മണ്ഡലങ്ങളിലുമാണ് സ്ഥാനാർഥി നിർണയം സംബന്ധിച്ച് അഭിപ്രായം തേടുന്നത്. മണ്ഡലം പ്രസിഡന്റുമാരിൽ നിന്നും ജില്ലാ ഭാരവാഹികളിൽ നിന്നും പ്രത്യേകമായി അഭിപ്രായങ്ങൾ ശേഖരിക്കും. തുടർന്ന് താഴേതട്ടിലെ അഭിപ്രായങ്ങൾ സമാഹരിച്ച് ആർ എസ് എസിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും സ്ഥാനാർഥി പട്ടിക തയ്യാറാക്കുക. പട്ടിക കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി സത്യകുമാർ വഴി കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും.

അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര നേതാക്കളായ രാജ്‌നാഥ് സിംഗ്, സുഷമാ സ്വരാജ്, സദാനന്ദ ഗൗഡ തുടങ്ങി നേതാക്കളുടെ വൻനിര കേരളത്തിലെത്തുന്നുണ്ട്. ഇതിനു മുമ്പ് തർക്കങ്ങൾ പരിഹരിച്ച് സമവായത്തിലെത്തണമെന്ന് കേന്ദ്ര നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ചാലക്കുടി, എറണാകുളം, കോട്ടയം, ആലപ്പുഴ സീറ്റ് ഘടകകക്ഷികൾക്ക് വിട്ടുനൽകാനാണ് ബി ജെ പി നേതൃത്വം ആലോചിച്ചിക്കുന്നത്. ചാലക്കുടിയും എറണാകുളവും ആലപ്പുഴയും ബി ഡി ജെ എസിനും കോട്ടയം പി സി തോമസിനും നൽകാനാണ് തീരുമാനം. എന്നാൽ, അഞ്ച് സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് ബി ഡി ജെ എസ് ഇതുവരെ പിറകോട്ട് പോയിട്ടില്ല.

ബ്യൂറോ ചീഫ്, തിരുവനന്തപുരം