13നും 14നും രാഹുല്‍ കേരളത്തില്‍

Posted on: March 6, 2019 10:49 am | Last updated: March 6, 2019 at 10:49 am

കോഴിക്കോട്: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 13, 14 തീയതികളില്‍ കേരളത്തില്‍. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പന്ത്രണ്ടിന് സന്ദര്‍ശനം നടത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും 14ന് കോഴിക്കോട് നടക്കുന്ന ജനമഹാറാലി ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശന തീയതി മാറ്റുകയായിരുന്നുവെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ നിന്നാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. അന്ന് എറണാകുളത്ത് താമസിക്കും. 14ന് രാവിലെ തൃശൂരില്‍ മത്സ്യത്തൊഴിലാളി പാര്‍ലിമെന്റില്‍ പങ്കെടുക്കും. തുടര്‍ന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്തകുമാറിന്റെ വയനാട്ടിലെ വസതി സന്ദര്‍ശിക്കും. അവിടെ നിന്ന് പെരിയ സന്ദര്‍ശിച്ച ശേഷം വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസിന്റെ ജനമഹാറാലിയെ അഭിസംബോധന ചെയ്യും.