Connect with us

Editorial

സൈന്യത്തിൽ വിശ്വാസമുണ്ട്, എന്നാലും

Published

|

Last Updated

ബലാക്കോട്ട് ആക്രമണത്തിൽ എവിടെയാണ് ഇന്ത്യൻ സേന ബോംബ് വർഷിച്ചത്? അവിടെ എത്ര തീവ്രവാദികൾ കൊല്ലപ്പെട്ടു? വ്യക്തമായ ഉത്തരം പറയാനാകാതെ ഇരുട്ടിൽ തപ്പുകയാണ് സർക്കാറും സൈന്യവും അധികൃത കേന്ദ്രങ്ങളും. ഇന്ത്യൻ ആക്രമണത്തിൽ മുന്നൂറിനടുത്ത് തീവ്രവാദികൾ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. ഈ അവകാശവാദത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു. ബലാക്കോട്ട് ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തു വിടണമെന്നും എവിടെയാണ് ബോംബ് വർഷിച്ചത്, എത്ര പേർ കൊല്ലപ്പെട്ടുവെന്ന വിവരങ്ങൾ ലഭ്യമാക്കണമെന്നും ട്വിറ്ററിലൂടെ അവർ ആവശ്യപ്പെടുകയും ചെയ്തു.കോൺഗ്രസ് നേതാവ് പി ചിദംബരവും മമതയുടെ സംശയം ഏറ്റുപിടിച്ചു. ദേശാഭിമാനമുള്ള ഒരു പൗരനെന്ന നിലയിൽ സർക്കാർ പറയുന്നത് ഞാൻ വിശ്വസിക്കാം. എന്നാൽ സർക്കാർ അതിന്റെ വിശദമായ വിവരങ്ങളും കണക്കുകളും വെളിപ്പെടുത്തേണ്ടതുണ്ട്-ചിദംബരം പറഞ്ഞു. ഇരുവരും ഉന്നയിച്ച സന്ദേഹങ്ങൾ ഇപ്പോൾ ഇന്ത്യൻ സമൂഹത്തിന്റെ മൊത്തം സന്ദേഹമായി മാറിയിരിക്കുകയാണ്.

വിവിധ കോണുകളിൽ നിന്ന് വ്യത്യസ്ത വിശദീകരണങ്ങളാണ് ബലാക്കോട്ട് സൈനിക നടപടിയെയും അതുണ്ടാക്കിയ നാശനഷ്ടങ്ങളെയും കുറിച്ച് വന്നു കൊണ്ടിരിക്കുന്നത്. എത്ര പേർ മരിച്ചുവെന്നതല്ല, ഇന്ത്യക്ക് തിരിച്ചടിക്കാൻ സാധിക്കുമെന്ന സന്ദേശം ശത്രുവിന് നൽകാനായി എന്നതാണ് പ്രധാനമെന്നായിരുന്നു മമതാ ബാനർജിയുടെ സന്ദേഹത്തോട് പ്രതികരിക്കവെ കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ പറഞ്ഞത്. എത്ര പേർ കൊല്ലപ്പെട്ടുവെന്ന് കണക്കെടുക്കുന്നത് തങ്ങളുടെ ജോലിയല്ല, അത് സർക്കാറിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി എസ് ധനോവയുടെ പ്രതികരണം. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും ആൾനാശത്തെക്കുറിച്ച് സൂചനയില്ല. ഔദ്യോഗിക കണക്കില്ലെന്നാണ് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ പറയുന്നത്. 250 തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൂറത്തിൽ ഞായറാഴ്ച നടന്ന ബി ജെ പി റാലിയിൽ അമിത്ഷാ അവകാശപ്പെട്ടതല്ലാതെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കാൻ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണ്? അതേസമയം തീവ്രവാദ കേന്ദ്രത്തിലല്ല ഇന്ത്യ ബോംബിട്ടത്, വിജനമായ ഒരു വനത്തിലാണെന്നും അവിടെ ആരും മരിച്ചിട്ടില്ലെന്നുമാണ് പാക്കിസ്ഥാന്റെ വാദം. ഇതു സ്ഥിരീകരിക്കാനെന്നോണം ഇന്ത്യൻ ആക്രമണത്തിൽ വനം നശിക്കപ്പെട്ടതായി പാക് അധികൃതർ ഐക്യരാഷ്ട്രസഭക്ക് പരാതി നൽകിയിട്ടുമുണ്ട്. “പ്രകൃതിതീവ്രവാദം” എന്നാണ് ഇതേക്കുറിച്ച് കറാച്ചി വിശേഷിപ്പിച്ചത്.പ്രദേശ വാസികള ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതും അവിടെ ആരും കൊല്ലപ്പെട്ടതായി അറിയില്ലെന്നാണ.് റാഫേൽ വിമാനമുണ്ടായിരുന്നെങ്കിൽ തിരിച്ചടി കൂടുതൽ ശക്തമാകുമായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യയുടെ തിരിച്ചടി ശക്തമായിരുന്നില്ലെന്ന വിശകലനത്തിന് അവസരമേകുകയും ചെയ്തു.

പാക്കിസ്ഥാൻ അതിർത്തിക്കപ്പുറം 50 കി.മീറ്റർ കടന്നു ചെന്നാണ് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. മറ്റാരും അവിടേക്ക് കടന്നു ചെന്നിട്ടുമില്ല. സേനക്കാണെങ്കിൽ മരിച്ചവരുടെ എണ്ണം അറിയുകയുമില്ല. പിന്നെ 250ന്റെ കണക്ക് അമിത്ഷാക്ക് എവിടെ നിന്നു കിട്ടി? ഏതെങ്കിലും വിശ്വസനീയ കേന്ദ്രങ്ങൾ മുഖേന ലഭിച്ചതാണെങ്കിൽ എന്തുകൊണ്ട് അതു പുറത്തു വിട്ടുകൂടാ? അഭിനന്ദ് വർധമാന്റെ മോചനം സംബന്ധിച്ച അമിത്ഷായുടെ പ്രസ്താവനയും വിവാദമായിട്ടുണ്ട്. ജനീവ കൺവെൻഷൻ പ്രകാരമാണ് അഭിനന്ദനെ പാക്കിസ്ഥാൻ വിട്ടയച്ചതെന്ന് സേനാ ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതാണ്. അതേസമയം മോദിയുടെ സമ്മർദം കാരണമാണിതെന്നും ഇത് സർക്കാറിന്റെ വിജയമാണെന്നുമാണ് അമിത്ഷായുടെ അവകാശ വാദം. ഉസാമാ ബിൻ ലാദനെ വധിച്ചതായുള്ള അമേരിക്കൻ അവകാശ വാദത്തിൽ ആഗോള സമൂഹം സംശയം പ്രകടിപ്പിച്ചപ്പോൾ അത് സ്ഥിരീകരിക്കാനായി നൂറിലേറെ ഫയലുകൾ പുറത്തു വിട്ടിരുന്നു വൈറ്റ്ഹൗസ്. ബിൻ ലാദൻ കുടുംബാംഗങ്ങളോടൊപ്പം നിൽക്കുന്നതടക്കമുള്ള തെളിവുകളാണ് മരണ ശേഷം ലാദന്റെ ഒളിത്താവളത്തിൽ നിന്നു കണ്ടെടുത്തതെന്ന വിശദീകരണത്തോടെ യു എസ് പുറത്തു വിട്ടത്. സൈനിക വിജയങ്ങളെക്കുറിച്ചുള്ള ഭരണകൂടങ്ങളുടെ അവകാശവാദങ്ങളിൽ പൊതുസമൂഹം സന്ദേഹം പ്രകടിപ്പിക്കുമ്പോൾ അത് ദുരീകരിക്കേണ്ടത് ഉത്തരവാദപ്പെട്ടവരുടെ സാമാന്യമര്യാദയാണ്. ഇല്ലെങ്കിൽ സമൂഹം വ്യാജവീരവാദമായി എഴുതിത്തള്ളും.

വിദേശകാര്യ പാർലിമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലയെ വിളിച്ചു വരുത്തി ഫെബ്രുവരി 14ന്റെ പുൽവാമ ഭീകരാക്രമണം മുതലുള്ള അതിർത്തിയിലെ സ്ഥിതിഗതികളും പാക്കിസ്ഥാനുമായി സംഘർഷം മൂർച്ഛിക്കാനിടയായ സാഹചര്യവും വ്യാമാക്രമണത്തിൽ എത്രമാത്രം നാശനഷ്ടം ഉണ്ടാക്കാൻ കഴിഞ്ഞു എന്നെല്ലാമുള്ള വിവരങ്ങൾ പുറത്തു വിടണമെന്നാവശ്യപ്പെട്ടിരുന്നു. എങ്കിൽ അന്താരാഷ്ട്ര ഏജൻസികൾക്ക് ഇതിന്റെ വസ്തുനിഷ്ഠത ചോദ്യം ചെയ്യാനാകില്ല. അത് വെളിപ്പെടുത്താത്ത കാലത്തോളം അന്താരാഷ്ട്ര സമൂഹം ഇത് വിശ്വസിക്കില്ലെന്നും സമിതി ഉണർത്തുകയുണ്ടായി. എന്നിട്ടും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ മൗനം പാലിക്കുമ്പോൾ ജനങ്ങളുടെ സന്ദേഹം വർധിക്കുകയാണ്.

ഇന്ത്യൻ സേനയുടെ കരുത്തിലും മികവിലും ജനങ്ങൾക്ക് വിശ്വാസമുണ്ട്. അതേസമയം ഏതു സൈനിക നടപടികളും ചില ഘട്ടങ്ങളിൽ പാളിപ്പോകാറുണ്ട്. ബലാക്കോട്ടെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരവാദപ്പെട്ടവർ ഉരുണ്ടുകളിക്കുമ്പോൾ ഇന്ത്യൻ ജനതയും അന്താരാഷ്ട്ര സമൂഹവും ആ നിലയിലാണ് അതിനെ വിലയിരുത്തുക. ഇത് രാജ്യസ്‌നേഹത്തിന്റെ കുറവു കൊണ്ടല്ല. സത്യം അറിയാനുള്ള വാഞ്ഛയാണ്.

---- facebook comment plugin here -----

Latest