Connect with us

Kerala

സി പി എം സാധ്യതാ പട്ടികയായി; ആലപ്പുഴയിൽ ആരിഫ്; പി കരുണാകരൻ ഒഴികെ സിറ്റിംഗ് എം പിമാർ മത്സരിക്കും

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സി പി എം സ്ഥാനാർഥികളുടെ സാധ്യത പട്ടികയായി. സിറ്റിംഗ് എം പിമാരിൽ പി കരുണാകരൻ ഒഴികെ മറ്റുള്ളവർക്കെല്ലാം സീറ്റ് നൽകാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. നാളെ ചേരുന്ന സംസ്ഥാന സമിതി യോഗം അന്തിമ തീരുമാനമെടുക്കും. ഘടകകക്ഷികളുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

ജനതാദൾ (എസ്), ലോക്്താന്ത്രിക് ജനതാദൾ എന്നിവരുമായി ഇന്നലെ തന്നെ ചർച്ച നടത്തി സീറ്റ് നൽകാനാകില്ലെന്ന് സി പി എം നേതൃത്വം അറിയിച്ചു. പതിനാറ് സീറ്റിലും പാർട്ടി തന്നെ മത്സരിക്കണമെന്ന നിർദേശമാണ് സെക്രട്ടേറിയറ്റിലുണ്ടായതെങ്കിലും ഒരു സീറ്റ് എൻ സി പിക്ക് നൽകുമെന്ന് സൂചനയുണ്ട്. മഹാരാഷ്ട്രയിലെ സഖ്യ ചർച്ചയെ അടിസ്ഥാനമാക്കിയാകും ഇക്കാര്യത്തിൽ തീരുമാനം. പത്തനംതിട്ടയാണ് ഇതിനായി ഒഴിച്ചിട്ടിരിക്കുന്നത്.

എ സമ്പത്ത് (ആറ്റിങ്ങൽ), ജോയ്‌സ് ജോർജ് (ഇടുക്കി), എം ബി രാജേഷ് (പാലക്കാട്) പി കെ ബിജു (ആലത്തൂർ), പി കെ ശ്രീമതി (കണ്ണൂർ), ഇന്നസെന്റ്(ചാലക്കുടി എന്നിവർ വീണ്ടും മത്സരിക്കും. ഇന്നസെന്റിനെ എറണാകുളത്തേക്ക് മാറ്റുകയെന്ന നിർദേശം സെക്രട്ടേറിയറ്റിലും ഉയർന്നു. കെ എൻ ബാലഗോപാൽ (കൊല്ലം), എ എം ആരിഫ് (ആലപ്പുഴ), പി രാജീവ് (എറണാകുളം) സതീഷ്ചന്ദ്രൻ (കാസർകോട്), വി പി സാനു (മലപ്പുറം) എന്നിവരാണ് മറ്റു സീറ്റുകളിലേക്ക് പരിഗണിക്കുന്നവർ.

കോട്ടയം സീറ്റിലേക്ക് അപ്രതീക്ഷിതമായി സിന്ധുമോൾ ജേക്കബിന്റെ പേര് ഉയർന്നു വന്നതാണ് ശ്രദ്ധേയം. വനിതാ പ്രാതിനിധ്യത്തിനൊപ്പം ക്രൈസ്തവ സഭകളുടെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. ഉഴവൂർ പഞ്ചായത്ത് അംഗമായ സിന്ധുമോൾ ജേക്കബ് കോട്ടയത്ത് നിർണായക സ്വാധീനമുള്ള ക്‌നാനായ കത്തോലിക്ക വിഭാഗത്തിൽപ്പെട്ടയാളാണ്. ഇവർക്കൊപ്പം സുരേഷ്‌കുറുപ്പും പട്ടികയിലുണ്ട്. എ പ്രദീപ്കുമാർ, പി എ മുഹമ്മദ് റിയാസ് എന്നിവരെയാണ് കോഴിക്കോട്ടേക്ക് പരിഗണിക്കുന്നത്.
വടകരയിൽ എം വി ജയരാജന്റെ പേരിനാണ് മുൻതൂക്കം. വി ശിവദാസ്, പി സതീദേവി എന്നീ പേരുകളുമുണ്ട്. പൊന്നാനിയിൽ പൊതുസ്വതന്ത്രൻ മത്സരിക്കും. നിലമ്പൂർ എം എൽ എ. പി വി അൻവറിന്റെ പേരിനാണ് മുൻതൂക്കം. നിയാസ് പുളിക്കലകത്തിനെ നേരത്തെ നിർദേശിച്ചിരുന്നെങ്കിലും സി പി ഐ സഹയാത്രികൻ എന്നത് തടസ്സമായി.

ഘടകകക്ഷികളെല്ലാം സീറ്റ് ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നത് അന്തിമതീരുമാനമെടുക്കുന്നതിൽ നിന്ന് സി പി എമ്മിനെ പിന്നോട്ട് വലിക്കുന്നുണ്ട്. ഇന്നലെ ലോക്്താന്ത്രിക് നേതാക്കളായ എം വി ശ്രേയാംസ്‌കുമാർ, ഷേക്ക് പി ഹാരിസ് എന്നിവരുമായി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തി.
ലോക്‌സഭയിലേക്ക് സീറ്റ് നൽകാൻ കഴിയില്ലെന്നും നിയമസഭയിലേക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാമെന്നുമാണ് നൽകിയ ഉറപ്പ്. ജനതാദൾ എസിനെയും ഇക്കാര്യം അറിയിച്ചു. ഓരോ തിരഞ്ഞെടുപ്പിലും ഒരു കക്ഷിക്ക് മാറി മാറി സീറ്റ് നൽകുകയെന്ന പരീക്ഷണവും സി പി എമ്മിന്റെ മനസ്സിലുണ്ട്. കർഷക സമരങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായി മാറിയ മഹാരാഷ്ട്രയിൽ ജയിക്കാവുന്ന ഒരു സീറ്റ് സി പി എമ്മിന് നൽകാൻ എൻ സി പി സന്നദ്ധമാകുമെന്നാണ് സൂചന. പകരം കേരളത്തിൽ ഒരു സീറ്റ് ആണ് എൻ സി പി ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര സർക്കാറിനെ മുൾമുനയിൽ നിർത്തിയ രണ്ട് കർഷക സമരങ്ങൾക്കും നേതൃത്വം നൽകിയത് സി പി എം നിയന്ത്രണത്തിലുള്ള അഖിലേന്ത്യ കിസാൻ സഭയാണ്. ഈ പോരാട്ടം തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാൻ സി പി എം – എൻ സി പി സഖ്യം സഹായിക്കുമെന്ന വിലയിരുത്തൽ ഇരുപാർട്ടികൾക്കുമുണ്ട്. ഈ ചർച്ചകൾ വിജയം കണ്ടാൽ ഇവിടെ ഒരു സീറ്റ് എൻ സി പിക്ക് നൽകിയേക്കും.
പത്തനംതിട്ടയിൽ സി പി എം തന്നെ മത്സരിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ റാന്നി എം എൽ എ. രാജു എബ്രഹാമിനെ സ്ഥാനാർഥിയാക്കും.

---- facebook comment plugin here -----

Latest