ബാബരി: കോടതി തീരുമാനം ഇന്ന്

Posted on: March 6, 2019 9:00 am | Last updated: March 6, 2019 at 12:08 pm

ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി തീരുമാനം ഇന്ന്. മധ്യസ്ഥത തന്നെ വേണോ അതല്ല കോടതിയിൽ വാദവും പ്രതിവാദവും നടത്തി കേസ് തീർപ്പാക്കണമോ എന്നത് സംബന്ധിച്ച കാര്യം കോടതി ഇന്ന് വിധിയിൽ വ്യക്തമാക്കും. നേരത്തെ മധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിക്കാൻ ചെറിയ ശതമാനം സാധ്യതയാണെങ്കിൽ പോലും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

മധ്യസ്ഥതയാണെങ്കിൽ സിവിൽ കേസുകൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധ്യത തേടാൻ നിർദേശിക്കുന്ന വകുപ്പ് 89 പ്രകാരമാണ് ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് വിധി പുറപ്പെടുവിക്കുക.
കോടതിയുടെ നിരീക്ഷണത്തിലൊരു ചർച്ചയാവാമെന്നാണ് കേസ് പരിഗണിക്കുന്ന ബഞ്ചിന്റെ നിർദേശം.