ഭാര്യയെ ഉപേക്ഷിച്ചു കടന്നുകളയുന്ന പ്രവാസികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിലക്കണം: ഉവൈസി

Posted on: March 5, 2019 10:59 pm | Last updated: March 6, 2019 at 9:33 am

ഹൈദരാബാദ്: ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു പോലെ ഇത്തരക്കാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിലക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) പ്രസിഡന്റും എം പിയുമായ അസദുദ്ദീന്‍ ഉവൈസി. ട്വിറ്ററിലായിരുന്നു ഉവൈസിയുടെ പ്രതികരണം.

പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ട് മാത്രമായില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഭരണഘടനാ പദവികള്‍ വഹിക്കുന്നതില്‍ നിന്നും അവരെ വിലക്കണം- ഉവൈസി പറഞ്ഞു.

ഭാര്യമാരെ ഉപേക്ഷിച്ചു പോയ 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് കേന്ദ്ര വനിതാ-ശിശു വികസന വകുപ്പു മന്ത്രി മേനകാ ഗാന്ധിയാണ് പ്രഖ്യാപിച്ചത്. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വനിതാ-ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ഈ തീരുമാനമെടുത്തത്.