Connect with us

National

എ എ പിയുമായി സഖ്യത്തിനില്ലെന്ന കോണ്‍ഗ്രസ് നിലപാട് ബി ജെ പിയെ സഹായിക്കാന്‍: കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന കോണ്‍ഗ്രസ് നിലപാട് ബി ജെ പിയെ സഹായിക്കാനാണെന്ന ആരോപണവുമായി എ എ പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററില്‍ നല്‍കിയ കുറിപ്പിലാണ് കെജ്‌രിവാള്‍ ഇക്കാര്യം തുറന്നടിച്ചത്. എ എ പിയുമായി സഖ്യത്തിന് താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് വ്യക്തമാക്കിയിരുന്നു. ഇത് പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അംഗീകരിച്ചു. ഇതോടെയാണ് കെജ്‌രിവാള്‍ കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിനെ തൂത്തെറിയാന്‍ രാജ്യം മുഴുവന്‍ ആഗ്രഹിക്കുമ്പോള്‍ ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി ജെ പിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് ബി ജെ പിയുമായി രഹസ്യ ധാരണയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സഖ്യത്തിനെതിരെ എ എ പി പോരാടും. ജനം അവരെ തകര്‍ക്കുകയും ചെയ്യും- കെജ് രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് ലോക്്‌സഭാ മണ്ഡലങ്ങളില്‍ ആറെണ്ണത്തിലേക്ക് എ എ പി നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് സമീപിച്ചാല്‍ രണ്ട് സീറ്റുകളെങ്കിലും വിട്ടുനല്‍കാന്‍ എ എ പി തയാറുമായിരുന്നു.