Connect with us

Gulf

അബൂദബി പ്രസിഡന്‍ഷ്യല്‍ പാലസ് മാര്‍ച്ച് 11 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും

Published

|

Last Updated

അബൂദബി : യു എ ഇ പ്രസിഡന്‍ഷ്യല്‍ പാലസ് മാര്‍ച്ച് 11 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ് യാന്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യു എ ഇയുടെ സംസ്‌കാരത്തെ കുറിച്ചുള്ള അറിവ് പ്രോത്സാഹിപ്പിക്കുന്നതിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദാണ് കൊട്ടാരം തുറന്നുകൊടുക്കാന്‍ തീരുമാനി ച്ചതെന്നും മുഹമ്മദ് ബിന്‍ സായിദ് അറിയിച്ചു. ഔദ്യോഗിക യോഗങ്ങള്‍ നടക്കുന്ന ഹാളുകളിലേക്കും ഖസ് ര്‍ അല്‍ വതന്‍ ലൈബ്രറിയിലേക്കും സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം. പുസ് തകങ്ങളുടെ വന്‍ സമാഹാരമാണ് ലൈബ്രറിയിലുള്ളത് . വൈകുന്നേരം കൊട്ടാര മുഖപ്പിന് കൂടുതല്‍ വശ്യത നല്‍കുന്ന ലൈറ്റ് സൗണ്ട് ഷോ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. യു എ ഇ ഭരണകൂട പാരമ്പര്യങ്ങളും മൂല്യങ്ങളും ആഴത്തില്‍ മനസ്സിലാക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും.

യുഎഇ കാബിനറ്റിന്റെയും ഫെഡറല്‍ സുപ്രീം കൗണ്‍സിലിന്റെയും ഔദ്യോഗിക യോഗം നടക്കുന്ന സ്ഥലമാണ് പ്രസിഡന്‍ഷ്യല്‍ പാലസ്. കൂടാതെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്ന ആഗോള നേതാക്കളും ഇവിടെയാണ് താമസിക്കുന്നത്. ആധുനിക വാസ്തുശാസ്ത്രത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് യുഎഇ പ്രസിഡന്‍ഷ്യല്‍ പാലസ്. അബുദാബിയില്‍ സ്ഥിതിചെയ്യുന്നത് കൊണ്ട് തന്നെ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് എന്നും ഈ കൊട്ടാരത്തിന് പേരുണ്ട്. യുഎഇയുടെ പ്രധാന ഭരണ സിരാകേന്ദ്രം കൂടിയാണ് പ്രസിഡന്‍ഷ്യല്‍ പാലസ്. യുഎഇ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കിരീടാവകാശി, വിവിധ വകുപ്പ് മന്ത്രിമാര്‍ തുടങ്ങിയവരുടെ ഔദ്യോഗിക ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഈ കൊട്ടാരത്തിലാണ്. യുഎഇ സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികളെ സ്വീകരിക്കുന്നതും ഈ കൊട്ടാരത്തിലേക്കാണ്. പാലസും അനുബന്ധ കെട്ടിടങ്ങളും 150 ഹെക്ടര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. 160000 സ്‌ക്വയര്‍ മീറ്ററാണ് കൊട്ടാരത്തിന്റെ വിസ്തീര്‍ണം. മന്ത്രിമാരുടെ ഓഫീസ്, പള്ളി, ഡൈനിങ്ങ് ഹാള്‍, കോമണ്‍ ഏരിയ, എന്‍ട്രന്‍സ് ഹാള്‍, മെയിന്‍ ഹാള്‍, മീഡിയ ഹാള്‍, പ്രസ് സെന്റര്‍ എന്നിവയാണ് പാലസിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ . അറേബ്യന്‍ വാസ്തുശാസ്ത്ര മാതൃകയിലാണ് കൊട്ടാരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊട്ടാരത്തിന്റെ ഇന്റീരിയര്‍ കണ്ണഞ്ചിപ്പിക്കുന്നതാണ്. ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് സമ്മേളനത്തിനായി അബുദാബിയിലെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സ്വീകരിച്ചതും പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം യുഎഇ സന്ദര്‍ശനത്തോട് കൂടിയാണ് പ്രസിഡന്‍ഷ്യല്‍ പാലസ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. നരേന്ദ്രമോദിയെ ആതിഥ്യമരുളിയതും പ്രസിഡന്‍ഷ്യല്‍ പാലസായിരുന്നു

റാശിദ് പൂമാടം

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest