ഉഷ്ണതരംഗ മുന്നറിയിപ്പ്: കോഴിക്കോട് ജില്ലയില്‍ ജോലി സമയം പുന:ക്രമീകരിച്ചു

Posted on: March 5, 2019 11:07 am | Last updated: March 5, 2019 at 1:57 pm

കോഴിക്കോട്:ജില്ലയില്‍ പ്രഖ്യാപിച്ച ഉഷ്ണ തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുവാനായി ജില്ലാ ഭരണകൂടം ഇന്ന് പ്രത്യേക യോഗം ചേരും. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ദുരന്തനിവാരണ അതോറിറ്റിയാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. മുന്നറിയിപ്പ് ജനങ്ങളില്‍ കാര്യക്ഷമമായി എത്തിയോയെന്ന കാര്യം യോഗം പരിശോധിക്കും. ഉഷ്ണ തരംഗ മുന്നറിയ്പ്പ് ഇന്ന് കൂടിയെ ഉള്ളുവെങ്കിലും തുടര്‍ ദിവസങ്ങളിലും ജാഗ്രത പാലിക്കും.

അതേ സമയം കോഴിക്കോട് കോര്‍പ്പറേഷന് കീഴിലെ ക്ലീനിംഗ് തൊഴിലാളികളുടെ ഉള്‍പ്പെടെ പുറത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടേയും ജോലി സമയം ഉച്ചക്ക് 12 വരെയായി പുതുക്കി നിശ്ചയിച്ചു.ഇത് തെറ്റിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടിയുണ്ടാകും. അടുത്ത ഒരാഴ്ചത്തേക്കാണ് ക്രമീകരണം. സ്‌കൂളുകളില്‍ അസംബ്ലികള്‍ ഒഴിവാക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് വിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും. ഇതിനായി മിന്നല്‍ പരിശോധനകളും നടത്തും.