Connect with us

National

പിഴുതെറിഞ്ഞത് തീവ്രവാദികളേയോ മരങ്ങളേയോ? ബലാക്കോട്ട് ആക്രമണത്തില്‍ പരിഹാസവുമായി സിദ്ദു

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ബലാകോട്ട് നടത്തിയ ആക്രമണത്തില്‍ തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു. ട്വിറ്ററിലൂടെയായിരുന്നു സിദ്ദുവിന്റെ പ്രതികരണം. ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യമെന്ത് ? ബലാകോട്ട് ആക്രമണം തിരഞ്ഞെടുപ്പ് ഗിമ്മിക്കാണോ? തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ ആക്രമണത്തിലൂടെ പിഴുതെറിഞ്ഞത്? സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും രാജ്യം പോലെ വിശുദ്ധമാണ് സൈന്യമെന്നും സിദ്ദു ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 250ലേറെ തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയിരുന്നു. ബാലാകോട്ടിലെ ആക്രമണത്തിന്റെ വിശദാംശങ്ങളൊന്നും സര്‍ക്കാറോ ബി ജെ പിയോ സൈന്യമോ ഇതേവരെ വെളിപ്പെടുത്തിയിട്ടില്ലെന്നിരിക്കെയാണ് അമിത് ഷായുടെ പ്രതികരണം.

ഇതിന് പിന്നാലെയാണ് സിദ്ദുവിന്റെ പ്രതികരണം. ആക്രമണത്തെ പെരുപ്പിച്ചു കാണിച്ച് രാഷ്ട്രീയപരമായ ചൂഷണത്തിന് ഉപയോഗിക്കുകയാണ് സര്‍ക്കാറും ബി ജെ പിയുമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചിരുന്നു.