ത്രികോണ മത്സരത്തിനൊരുങ്ങി ഡൽഹി

Posted on: March 4, 2019 7:20 pm | Last updated: March 4, 2019 at 7:20 pm

രാജ്യത്തെ മധ്യവർഗം ചിന്തിക്കുന്നതാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് ചർച്ചകൾ. അതുകൊണ്ടു തന്നെ ഡൽഹിയിൽ രാജ്യത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് വിഷയമാണ്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, സ്വകാര്യ കമ്പനികളിലെ ജോലിക്കാർ, തൊഴിൽ തേടി നഗരത്തിലേക്ക് കുടിയേറിയവർ തുടങ്ങിയ ഇന്ത്യൻ മധ്യവർഗത്തെ പ്രതിനിധാനം ചെയ്യുന്ന വലിയൊരു വിഭാഗമാണ് ഡൽഹിയുടെ ജനവിധി നിർണയിക്കുന്നതിലെ പ്രധാന ഘടകം. പൂർണ സംസ്ഥാന പദവിയില്ലാത്ത, ഏഴ് ലോക്‌സഭാ സീറ്റുകൾ മാത്രമുള്ള ഡൽഹിയിലെ മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിക്കുമ്പോൾ ഇക്കാര്യം കൃത്യമായി ബോധ്യപ്പെടും. ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് വലിയ വിജയം സമ്മാനിക്കുന്ന രീതിയിലാണ് ഡൽഹിയിലെ എല്ലാ തിരഞ്ഞെടുപ്പ് ഫലങ്ങളും പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റിലും ബി ജെ പിയാണ് വിജയിച്ചത്. 2009ലെ തിരഞ്ഞെടുപ്പിൽ ഏഴിടത്തും കോൺഗ്രസായിരുന്നു. 2004ൽ സൗത്ത് ഡൽഹി മണ്ഡലം ഒഴികെ ആറിടത്തും കോൺഗ്രസ് വിജയിച്ചു. മറ്റ് തിരഞ്ഞെടുപ്പുകളുടെ ഫലവും വ്യത്യസ്തമല്ല.
ബി ജെ പി വിരുദ്ധ സഖ്യത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി ക്ഷണിച്ചെങ്കിലും കോൺഗ്രസ് നിരസിക്കുകയായിരുന്നു. ഇതോടെ ഡൽഹിയിൽ ത്രികോണ മത്സരം ഉറപ്പായി. കഴിഞ്ഞ ദിവസം എ എ പി ആറിടങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണങ്ങൾക്ക് തുടക്കമിട്ടു. ബി ജെ പിയും കോൺഗ്രസും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും.
കോൺഗ്രസിനെതിരെയുള്ള അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി 2012ലാണ് സംസ്ഥാനത്ത് എ എ പി രൂപം കൊള്ളുന്നത്. 2013ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പി രണ്ടാമത്തെ വലിയ കക്ഷിയാകുകയും കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപവത്കരിക്കുകയും ചെയ്തു. എന്നാൽ, ലോക്പാൽ ബില്ലിലുടക്കി സർക്കാർ വീണു. പിന്നീട് 2015ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഴുപതിൽ 67 സീറ്റും നേടി അരവിന്ദ് കെജ്‌രിവാൾ ചുഴലിക്കാറ്റായി തിരിച്ചുവന്നു. ശേഷിച്ച മൂന്ന് സീറ്റ് നേടിയ ബി ജെ പി ആശ്വസം വിജയം കരസ്ഥമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ നിന്നേ മാഞ്ഞു.
നാല് വർഷത്തെ എ എ പി ഭരണം സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ മാറ്റങ്ങളുണ്ടാക്കിയെന്നാണ് പൊതു വിലയിരുത്തൽ. എ എ പി നടപ്പാക്കിയ പദ്ധതികളെല്ലാം തന്നെ ജനങ്ങൾക്ക് നേരിട്ട് അനുഭവിക്കാൻ കഴിയുന്നവയാണ്. അതുകൊണ്ട് തന്നെ എ എ പി മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. റേഷൻ അടക്കമുള്ള അവശ്യ സേവനങ്ങൾ നേരിട്ട് വീടുകളിൽ എത്തിക്കുന്ന പദ്ധതി, വെള്ളം, വൈദ്യുതി എന്നിവയുടെ വാടക പകുതിയാക്കി കുറച്ചതും ചേരികൾ നിയമവിധേയമാക്കി അവിടങ്ങളിൽ വൈദ്യുതി എത്തിച്ചതും എ എ പിയുടെ നേട്ടമായി വിലയിരുത്തുന്നു. അധികാര തർക്കത്തിന്റെ പേരിൽ കെജ്‌രിവാളും ലഫ്. ഗവർണറും തമ്മിലുണ്ടായ പ്രശ്‌നങ്ങളും എ എ പിക്ക് പൊതുസ്വീകാര്യത ലഭിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇടപെടലാണ് പദ്ധതികൾക്ക് ഡൽഹി ലഫ്. ഗവർണർ അംഗീകാരം നൽകാതിരിക്കുന്നതെന്നായിരുന്നു എ എ പി പ്രചാരണം. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി വേണമെന്ന ആവശ്യവും തിരഞ്ഞെടുപ്പിൽ എ എ പി ഉന്നയിക്കുന്നുണ്ട്.
കർഷക പശ്‌നം മുതൽ ഇന്ത്യ- പാക് സംഘർഷം വരെ ഡൽഹിയിലെ തിരഞ്ഞെടുപ്പ് ചർച്ചയാകും. റാഫേൽ അടക്കമുള്ള വിഷയങ്ങളിൽ ഡൽഹിയിൽ പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ തയ്യാറെടുത്തുവരുന്നതിനിടെയാണ് പുൽവാമ ഭീകരാക്രമണം സംഭവിച്ചതും ചർച്ച ആ വഴിയെ നീങ്ങുകയും ചെയ്തത്.
എ എ പിയെ പോലെ തന്നെ ബി ജെ പിയും കോൺഗ്രസും തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലേതിനേക്കാൾ നില മെച്ചപ്പെടുത്താനായിട്ടുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം നടന്ന രണ്ട് നിയമസഭാ ഉപതിരഞ്ഞടുപ്പിലും കോൺഗ്രസ് നില മെച്ചപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ പുതിയ പ്രതിച്ഛായയിലൂടെ കോൺഗ്രസ് പ്രതീക്ഷിക്കുന്ന മുന്നേറ്റം ഡൽഹിയിലും സാധ്യമാകുമെന്ന് പാർട്ടി വിലയിരുത്തുന്നു. മുൻ മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്താണ് ഇപ്പോൾ സംസ്ഥാനത്ത് കോൺഗ്രസിനെ നയിക്കുന്നത്. മുൻ കേന്ദ്ര മന്ത്രിയായിരുന്ന അജയ് മാക്കൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഷീലാ ദീക്ഷിത്ത് വീണ്ടും പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയത്.
മതവും ജാതിയും പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നില്ലെങ്കിലും ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും പാർട്ടിയുടെ നേതൃത്വത്തിൽ തുല്യപ്രാധാന്യം നൽകാനും കോൺഗ്രസ് ശ്രദ്ധിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ നിന്ന് ഓരോരുത്തരെ വീതം മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരായും പാർട്ടി നിയോഗിച്ചിട്ടുണ്ട്. അതേസമയം, ബി ജെ പി മോദി ഇമേജ് ഉയർത്തിക്കാണിച്ച് പ്രാചാരണം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. രജൗറി ഗാർഡനിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിച്ചത് മോദിയുടെയും കേന്ദ്രത്തിന്റെയും വിജയമായാണ് ബി ജെ പി ആഘോഷിക്കുന്നത്. നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായ മനോജ് തിവാരിയാണ് ബി ജെ പിയുടെ ഡൽഹി ഘടകം പ്രസിഡന്റ്.