Connect with us

Gulf

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തിപ്പെടും; ഒ ഐ സി സമ്മേളനം അടിത്തറ പാകി

Published

|

Last Updated

ദുബൈ: അബുദാബിയില്‍ ഇസ്ലാമിക സഹകരണ സംഘടനയുടെ (ഒ ഐ സി) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ അതിഥി രാജ്യമായി ഇന്ത്യ പങ്കെടുത്തത് വഴി, ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ വിശിഷ്ടമായ ബന്ധമാണ് ഉരുത്തിരിയുന്നത്. ആഗോള ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇരു കൂട്ടര്‍ക്കും പരസ്പരം വിശ്വസിക്കാനും യോജിച്ചു പ്രവര്‍ത്തിക്കാനും അരങ്ങൊരുങ്ങുകയാണ്. മാത്രമല്ല, ഒ ഐ സി സ്ഥിരാംഗം എന്ന നിലയില്‍ പാകിസ്ഥാനും ഇതിനോട് സഹകരിക്കാതെ വയ്യ. അതുകൊണ്ട് തന്നെ, കശ്മീര്‍ പ്രശ്‌നത്തില്‍ പോലും സമവായം സാധ്യമാകുന്ന അവസ്ഥ സംജാതമാവുകയാണ്. ഒ ഐ സി അതിനു മുന്‍കൈ എടുക്കും. കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയെന്ന നിലപാടാണ് ഒ ഐ സി യിലെ ഭൂരിപക്ഷം രാജ്യങ്ങള്‍ക്കുമുള്ളത്. ഇത് ഇന്ത്യക്കു ഗുണകരമാവുകയും ചെയ്യും. ആകെക്കൂടിയുള്ള പ്രശ്നം കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ ഇന്ത്യന്‍ സുരക്ഷാ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ മാത്രം.

കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും പോലീസും മനുഷ്യത്വ രഹിതമായി പെരുമാറുന്നു എന്ന പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കശ്മീര്‍ പ്രശ്‌നത്തില്‍ ഒ ഐ സി അപ്പാടെ ഇന്ത്യക്കെതിരെ ആണെന്നല്ല. ഇതിനര്‍ഥം യാഥാര്‍ഥ്യ ബോധത്തോടെ കശ്മീര്‍ വിഷയത്തെ നോക്കിക്കാണണമെന്ന ചില രാജ്യങ്ങളുടെ നിലപാടിന് തല്‍കാലം മുന്‍തൂക്കം ലഭിച്ചുവെന്നേയുള്ളൂ. അംഗ രാജ്യമായ പാകിസ്ഥാനെ പിണക്കി,ഇന്ത്യയെ അതിഥി രാജ്യമാക്കിയത് മേഖലയില്‍ ദീര്‍ഘ കാലത്തേക്ക് സമാധാനം കൊണ്ടുവരാന്‍ തന്നെ. പാകിസ്ഥാനില്‍ ഇന്ത്യന്‍ പൈലറ്റ് അകപ്പെട്ടപ്പോള്‍ യു എ ഇ സായുധ സേനാ ഉപ മേധാവിയും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ വിളിച്ചിരുന്നു. പൈലറ്റിനെ ഇന്ത്യക്കു ഉടന്‍ വിട്ടുനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും എല്ലാ നിലയിലും സൗഹൃദത്തില്‍ എത്തണമെന്ന് ഒ ഐ സി അതിയായി ആഗ്രഹിക്കുന്നു.

ഗള്‍ഫു രാജ്യങ്ങളുടെ രാഷ്ട്രീയ പ്രതിസന്ധി പരിഹാരത്തിനും അത് ആവശ്യമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇന്ത്യക്കും പാകിസ്ഥാനും പൊതുവായുള്ള ഭീഷണിയാണ് ഭീകരത. ഭരണകൂടങ്ങള്‍ ഒന്നിച്ചാല്‍ മാത്രമേ ഭീകരതയുടെ വേരറുക്കാന്‍ പറ്റുകയുള്ളൂ. ഒ ഐ സി യുടെ 46-ാം സമ്മേളനം ഏറെയും ചര്‍ച്ച ചെയ്തത് പലസ്തീന്‍ പ്രശ്‌നമാണെങ്കിലും ഭീകരതക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്ന വികാരം സമ്മേളനത്തില്‍ നിറഞ്ഞുനിന്നു. ഇന്ത്യയെ പങ്കെടുപ്പിച്ചത് തന്നെ ഭീകരതയ്‌ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യ നിരക്കു ബലം ലഭിക്കാനാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അവസരത്തിനൊത്ത് ഉയര്‍ന്നു. ഭീകരതക്ക് മതമില്ലെന്നു അവര്‍ വ്യക്തമാക്കി. അധികാരത്തിനു വേണ്ടി മതങ്ങളെ ചിലര്‍ ഉപയോഗപ്പെടുത്തുന്നതാണ് ആഗോള ഭീകരതക്ക് അടിസ്ഥാനം. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഭരണകൂടങ്ങള്‍ സ്വീകരിക്കരുത്. ഇത്, സംഘപരിവാരത്തിലെ ചില സംഘടനകള്‍ക്കും കേന്ദ്ര ഭരണകൂടത്തിനും ബാധകമാണ് എന്ന വിശകലനം കൂടി ഉണ്ടായി. സുഷമ സ്വരാജ് ഒരു പടികൂടി കടന്ന് ഇങ്ങനെ പറഞ്ഞു: ഇസ്ലാം എന്നാല്‍ സമാധാനമാണ്. അല്ലാഹുവിന്റെ 99 അപരനാമങ്ങളില്‍ ഒന്നില്‍ പോലും ആക്രമണമെന്ന പര്യായമില്ല. ഇന്ത്യ -പാക് അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യത്തില്‍ അബുദാബിയില്‍ സുഷമ സ്വരാജിന്റെ സാന്നിധ്യം സമ്മേളനത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തു.

ഇന്ത്യയില്‍ ഇസ്ലാം മത വിശ്വാസികള്‍ 18 കോടി വരും. സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിക്കാന്‍ ഇതും കാരണമാണ്. ഭീകരതക്കെതിരെ ലോകത്തെ ഇസ്ലാം മത വിശ്വാസികളെയെല്ലാം അണിനിരത്തുക എന്ന വലിയ ദൗത്യമാണ് ഒ ഐ സി ഏറ്റെടുത്തിരിക്കുന്നത്. സൈനിക, രഹസ്വാന്വേഷണ, നയതന്ത്ര നീക്കങ്ങളിലൂടെ മാത്രം ഭീകരതയെ തുരത്താന്‍ കഴില്ലെന്ന് സുഷമ സ്വരാജ് അടിവരയിട്ടു. എല്ലാ മുസ്ലിംകളും ഒ ഐ സി ക്കു ആവശ്യമായ പിന്തുണ നല്കണമെന്ന് സഊദി വിദേശകാര്യ സഹ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ അഭ്യര്‍ത്ഥിച്ചു. സിറിയ, ഇറാഖ്, യമന്‍, പലസ്തീന്‍ എന്നിവടങ്ങളില്‍ അനേകം മനുഷ്യര്‍ കൊല്ലപ്പെടുകയും അഭയാര്‍ത്ഥികളാവുകയും ചെയ്തു. ഇതിന് അന്ത്യമുണ്ടാകണം. ഭീകരതക്കെതിരെ രാജ്യാന്തര സഹകരണം അനിവാര്യം. സമ്മേളനത്തില്‍ നിന്ന് വിദേശകാര്യ മന്ത്രി വിട്ടു നില്‍ക്കുക വഴി പാകിസ്ഥാന് നയതന്ത്ര പരാജയം നേരിട്ടു. ഇന്ത്യ കുറേക്കൂടി ഇസ്ലാമിക രാജ്യങ്ങളുമായി അടുത്തു. ഭാവിയില്‍ ഈ ബന്ധം വാണിജ്യ വ്യാവസായിക സാംസ്‌കാരിക മേഖലകളിലേക്കും വളരും. 56 രാജ്യങ്ങളില്‍ നിന്നാണ് ഒ ഐ സിക്കു പ്രതിനിധികള്‍ എത്തിയത്. സംഘടനയുടെ 50 ആം വാര്‍ഷികം കൂടിയാണ്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest