Connect with us

Kasargod

ചെമ്പിരിക്ക ഖാളി വധം: പ്രക്ഷോഭ സമ്മേളനം മാറ്റിവച്ചത് എന്തിന്?

Published

|

Last Updated

സിഎം അബ്ദുള്ള മൗലവി

ചേളാരി വിഭാഗം സമസ്‌ത നേതാവും പണ്ഡിതനുമായിരുന്ന ചെമ്പരിക്ക ഖാളി സി എം അബ്ദുല്ല മൗലവിയുടെ മരണം നടന്നിട്ട് ഒമ്പത് വര്ഷം പൂർത്തിയായിരിക്കുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമാണെന്നുമാണ് അന്ന് മുതൽ അദ്ദേഹത്തിന്റെ മക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്വേഷണ ഏജൻസികളുടെ ആത്‍മഹത്യ നിഗമനം അവർ തള്ളിക്കളയുന്നു.

അദ്ദേഹത്തിന്റെ നാട്ടുകാരും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു കരുതുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ശക്തമായ ഒരു പ്രക്ഷോഭത്തിന്‌ അദ്ദേഹത്തിന്റെ പ്രസ്‌ഥാനം രംഗത്തിറങ്ങാത്തത് എന്ന ചോദ്യം ഏറെക്കാലമായി അണികൾ തന്നെ ഉന്നയിക്കുന്നുണ്ടായിരുന്നു. ആ മുറുമുറുപ്പുകൾ ശക്തമായ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് ചേളാരി വിഭാഗം സമസ്‌ത പ്രക്ഷോഭ സമ്മേളനം പ്രഖ്യാപിച്ചത്. ആദരണീയരായ ജിഫ്‌രി തങ്ങളും ആലിക്കുട്ടിമുസ്‌ലിയാരും ഉൾപ്പടെ പ്രമുഖ നേതാക്കൾ തന്നെ അതിന്റെ പ്രചാരണവുമായി രംഗത്തുവന്നു.

ചേളാരിവിഭാഗം സമസ്‌ത ജനറൽ സെക്രട്ടറി സുപ്രഭാതം പത്രത്തിൽ എഴുതിയ ലേഖനത്തിന്റെ ആദ്യഭാഗത്ത് ഇങ്ങനെ വായിക്കാം:
“സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സീനിയര്‍ വൈസ് പ്രസിഡന്റും കാസര്‍ക്കോട്- മംഗലാപുരം പ്രദേശങ്ങളിലെ നിരവധി മഹല്ലുകളില്‍ ഖാസിയും ഗോളശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതിനിടയില്‍ ആ കൊലപാതകവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും കോളിളക്കങ്ങളും ഉയരുകയുണ്ടായി.
സാഹചര്യത്തെളിവുകള്‍ കൊണ്ടും ഖാസിയുടെ ജീവിതം വിലയിരുത്തിയും ഇതൊരു കൊലപാതകമാണെന്ന് ഖാസിയുടെ കുടുംബക്കാരും നാട്ടുകാരും സമസ്ത നേതാക്കളും പതിനായിരക്കണക്കിനു പ്രവര്‍ത്തകരും അദ്ദേഹത്തെ അടുത്തറിയാവുന്ന സര്‍വരും ഉറച്ചു വിശ്വസിക്കുമ്പോള്‍ കേസിന്റെ ഗതി തിരിച്ചുവിട്ട് ഇതിനെ ആത്മഹത്യയാക്കി മാറ്റാനും അത് വഴി കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുക്കിക്കൊടുക്കാനും ചില ദുശ്ശക്തികള്‍ തുടക്കം മുതല്‍ തന്നെ ശ്രമിച്ചിരുന്നുവെന്നത് ഒരു വസ്തുതയാണ്.”

ബഹുമാന്യനായ ആലിക്കുട്ടി മുസ്‌ലിയാർ അർത്ഥശങ്കക്കിടമില്ലാതെ പറയുന്നത് ഇതാണ്:
1.ചെമ്പരിക്ക ഖാസിയുടേത് കൊലപാതകമാണ് എന്ന് സമസ്‌ത ഉറച്ചുവിശ്വസിക്കുന്നു.
2. കൊലപാതകികൾക്ക് രക്ഷപെടാൻ തുടക്കം മുതലേ ചില ദുശ്ശക്തികൾ ശ്രമിച്ചിട്ടുണ്ട്.
ആരാണ് ആ ദുശ്ശക്തികൾ? അവരെ വെളിച്ചത്തുകൊണ്ടുവരാൻ ഇത്രകാലവും ഖാസിയുടെ പ്രസ്ഥാനം എന്തുകൊണ്ട് രംഗത്തിറങ്ങിയില്ല.? അതവിടെ നില്ക്കട്ടെ. വലിയ ഒരുക്കങ്ങൾ നടത്തിയ കോഴിക്കോട്ടെ പ്രക്ഷോഭസമ്മേളനം പൊടുന്നനെ മാറ്റിവെച്ചത് എന്തിനുവേണ്ടിയാണ്? ഏത് ദുശ്ശക്തിയുടെ സമ്മർദമാണ്‌ അതിനുപിറകിൽ?

ചേളാരിവിഭാഗം യുവനേതാവിന്റേതായി വന്ന വിശദീകരണത്തിൽ ഈ സമ്മേളനം മാറ്റിവെച്ചതിന് രണ്ടുകാരണങ്ങളാണ് പറയുന്നത്.
1. ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ സമസ്‌ത നേതാക്കളെ കണ്ട് കുറ്റവാളികളെ പിടികൂടുമെന്ന് ഉറപ്പു നൽകി.
സത്യമെന്താണ്? ഖാസിയുടേത് കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് പോലും കേരള പൊലീസ് എത്തിച്ചേർന്നിട്ടില്ല. ആ നിലക്ക് കുറ്റവാളികളെ പിടികൂടുമെന്ന് അവർ ഉറപ്പുനൽകി എന്നൊക്കെ തള്ളുന്നത് എത്രമേൽ അപഹാസ്യമാണ് എന്നെങ്കിലും ആലോചിക്കണ്ടേ യുവനേതാവേ.
2. അന്ന് കോഴിക്കോട്ട് മറ്റൊരു വിഭാഗത്തിന്റെ പരിപാടി നടക്കുന്നത് കൊണ്ടാണ്..
അങ്ങനെയെങ്കിൽ പരിപാടി പാടെ മാറ്റിവെക്കുകയാണോ വേണ്ടത്? സ്ഥലം പോലും കണ്ടെത്താതെ പ്രക്ഷോഭം പ്രഖ്യാപിക്കുകയാണോ ഉത്തവാദപ്പെട്ട ഒരു പ്രസ്ഥാനം ചെയ്യേണ്ടത്. അതുമാത്രമോ?

ചേളാരി വിഭാഗത്തിന്റേതുൾപ്പടെ ധാരാളം പൊതുപരിപാടികൾ നടക്കാറുള്ള അരയിടത്തുപാലം ഗ്രൗണ്ട് ഈ ദിവസങ്ങളിൽ ഒരു പരിപാടിയുമില്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
അപ്പോൾ യഥാർത്ഥ കാരണം മറ്റെന്തോ ആണ്. ഖാസിയുടെ മരണത്തിലെ ദുരൂഹത പോലെ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ നിലപാടും ദുരൂഹമാണ്. ചേളാരിവിഭാഗം എന്താണ് ഒളിച്ചുവെക്കുന്നത് എന്ന കാര്യമാണ് ആദ്യം അന്വേഷിക്കേണ്ടത്. എങ്കിൽ ഖാസിയുടെ മരണത്തിലേക്കുള്ള വാതിൽ തുറന്നുകിട്ടിയേക്കും. സത്യം പുലരും വരെ പോരാട്ടം എന്നൊക്കെ എഴുതിയിട്ട് പാതിവഴിയിൽ ഇട്ടേച്ചുപോകുന്ന പരിപാടി ഒരിസ്‌ലാമിക പണ്ഡിതസഭക്ക് ചേർന്ന നടപടിയാണോ എന്ന ആത്മവിമർശത്തിലൂടെ കടന്നുപോകാൻ അവരിലെ തലമുതിർന്ന നേതാക്കൾക്കെങ്കിലും കഴിയേണ്ടതാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: