വിദേശ സഞ്ചാരികള്‍ക്ക് ഇനി എളുപ്പത്തില്‍ സഊദി സന്ദര്‍ശിക്കാം; ഇലക്ട്രോണിക് സന്ദര്‍ശക വിസ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

Posted on: March 4, 2019 1:00 pm | Last updated: March 4, 2019 at 2:12 pm

റിയാദ്: വിദേശ സഞ്ചാരികള്‍ക്ക് ഇലക്ട്രോണിക് സന്ദര്‍ശക വിസ അനുവദിക്കുന്നതിന് സഊദി മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ വിനോദ, കായിക പരിപാടികളിലും മറ്റും പങ്കെടുക്കുന്നതിന് വിദേശീയര്‍ക്ക് എളുപ്പത്തില്‍ സഊദിയിലെത്താന്‍ സാധിക്കും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യ പൂര്‍ണമാക്കുന്നതിന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികളുടെ ഭാഗമായാണിത്.

അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം നടപടികള്‍ സ്വീകരിക്കാന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഭരണകൂടം കഴിഞ്ഞാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
വിദേശീയരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തി വരികയാണ് സഊദി. ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയിലെ ചരിത്രപ്രധാനമായ പ്രദേശങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും മറ്റും സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ല്‍ വ്യക്തമാക്കിയിട്ടുണ്ട്.