സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുത്ത് സഖ്യം വേണ്ട

Posted on: March 4, 2019 11:35 am | Last updated: March 4, 2019 at 11:39 am

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കോൺഗ്രസിന് സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുത്ത് സഖ്യം വേണ്ടന്ന് സി പി എം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം. സഖ്യവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാട് കടുപ്പിച്ചിരിക്കെ സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കേണ്ടെന്നാണ് ഇന്നലെ ചേർന്ന സി പി എം കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായമുയർന്നത്. ബംഗാളിൽ ഏത് തരത്തിലാകണം നീക്ക് പോക്ക് എന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ കരടിനും യോഗം അംഗീകാരം നൽകും.
കോൺഗ്രസുമായി ബംഗാളിൽ നീക്ക് പോക്ക് പോരെന്നും മുന്നണി സംവിധാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിടണമെന്നുമാണ് സി പി എം ബംഗാൾ ഘടകത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ കോൺഗ്രസുമായി പ്രാഥമിക ചർച്ചകളും നടത്തി. എന്നാൽ സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

ആകെയുള്ള 42 സീറ്റിൽ 22 സീറ്റ് തങ്ങൾക്ക് വേണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. കോൺഗ്രസിന് സ്വാധീനമുള്ള 18 സീറ്റും നിലവിലെ നാല് സിറ്റിംഗ് സീറ്റും ഉൾപ്പെടെയാണ് 22 സീറ്റ്. എന്നാൽ കഴിഞ്ഞ തവണ സി പി എം ജയിച്ച റായ്ഗഞ്ച്, മൂർഷാദാബാദ് എന്നീ മണ്ഡലങ്ങൾ ഉൾപ്പെടെയാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നതാണ് സി പി എമ്മിനെ കുഴക്കുന്നത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിൽ സി പി എം വിജയിച്ചെങ്കിലും ഈ രണ്ട് സീറ്റുകളും തങ്ങളുടെ സ്വാധീന മേഖലയാണെന്നും അതിനാൽ ഈ സീറ്റുകൾ വിട്ടുനൽകാനാകില്ലെന്നുമാണ് കോൺഗ്രസ് നിലപാട്.

എന്നാൽ ഇക്കാര്യത്തിൽ സി പി എം നിലപാട് വ്യക്തമാക്കാൻ വൈകിയാൽ 42 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസിന്റെ അന്ത്യശാസന. അതേസമയം കേന്ദ്ര കമ്മിറ്റി യോഗം അവസാനിക്കും വരെ കാത്തിരിക്കാനായിരുന്നു സി പി എമ്മിന്റെ അഭ്യർഥന.
അതുകൊണ്ട് തന്നെ ഇന്ന് അവസാനിക്കുന്ന കേന്ദ്ര കമ്മിറ്റി ഏറെ നിർണായകമാണ്.