Connect with us

Articles

ഞാനും എന്റെ ബറുവമാരും

Published

|

Last Updated

“ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര” – അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ദേവ് കാന്ത് ബറുവ ഉയർത്തിയ മുദ്രാവാക്യമാണിത്. 1971ൽ ബംഗ്ലാദേശിന്റെ പിറവിയോടെ അവസാനിച്ച യുദ്ധത്തിൽ പാക്കിസ്ഥാനെ അടിയറവ് പറയിപ്പിച്ചതിന്റെ തിളക്കം, യുദ്ധത്തടവുകാരായി പിടികൂടിയ ഒരു ലക്ഷത്തോളം പാക് പട്ടാളക്കാരെ വിട്ടയക്കണമെങ്കിൽ മുജീബ് ഉർ റഹ്മാനെ സുരക്ഷിതനായി ധാക്കയിലെത്തിക്കണമെന്ന നിബന്ധന പാക്കിസ്ഥാൻ ഭരണകൂടത്തെക്കൊണ്ട് അംഗീകരിപ്പിക്കാൻ സാധിച്ചത്, രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിനിടയിൽ ഉണ്ടാക്കിയ വലിയ പ്രതിച്ഛായ, ബാങ്ക് ദേശസാത്കരണത്തിലൂടെ സോഷ്യലിസത്തിന്റെ പാതയിലേക്ക് എന്ന ധാരണ സൃഷ്ടിച്ചത് തൊഴിലാളികൾക്കിടയിലുണ്ടാക്കിയ അനുകൂല വികാരം, പ്രിവി പഴ്‌സ് നിർത്തലാക്കിക്കൊണ്ട് രാജഭരണത്തിന്റെ ശേഷിക്കുന്ന അവകാശങ്ങൾ ഇല്ലാതാക്കി അസമത്വം ഇല്ലാതാക്കുന്നതിൽ പ്രതിജ്ഞാബദ്ധയാണെന്ന പ്രതീതി സൃഷ്ടിച്ചപ്പോൾ ലഭിച്ച കൈയടി അങ്ങനെ പലതുണ്ടായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന നേതാവിൽ ഏകാധിപതിയെന്ന ചിന്ത ഉറപ്പിക്കുന്നതിൽ. സ്വച്ഛാധിപതിയെന്ന ചിന്ത അവരുടെ മനസ്സിൽ വളരുമ്പോൾ കൽപാന്തകാലത്തോളം ഇന്ത്യൻ യൂണിയനിൽ ഇനി മറ്റൊരു നേതാവില്ലെന്ന സ്തുതിപാഠം കൂടിയായപ്പോഴാണ് വളരുന്ന പ്രതിപക്ഷത്തെ ഇല്ലാതാക്കാനും എതിർപ്പുകളെ നിശ്ശബ്ദമാക്കാനും ലക്ഷ്യമിട്ട് 1975ൽ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നാവടക്കി പണിയെടുക്കാൻ നിർദേശിച്ച, തീവണ്ടികൾ സമയക്ലിപ്തത പാലിച്ച, ചേരികൾ ഇല്ലാതാക്കിക്കൊണ്ട് നഗരങ്ങൾക്ക് സൗന്ദര്യമുണ്ടാക്കിയ അക്കാലം ഇന്ദിരയോടേൽക്കാൻ കരുത്തില്ലാതിരുന്ന കോൺഗ്രസ് നേതാക്കളെ സംബന്ധിച്ച് സുവർണ കാലമായിരുന്നു. അവർ ഇന്ദിരാ സ്തുതി ഇടവിടാതെ ചൊല്ലി. അതിന്റെ ഉച്ചസ്ഥായിയിലാണ് ദേവ് കാന്ത് ബറുവ “ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര” എന്ന് പ്രഖ്യാപിക്കുന്നത്. ഏകാധിപത്യവാഴ്ചക്കിടയിലും ഇന്ദിര, അൽപ്പം ഔചിത്യം കാണിച്ചു, “ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര” എന്ന് സ്വയം പ്രഖ്യാപിച്ചില്ല. ദേവ് കാന്ത് ബറുവ പ്രഖ്യാപിച്ചതിന് ശേഷം പല യോഗങ്ങളിലും താൻ തന്നെയാണ് രാജ്യമെന്ന ധ്വനി വരും വിധത്തിൽ അവർ പ്രസംഗിച്ചിട്ടുണ്ടെങ്കിലും.

തെരഞ്ഞെടുപ്പിൽ വലിയ വിജയമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ വിശ്വസിച്ച് 1977ൽ അടിയന്തരാവസ്ഥ പിൻവലിക്കാൻ ഇന്ദിരാ ഗാന്ധി തയ്യാറായി. തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയും ഇന്ദിരയെ തോൽപ്പിച്ചും ഇന്ത്യൻ യൂണിയനിലെ ജനം ഏകാധിപത്യവാഴ്ചയ്ക്കും അടിയന്തരാവസ്ഥയിലെ ക്രൂരതകൾക്കും തിരിച്ചടി നൽകി. അത്രത്തോളം പഴക്കമുള്ള പുരാണമല്ല ഇത്. “മോദിയാണ് ഇന്ത്യ, ഇന്ത്യയാണ് മോദി” എന്ന മട്ടിലൊരു മുദ്രാവാക്യത്തിന്റെ പണി ആലയിൽ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിലാണ് ദേവ് കാന്ത് ബറുവയെ ഓർത്തുപോയത്. നേതാവിന്റെ പകിട്ടിൽ കണ്ണുമഞ്ഞളിച്ച്, ഇനിയങ്ങോട്ട് ഈ നേതാവല്ലാതെ മറ്റാരുമില്ലെന്ന് ധരിച്ച്, ആ ആവേശത്തിൽ ഇതുതന്നെ രാജ്യമെന്ന് പറഞ്ഞുപോകുന്ന ദേവ് കാന്ത് ബറുവ. അത്തരം ബറുവമാരുടെ വിവരക്കേടിന്റെയും വിധേയത്വത്തിന്റെയും ഫലമായിക്കൂടിയാണ് ഇന്ദിരയെന്ന ഏകാധിപതിയുണ്ടായത്.
പുതിയ കാലത്ത് ബറുവമാരുടെ രൂപവും ഭാവവും മാറിയിരിക്കുന്നു. വിവരക്കേടിന്റെയും വിധേയത്വത്തിന്റെയും കാര്യത്തിൽ പഴയ ബറുവമാരോട് മത്സരിക്കുമെങ്കിലും. തന്നെ വിമർശിക്കുന്നതിലൂടെ ശത്രുക്കളെ സഹായിക്കുകയാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നേരിട്ട് പറയുകയാണ്. മോദിയോടുള്ള വെറുപ്പ് മൂലം രാജ്യത്തെ ഒറ്റുകൊടുക്കാൻ മടിക്കാത്തവരായി പ്രതിപക്ഷം മാറിയെന്ന് അദ്ദേഹം തന്നെ കുറ്റപ്പെടുത്തുന്നു. ബറുവമാർ ഇനിപ്പറയും വിധത്തിൽ വാദിക്കണം – നരേന്ദ്ര മോദിയെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമാണ്, മോദിയെ കുറ്റപ്പെടുത്തുന്നത് രാജ്യത്തെ കുറ്റപ്പെടുത്തലാണ്, രാജ്യത്തെ കുറ്റപ്പെടുത്തൽ എന്നാൽ രാജ്യ ദ്രോഹമാണ്, മോദിയെ കുറ്റപ്പെടുത്തുന്നത് രാജ്യത്തെ കുറ്റപ്പെടുത്തലാകയാൽ, മോദിയെ കുറ്റപ്പെടുത്തുന്നത് രാജ്യദ്രോഹമാണ്. അതായത് മോദിയും രാജ്യവും ഇപ്പോൾ തുല്യമാണ്. മോദിയാണ് രാജ്യം. “മോദിയാണ് ഇന്ത്യ, ഇന്ത്യയാണ് മോദി”.
അതിരുകവിഞ്ഞ നേതൃഭക്തിയും വിധേയത്വവുമുണ്ടായിരുന്ന ദേവ് കാന്ത് ബറുവ, അത്തരത്തിലൊരു മുദ്രാവാക്യമുയർത്തിയതിന് ശേഷമെ അതിനെ ശരിവെക്കും വിധത്തിലുള്ള ചില പരാമർശങ്ങൾ ഇന്ദിരാ ഗാന്ധി നടത്തിയിരുന്നുള്ളൂ. ഇവിടെ അത്തരമൊരു മുദ്രാവാക്യത്തിലേക്ക് നയിക്കാൻ പാകത്തിൽ “ബറുവ”മാർക്ക് സന്ദേശം നൽകുകയാണ് നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി. പുൽവാമയിലെ ചാവേർ ആക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലെ ബലാക്കോട്ടിൽ വ്യോമാക്രമണം നടത്തി ജയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രം തകർത്തുവെന്ന അവകാശവാദത്തിന്റെ ബലത്തിലാണ് ഈ മുദ്രാവാക്യ നിർമിതി. ആക്രമണം ലക്ഷ്യം കണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. ബലാക്കോട്ടിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വായിച്ച ഔദ്യോഗിക വാർത്താക്കുറിപ്പിൽ നിരവധി ഭീകരരെ വധിച്ചുവെന്നാണ് അവകാശപ്പെട്ടത്. ഇതേ ചോദ്യം സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് നേടി, എത്രപേരെ വധിച്ചുവെന്നതൊക്കെ പറയാൻ പാകമായിട്ടില്ലെന്നായിരുന്നു മറുപടി. ഇന്ത്യൻ മണ്ണിൽ ആക്രമണം നടത്തുന്നവർ എവിടെ ഒളിച്ചിരുന്നാലും ആക്രമിക്കാൻ മടിക്കില്ലെന്ന സന്ദേശം ജെയ്‌ഷെ മുഹമ്മദിനും അക്രമികളെ പിന്തുണക്കുന്ന പണി തുടർന്നാൽ അതിർത്തിക്കപ്പുറത്ത് മുറിവുകളുണ്ടാകുമെന്ന സന്ദേശം പാക്കിസ്ഥാനും നൽകാനായെന്നും അതാണ് വലിയ നേട്ടമെന്നും പറയാനുള്ള രാഷ്ട്രതന്ത്രജ്ഞത ഭരണ നേതൃത്വത്തിന് ഇല്ലാതെപോയി. അതുകൊണ്ടാണ് നിരവധി മരണമെന്ന് വിദേശകാര്യ സെക്രട്ടറിയും കൊല്ലപ്പെട്ടവരുടെ എണ്ണം പറയാൻ പാകമായില്ലെന്ന് സേനാ ഉദ്യോഗസ്ഥരും പറയേണ്ടിവന്നത്.

നമ്മൾ ഇരുട്ടിൽ ആക്രമണം നടത്തി, നിരവധി ഭീകരരുടെ ജീവനെടുത്തുവെന്ന് അവകാശപ്പെട്ടു. അവർ വെളിച്ചത്ത് ആക്രമണം നടത്തി, അതിർത്തികടന്ന് ആക്രമിക്കാൻ ഞങ്ങൾക്കും സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് അവകാശപ്പെട്ടു. രണ്ട് രാജ്യങ്ങളിലും നേതൃത്വം വിമർശിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ വ്യോമസേന അതിരുകടന്നെത്തുന്നത് അറിയാതെ പോയതിലെ വീഴ്ച, അതിർത്തി കടന്ന് ആക്രമിച്ചതിന് ഉചിതമായ മറുപടി നൽകുന്നതിൽ പരാജയപ്പെട്ടെന്ന കുറ്റപ്പെടുത്തൽ, പാക് അധീന കശ്മീരിൽ സമ്മാനം പോലെ കിട്ടിയ ഇന്ത്യൻ പൈലറ്റിനെ എത്രയും വേഗം തിരികെ ഏൽപ്പിച്ച് മാന്യത കാട്ടിയത് മണ്ടത്തരമായെന്ന വിമർശം ഒക്കെയുണ്ട് ജനാധിപത്യം ഇപ്പോഴും പേരിൽ മാത്രമുള്ള പാക്കിസ്ഥാനിൽ. അതിർത്തിയിൽ നിന്ന് പിടികൂടിയ ഇന്ത്യൻ പൈലറ്റിനെ ഉടൻ കൈമാറണമെന്നാവശ്യപ്പെട്ട് പ്രകടനവും നടന്നു അവിടെ.
അതിലും ഒരുപടി മേലെയാകണം, സ്വതന്ത്രമായതിന് ശേഷം ഒരിക്കൽ മാത്രം ജനാധിപത്യത്തിൽ നിന്ന് വഴുതിപ്പോയ, ശിഷ്ടകാലം മുഴുവൻ ജനാധിപത്യം പൂത്തുലഞ്ഞു നിന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ യൂണിയനിൽ. ഏതുവിധത്തിലുള്ള ജനാധിപത്യമെന്നാൽ സെൻസർഷിപ്പ് ഏർപ്പെടുത്തിയും പ്രതിപക്ഷ നേതാക്കളെ മുഴുവൻ ജയിലിൽ അടച്ചും ഭരണത്തിനെതിരെ ശബ്ദമുയർന്നാൽ ആഭ്യന്തര സുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്യുമെന്ന് വ്യവസ്ഥപ്പെടുത്തിയും മുന്നേറിയ ഏകാധിപതിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ജനാധിപത്യം. അത്തരമൊന്നിൽ കൂടുതൽ ചോദ്യങ്ങളുയരും. പുൽവാമയിലെ ചാവേർ ആക്രമണത്തിൽ ജയ്‌ഷെ മുഹമ്മദിനുള്ള പങ്ക് സംബന്ധിച്ച തെളിവ് പാക്കിസ്ഥാനും രാജ്യങ്ങളുടെ സംഘടനകൾക്കും കൈമാറിയ ശേഷമാണോ അതിർത്തികടന്ന് ആക്രമിക്കാൻ തീരുമാനിച്ചത് എന്ന് ചോദിക്കുന്നവരുണ്ടാകാം. അതിർത്തികടന്ന് നടത്തുന്ന ഇത്തരം ആക്രമണങ്ങളിലൂടെ ഭീകരവാദം ഇല്ലാതാക്കാൻ സാധിക്കുമോ എന്ന് ചോദിക്കുന്നവരുണ്ടാകാം. ഉറിയ്ക്കു ശേഷമുള്ള സർജിക്കൽ സ്‌ട്രൈക്ക് എന്ത് ഫലമാണുണ്ടാക്കിയത് എന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. ഇടയ്ക്കിടയ്ക്ക് ഇത്തരം ആക്രമണം നടത്തി പിൻവാങ്ങാതെ സകലതും തകർക്കാൻ പാകത്തിലൊരു സൈനിക നടപടിയല്ലേ വേണ്ടത് എന്ന് ചോദിക്കുന്നവരുണ്ടാകാം. പുൽവാമയിലെ ചാവേർ ആക്രമണത്തിന് ഇങ്ങനെയെങ്കിലുമൊരു മറുപടി നൽകേണ്ടതല്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. അങ്ങനെ പല വിധം ചോദ്യങ്ങൾ ഒരു ജനാധിപത്യ സംവിധാനത്തിൽ ഉയരും. ഇതിനൊക്കെ ഉത്തരം നൽകാൻ ബാധ്യസ്ഥരാണ് അതിർത്തി കടന്ന് ആക്രമിക്കാൻ തീരുമാനമെടുത്ത ഭരണ നേതൃത്വം. ഉത്തരം നൽകേണ്ട ബാധ്യതയില്ലെന്ന് കരുതുന്ന ഭരണ നേതൃത്വവും അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാരവും തങ്ങൾക്ക് ഹിതകരമല്ലാത്ത ചോദ്യങ്ങളൊക്കെ രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നു.
പുൽവാമയിലെ ചാവേർ ആക്രമണത്തിന് തിരിച്ചടി നൽകി, ബലാക്കോട്ടിൽ ആക്രമണം നടത്തിയ സൈനികരെ പ്രതിപക്ഷവും ഭരണപക്ഷവും രാജ്യവും അഭിനന്ദിച്ചു. ആക്രമണം നടത്തിയെന്നതിന് തെളിവ് എവിടെ എന്ന് ആരും അന്ന് ചോദിച്ചില്ല. പക്ഷേ, ആക്രമണം നടന്ന അന്ന് വൈകുന്നേരം രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രഖ്യാപിച്ച് 2014ൽ നൽകിയ പിന്തുണ ഇനിയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ അഭ്യർഥിച്ചു. ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമല്ലേ എന്ന് ചോദിച്ചാൽ, രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയല്ലേ അതിർത്തി കടന്ന് ആക്രമണം നടത്തിയത് എന്ന് ചോദിച്ചാൽ, യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് സർക്കാർ നേരിടുന്ന ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമമല്ലേ എന്ന് ചോദിച്ചാൽ അതൊക്കെ രാജ്യദ്രോഹമാകും.
സൈന്യം നടത്തിയ ആക്രമണത്തിന് ശേഷം, രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് നരേന്ദ്ര മോദി പ്രഖ്യാപിക്കുമ്പോഴാണ് അങ്ങനെ അവകാശപ്പെടാൻ പാകത്തിൽ എന്താണ് ബലാക്കോട്ടിൽ സൈന്യം ചെയ്തത് എന്ന ചോദ്യമുയരുന്നത്? അവിടെയൊന്നും സംഭവിച്ചിട്ടില്ല ഏതാനും പൈൻമരങ്ങൾ കത്തിപ്പോയതേയുള്ളൂവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചിലതെങ്കിലും പരിഹസിക്കുമ്പോഴാണ് സൈന്യം പ്രയോഗിച്ച ലക്ഷ്യവേധിയായ ബോംബിന്റെ ആഘാതത്തിൽ ഇല്ലാതായ ഭീകരരുടെ എണ്ണമെത്ര എന്ന ചോദ്യമുയരുന്നത്. അത് രാജ്യത്തെ അവഹേളിക്കാനല്ല, ആക്രമണമെന്ന പ്രഹസനം നടത്തി, അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവ് രാജ്യത്തിന്റെ കരുത്ത് കുറച്ചുകാട്ടിയോ എന്ന് അറിയാനുള്ള പൗരന്റെ അവകാശത്തിന്റെ പ്രയോഗമാണ്.

അത്തരം അവകാശങ്ങളെയൊക്കെ ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച് ഇല്ലാതാക്കിയതിന്റെ പിറകെയാണ് “ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര” എന്ന അശ്ലീല മുദ്രാവാക്യം ഇവിടെയുയർന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ അത്തരമൊരു മുദ്രാവാക്യത്തിന്റെ നിർമിതിയ്ക്ക് നേതാവു നേരിട്ട് മുൻകൈ എടുക്കുമ്പോൾ, ആ മുദ്രാവാക്യത്തിലടങ്ങിയ ആശയത്തെ നോട്ടം കൊണ്ട് പോലും എതിർക്കുന്നത് രാജ്യദ്രോഹമാകും. രാജ്യ സ്‌നേഹത്തെയും രാജ്യ ദ്രോഹത്തെയും മറയാക്കി സൃഷ്ടിക്കുന്ന ഭീതിയുടെ തുണയിലേ ഇക്കുറി അധികാരത്തുടർച്ചയുണ്ടാകൂ എന്ന് തിട്ടം. അതാണ് നോട്ടവും.

രാജീവ് ശങ്കരൻ

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്