ഥാറിലെ മണല്‍ക്കൂനകള്‍ക്കിടയില്‍

ഥാറിലേക്ക് നോക്കിയപ്പോള്‍, ഹാ... കണ്ണഞ്ചിപ്പോയി. മുകളില്‍ പുഞ്ചിരി തൂകുന്ന പൗര്‍ണമിയെ കണ്ട് ഥാര്‍ ലജ്ജാവതിയായിരിക്കുന്നു. ഇടക്കിടക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന ഈന്തപ്പനകള്‍ ഥാറിനെ അതീവ സൗന്ദര്യവതിയാക്കിട്ടുണ്ട്...
യാത്ര
Posted on: March 3, 2019 10:29 am | Last updated: March 3, 2019 at 10:29 am

ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതെന്ന ക്വിസ് മാസ്റ്ററുടെ ചോദ്യത്തിന് സഹാറ എന്ന ഉത്തരം എഴുതി കാണിച്ചപ്പോഴാണ്, രാജസ്ഥാനിലെ ഥാർ ആണെന്ന് അദ്ദേഹം തിരുത്തിയത്. ജീവിതത്തിലൊരിക്കൽ ആ മരുഭൂമിക്കടൽ കാണണമെന്ന ആഗ്രഹം പ്രൈമറിക്കാരന്റെ മനസ്സിൽ അന്നേ മൊട്ടിട്ടതായിരുന്നു. വളർച്ചക്കൊപ്പം ആഗ്രഹവും വലുതായെങ്കിലും വർഷങ്ങൾ ഒരുപാട് പിന്നിട്ടതിന് ശേഷമാണ് സഫലീകരിക്കപ്പെട്ടത്.

ജൈസൽമീറിൽ നിന്ന് ഥാറിലേക്കുള്ള യാത്ര ജീപ്പിലായിരുന്നു. മരുഭൂമിയിലൂടെ വളവും തിരിവും ഇല്ലാതെ അറ്റമില്ലാതെ കിടക്കുന്ന വിശാല റോഡിലൂടെയുള്ള ആ യാത്ര ഒട്ടും മുഷിപ്പിച്ചില്ല. റോഡിന്റെ ഇരുവശം ചേർന്നുനിൽക്കുന്ന മുൾച്ചെടികളും ഇടവിട്ട് കാണുന്ന ചെറു കൂരകളും അറ്റമില്ലാത്ത മണൽത്തിട്ടകളും യാത്രയുടെ ഉന്മേഷം വർധിപ്പിച്ചു. കനത്ത ചൂടിനെ പോലും വെല്ലുന്ന രൂപത്തിൽ നിർമിച്ച ഥാറിലെ കൂടാരങ്ങളുടെ ഭംഗി കണ്ടാൽ ആരും കയറിപ്പോകും.
ഒട്ടക സവാരിയുള്ള സ്ഥലത്ത് എത്തുമ്പോഴേക്കും സൂര്യന്റെ മടക്ക സമയമായിരുന്നു. സൂര്യകിരണങ്ങൾ തട്ടി നിൽക്കുന്ന മണൽ തിട്ടകളെ കാണാൻ ആബാലവൃദ്ധം അവിടെയുണ്ടായിരുന്നു. കാറ്റിന്റെ ഒഴുക്കിന് വിധേയമായി പല രൂപത്തിലും ഭാവത്തിലുമായിരുന്നു മണൽ തിട്ടകളുടെ കിടപ്പ്. എന്തു ഭംഗി..! ഒരു കലാകാരന്റെ വിരൽ സ്പർശമേൽക്കാതെ എങ്ങനെയാണിവ ഇത്തരമൊരു മനോഹാരിതയിലേക്ക് രൂപാന്തരപ്പെട്ടത്?

ഋത്വിക് റോഷന്റെയും മൈക്കൽ ജാക്‌സന്റെയും പുറത്തുകയറി…
മരുഭൂമിയിലെ കപ്പൽ ഞങ്ങൾക്കു മുന്നിൽ വരിവരിയായി നിൽക്കുന്നു. അനന്തതയിലേക്ക് കണ്ണിമ പായിച്ച് എന്തൊക്കെയോ ചിന്തിക്കുകയാണെന്ന തരത്തിലാണ് അവയുടെ നിൽപ്പ്. ഓരോ അവയവത്തിനും ഏറെ പ്രത്യേകതയുണ്ട്. കത്തുന്ന സൂര്യകിരണങ്ങളെ കീറിമുറിച്ച് മരുഭൂമിയിലൂടെ പോകുന്ന കാഴ്ച ആരെയും ആകർഷിക്കും. മരുഭൂമിയിലൂടെ ഒട്ടകസവാരി നടത്താൻ ഏറെ ആഗ്രഹമുണ്ടായിരുന്നു. എങ്കിലും വല്ലാത്ത ഭയം. നീണ്ട കാലുകൾ കൊണ്ടെങ്ങാനും തൊഴി കിട്ടിയാൽ.. പല്ലുകൾ കൊണ്ടൊരു കടി കിട്ടിയാൽ.. തീർന്നു കഥ.. എന്നാൽ, ചെറിയ കുട്ടികൾ വരെ അതിനെ തലോടാനും പുറത്ത് കയറി കളിക്കാനും തുടങ്ങിയപ്പോഴാണ് ഉള്ളിൽ അങ്കുരിച്ച ഭയം കുറച്ചെങ്കിലും ഉരുകാൻ തുടങ്ങിയത്. ഇത്രക്കും സിമ്പിളനാണോ ഈ ഭീമൻ.

അവറ്റകളുടെ അടുത്ത് ഉണ്ടായിരുന്ന നോട്ടക്കാരൻ എന്ന് തോന്നിപ്പിക്കുന്ന ആളോട് ഞങ്ങൾ ആവശ്യം അറിയിച്ചു. താങ്ങാൻ കഴിയാത്ത ഒരു സംഖ്യ അയാൾ പറഞ്ഞു. ഊരു ചുറ്റാൻ ഇറങ്ങിയ വിദ്യാർഥികളുടെ ഓട്ടക്കീശയിൽ എന്തുണ്ട്. കൈയിൽ പണം കുറവാണെന്നത് മുഖഭാവങ്ങളിൽ നിന്ന് അയാൾ വായിച്ചിരിക്കണം. അല്ലെങ്കിലും ജനിച്ചത് മുതൽ മരിക്കുന്നത് വരെ മനുഷ്യരെല്ലാം പലപ്പോഴും കലാകാരന്മാരാകും. അവസാനം, ഞാൻ മനസ്സിൽ കണ്ട സംഖ്യയിലേക്ക് അയാൾ വന്നു.

രണ്ട് ഒട്ടകത്തിൽ ഞങ്ങൾ നാല് പേർ. ഋത്വിക് റോഷൻ, മൈക്കൽ ജാക്‌സൺ എന്നിങ്ങനെയാണ് അവറ്റകളുടെ പേരുകൾ. കൂടണയാൻ നേരത്ത് ഞങ്ങൾ അവിടെ എത്തിയത് ഇഷ്ടപ്പെട്ടില്ല എന്നത് റോഷന്റെയും ജാക്‌സന്റെയും മുഖത്ത് എഴുതിവെച്ചിരുന്നു. സന്തോഷിച്ചിരിക്കവെ പെട്ടെന്ന് ഇരിപ്പുറപ്പിച്ച മുതുക് കുലുങ്ങി. ഉമ്മാ… ഉമ്മാ.. ഞാൻ ഒച്ചയിട്ടു. അടിവയറ്റിൽ നിന്നും പുറപ്പെട്ട കാളൽ ശരീരമാസകലം അരിച്ചുകയറി. ഭൂമികുലുക്കം പോലെ വീണ്ടും. ആദ്യം മുന്നോട്ട്. ശേഷം പിന്നോട്ട്. അതു കഴിഞ്ഞാണ് നിവർന്നെഴുന്നേറ്റത്. തൊട്ടു പിന്നിലുള്ള ഒട്ടകം എഴുന്നേറ്റപ്പോഴും സവാരിക്കാർ നിലവിളിച്ചു. അപ്പോഴാണ് മനസ്സിലായത്, എല്ലാ ഒട്ടകങ്ങളും ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും മൈക്കൽ ജാക്‌സന്റെ ചുവടുകൾ വെക്കാറുണ്ടെന്ന്. കാറ്റിന്റെ സ്‌നേഹപ്രകടനത്തിന് മുന്നിൽ ഒരു കാമുകിയെ പോലെ സുന്ദരിയായി പല തരത്തിലുള്ള മാതൃകകൾക്ക് വിധേയമായ ആ മണൽ തട്ടുകളിൽ കുളമ്പുകൾ ആഴ്ത്തി ജാക്‌സനും റോഷനും മന്ദംമന്ദം നടക്കാൻ തുടങ്ങി.
ഒരു ജേതാവിനെ പോലെ അതിന്റെ മുകളിലിരുന്ന് ചുറ്റും വീക്ഷിക്കാൻ തുടങ്ങി. മണൽ പരപ്പിലെ ചെറു കുഴികളിൽ ജാക്‌സനും റോഷനും ചാടുമ്പോൾ മുറുകെ പിടിച്ചിരിന്നു. ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. കൂടുതൽ ഇരുട്ടുന്നതിന്റെ മുമ്പേ ഞങ്ങൾ ജാക്‌സനെയും റോഷനെയും മുൻ നിർത്തി ഫോട്ടോകൾക്ക് ഫോക്കസ് ചെയ്തു. അവ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. പറഞ്ഞുറപ്പിച്ച പണം ഉടമക്കാരന് നൽകി ഒട്ടകങ്ങളെ തലോടിയും കുശലം പറഞ്ഞും ചെരുപ്പഴിച്ച് വെച്ച് മണലിൽ കുറച്ച് സമയം കൂടി ചെലവഴിച്ചു.

നിലാവിൽ കുളിച്ച മരുഭൂമി
ദൂരെ നിന്നും ഖാഫിലകൾ മടങ്ങി വരുന്നുണ്ടായിരുന്നു. വല്ലാതെ ഇരുട്ടിയാൽ തിരിച്ചുപോകാൻ വാഹനം കിട്ടില്ലെന്നതിനാൽ ഞങ്ങൾ റോഡിലേക്കിറങ്ങി. ഖാഫിലകൾക്കൊരുക്കിയ തമ്പുകളിൽ നിന്നും രാജസ്ഥാനീ സംഗീതവും ഡാൻസുമെല്ലാം ഒഴുകി. ടെന്റിൽ പോയി ഫ്രഷായി വന്നപ്പോഴേക്കും വാഹനം കാത്തുകിടക്കുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്ന് ഥാറിലേക്ക് നോക്കിയപ്പോൾ, ഹാ… കണ്ണഞ്ചിപ്പോയി. മുകളിൽ പുഞ്ചിരി തൂകുന്ന പൗർണമിയെ കണ്ട് ഥാർ ലജ്ജാവതിയായിരിക്കുന്നു. ഇടക്കിടക്ക് തല ഉയർത്തി നിൽക്കുന്ന ഈന്തപ്പനകൾ ഥാറിനെ അതീവ സൗന്ദര്യവതിയാക്കിട്ടുണ്ട്, മനസ്സ് കുളിർത്തു. ഒരുവേള വാഹനത്തിൽ നിന്നും ഥാറിലേക്ക് ഇറങ്ങി ഓടിയാലോ എന്ന് ചിന്തിച്ചു. വാഹനത്തിൽ നിന്നും കുറേ നേരം ആ കാഴ്ചയിലേക്ക് കണ്ണും നട്ടിരുന്നു. ഥാർ മരൂഭൂമിയോട് ഞങ്ങൾ വിട പറയുകയാണ്, ഒരിപിടി ഓർമകളുമായി, മധുരിക്കുന്ന നിമിഷങ്ങളുമായി. ഇനി കാണുമോ? പൗർണമിയെ നോക്കി, എത്ര ഭാഗ്യവാൻ. ഭൂമിയിലെ സകല സൗന്ദര്യവും കാണാൻ വിധിക്കപ്പെട്ടവൻ.
.